Kerala
തിരുവനന്തപുരത്ത് കോളജിനുള്ളില്‍ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍; ഉടമയുടേതെന്ന് സംശയം
കടബാധ്യതയെന്ന് മന്ത്രി; ദുരൂഹത
തിരുവനന്തപുരം | നെടുമങ്ങാട്- കരകുളം എന്‍ജിനീയറിംഗ് കോളജിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി. കോളജ് ഉടമ മുഹമ്മദ് അബ്ദുള്‍ അസീസ് ത്വാഹയുടെ മൃതദേഹമാണെന്നാണ് സൂചന. 80 ശതമാനവും കത്തിയതിനാല്‍ ആളെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും കടബാധ്യതയുള്ളതായി ഉടമ തന്നോട് പറഞ്ഞിരുന്നുവെന്നും മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു.
കടബാധ്യതയെ കുറിച്ച് അസീസ് ത്വാഹ പറഞ്ഞപ്പോള്‍ കോളജ് സന്ദര്‍ശിക്കാമെന്ന് മറുപടി നല്‍കി. വയനാട് തിരഞ്ഞെടുപ്പും മറ്റ് തിരക്കുകളും കാരണം എത്താനായില്ല. സാഹചര്യം കണക്കിലെടുക്കുമ്പോള്‍ മരിച്ചത് കോളജ് ഉടമ തന്നെയാകാനാണ് സാധ്യതയെന്നും മന്ത്രി പറഞ്ഞു.
മരിച്ചത് കോളജ് ഉടമയാണെന്ന വിലയിരുത്തലില്‍ പോലീസുമെത്തി. ഡി എന്‍ എ ടെസ്റ്റ് നടത്തി സ്ഥിരീകരിക്കും. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. പെട്രോള്‍ കൊണ്ടുവന്ന ക്യാനിന്റെ അടപ്പ് മൃതദേഹത്തിനടുത്ത് നിന്ന് കണ്ടെത്തി.
ഫോണ്‍, കണ്ണട, ചെരുപ്പ് എന്നിവയും സംഭവസ്ഥലത്തുണ്ടായിരുന്നു. ഫോണ്‍ ചാരി വെച്ച് ആത്മഹത്യ ചിത്രീകരിക്കാന്‍ ശ്രമം നടത്തിയതായും കരുതുന്നു. ഫോറന്‍സിക് സംഘം സംഭവസ്ഥലത്തെത്തി പരിശോധന പൂര്‍ത്തിയാക്കി. ഡോഗ് സ്‌ക്വാഡും പരിശോധന നടത്തുന്നുണ്ട്.
നെടുമങ്ങാട്- കരകുളം എന്‍ജിനീയറിംഗ് കോളജിന്റെ പണിതീരാത്ത ഹാളിനുള്ളിലാണ് മൃതദേഹം കണ്ടത്. നെടുമങ്ങാട് പോലീസാണ് അന്വേഷണം നടത്തുന്നത്.