Kerala
ബോബി ചെമ്മണ്ണൂരിന് ജയിലില്‍ വഴിവിട്ട സൗകര്യം ഒരുക്കി; സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം തുടങ്ങി
ബോബിയ്ക്ക് സൗകര്യമൊരുക്കാന്‍ വേണ്ടി മാത്രം ഉന്നത ഉദ്യോഗസ്ഥന്‍ ജയിലിലെത്തിയെന്നാണ് വിവരം.
തിരുവനന്തപുരം| നടി ഹണി റോസ് നല്‍കിയ ലൈംഗികാധിക്ഷേപ പരാതിയില്‍ റിമാന്‍ഡില്‍ കഴിയുന്ന ബോബി ചെമ്മണ്ണൂരിന് ജയിലില്‍ പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിയെന്ന ആരോപണം. ഇതുമായി ബന്ധപ്പെട്ട് സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ബോബി ചെമ്മണ്ണൂരുമായി അടുപ്പമുള്ളവര്‍ ഉന്നത ഉദ്യോഗസ്ഥനൊപ്പം ജില്ലാ ജയിലിലെത്തി സന്ദര്‍ശക പട്ടികയില്‍ പേര് ചേര്‍ക്കാതെ സൂപ്രണ്ടിന്റെ മുറിയിലിരുന്ന് സംസാരിച്ചുവെന്ന് ആരോപണമുണ്ട്.
ബോബിയ്ക്ക് സൗകര്യമൊരുക്കാന്‍ വേണ്ടി മാത്രം ഈ ഉന്നത ഉദ്യോഗസ്ഥന്‍ നേരിട്ടെത്തിയെന്നാണ് വിവരം. ജയില്‍ ചട്ടം മറികടന്ന് ബോബിക്ക് ഫോണ്‍ വിളിക്കാന്‍ 200 രൂപ നേരിട്ട് നല്‍കിയെന്നും ഇത് പിന്നീട് രേഖകളില്‍ എഴുതി ചേര്‍ത്തുവെന്നുമാണ് ലഭിക്കുന്ന വിവരം.
അതേസമയം ബോബി ചെമ്മണ്ണൂരിന് ജാമ്യം അനുവദിക്കാമെന്ന് കോടതി വാക്കാല്‍ വ്യക്തമാക്കി. ഉത്തരവ് ഇന്ന് മൂന്നരയ്ക്കുണ്ടാകും. ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്റെ ബെഞ്ചാണ് ജാമ്യഹരജി പരിഗണിക്കുക. ദ്വയാര്‍ത്ഥ പ്രയോഗം ഇല്ലെന്ന് പറയാനാകില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ജാമ്യാപേക്ഷയിലൂടെയും ബോബി ചെമ്മണ്ണൂര്‍ പരാതിക്കാരിയെ അധിക്ഷേപിക്കുന്നുവെന്നും കോടതി പറഞ്ഞു.
കഴിഞ്ഞ വെള്ളിയാഴ്ച ജാമ്യഹരജി പരിഗണിച്ചപ്പോള്‍ കോടതി പോലീസിനോട് റിപ്പോര്‍ട് തേടിയിരുന്നു.അടിയന്തരമായി ജാമ്യ ഹരജി പരിഗണിക്കേണ്ട എന്ത് സാഹചര്യമാണുള്ളതെന്ന് ചോദിച്ചുകൊണ്ടാണ് കോടതി ഹരജി പരിഗണിക്കുന്നത് ഇന്നത്തേക്ക് മാറ്റിയത്.
അതേസമയം, നടി ഹണിറോസിന്റെ പരാതിയില്‍ അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഈശ്വര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യപേക്ഷയില്‍ ഹൈക്കോടതി പോലിസിന്റെ നിലപാട് തേടി. രാഹുലിന്റെ അറസ്റ്റ് കോടതി തടഞ്ഞിട്ടില്ല. ഹരജി ഫയലില്‍ സ്വീകരിച്ച കോടതി ഈ മാസം 27 ന് പരിഗണിക്കാനായി മാറ്റിയിരിക്കുകയാണ്.