Connect with us

From the print

നിർത്തിയിട്ട കാരവനിൽ രണ്ട് പേർ മരിച്ച നിലയിൽ

വാണിയമ്പലം സ്വദേശി മനോജ്, കണ്ണൂര്‍ പറശ്ശേരി സ്വദേശി ജോയല്‍ എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. എ സി യില്‍ നിന്നുള്ള വാതകചോര്‍ച്ചയാകാം മരണത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.

Published

|

Last Updated

വടകര | കരിമ്പനപ്പാലത്ത് റോഡരികില്‍ നിര്‍ത്തിയിട്ട കാരവനില്‍ രണ്ട് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ നെടുഞ്ചാല്‍ പാറശ്ശേരില്‍ ജോയല്‍ പി എ (26), വണ്ടൂര്‍ മുടപ്പിലാശ്ശേരി പരിയാരത്ത് വീട്ടില്‍ മനോജ് കുമാര്‍ (49) എന്നിവരാണ് മരിച്ചത്. മരിച്ച മനോജ് കാരവന്‍ ടൂറിസം കമ്പനിയിലെ ഡ്രൈവറാണ്. ഇതേ കമ്പനിയിലെ ജീവനക്കാരനാണ് ജോയല്‍.

കെ എല്‍ 54 പി 1060 നമ്പര്‍ വാഹനത്തില്‍ രാത്രി എട്ടരയോടെയാണ് മൃതദേഹം കണ്ടത്. ഞായര്‍ രാത്രി മുതല്‍ കാരവന്‍ കരിമ്പനപ്പാലത്ത് നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു.

ആലത്തൂരില്‍ നിന്നുള്ള ഒരു യുവതി പരിസരവാസികളില്‍ ഒരാളെ വിളിച്ച് ഒരു കാരവന്‍ പ്രദേശത്ത് നിര്‍ത്തിയിട്ടിരിക്കുന്നുണ്ടോ എന്ന് ചോദിച്ചതിന്റെ അടിസ്ഥാനത്തില്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ വാഹനം പരിശോധിച്ചപ്പോഴാണ് കാരവനിന്റെ ഡോറിനടുത്ത് ഒരാളെ മരിച്ച നിലയില്‍ കണ്ടത്. മറ്റൊരു മൃതദേഹം വാഹനത്തിന്റെ ബെര്‍ത്തിലുമാണ് കണ്ടെത്തിയത്. ഫ്രീ ലാന്റ് ഗ്രൂപ്പ് ഓഫ് ലോജിസ്റ്റിക് മലപ്പുറത്തിന്റേതാണ് കാരവന്‍. കണ്ണൂരില്‍ വിവാഹ പാര്‍ട്ടിയെ ഇറക്കി തിരിച്ചുപോവുകയായിരുന്നു കാരവന്‍. ഞായര്‍ രാത്രി ബന്ധുക്കള്‍ വിളിച്ചപ്പോള്‍ ഇവര്‍ ഭക്ഷണം കഴിക്കുന്നതായി വിവരം ഉണ്ടായിരുന്നു. പോലീസ് പരിശോധന നടത്തി. ഡോഗ് സ്‌ക്വാഡും ഫോറന്‍സിക് ഫിംഗര്‍ പ്രിന്റ് വിദഗ്ധരും പരിശോധന നടത്തുമെന്ന് സി ഐ. എന്‍ സുനില്‍ കുമാര്‍ പറഞ്ഞു.

 

Latest