Kerala
തൊടുപുഴയിൽ നിന്ന് കാണാതായ ബിജു ജോസഫിന്റെ മൃതദേഹം മാലിന്യക്കുഴിയിൽ കണ്ടെത്തി
ജെസിബി- ടിപ്പർ ഉടമയും സ്ഥാപന ഉടമയും തമ്മിലുള്ള സാമ്പത്തിക തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് വിവരം.

തൊടുപുഴ | തൊടുപുഴ ടൗണിന് അടുത്തുള്ള ചുങ്കത്തു നിന്നും വ്യാഴാഴ്ച പുലർച്ചെ കാണാതായ ബിജു ജോസഫിന്റെ മൃതദേഹം കലയന്താനിയിലെ കാറ്ററിംഗ് കേന്ദ്രത്തിലെ മാലിന്യക്കുഴിയിൽ കണ്ടെത്തി.
വ്യാഴാഴ്ച പുലർച്ചെ വീടിനടുത്തുള്ള കടയിൽ ചായ കുടിക്കാൻ പോയ ബിജു തിരിച്ചു വന്നില്ല. തുടർന്ന് ഭാര്യ ഇന്നലെ തൊടുപുഴ പോലീസിൽ പരാതി നൽകി.പോലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെ എറണാകുളം കേന്ദ്രികരിച്ചുള്ള മൂന്നംഗ സംഘം പിടിയിലായി.ഇയാളെ കൊന്നു കുഴിച്ചിട്ടതായി പിടിയിലായ മൂന്ന് അംഗ സംഘം പോലീസിനോട് വെളിപ്പെടുത്തിയിരുന്നു.
തുടർന്ന് പോലീസ് സ്ഥലത്ത് നടത്തിയ തിരച്ചിലിലാണ് കാറ്ററിങ് സെന്ററിന്റെ ഗോഡൗണിലെ മാലിന്യകുഴിയിൽ കൊന്നു കുഴിച്ചിട്ട് മുകളിൽ കോൺക്രീറ്റ് ചെയ്ത നിലയിൽ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം രണ്ടു മണിയോടെയാണ് അഗ്നിരക്ഷ സേന പുറത്തെടുത്തത്.
ചുങ്കത്തു നിന്നും 10 കിലോമീറ്റർ അകലെയാണ് കലയന്താനി.ആറു ലക്ഷം രൂപക്കാണ് ഇവരെ ഒരു സ്ഥാപന ഉടമ നിയോഗിച്ചതെന്നാണ് വിവരം. ഇടുക്കി ജില്ല പോലീസ് മേധാവി ടി കെ വിഷ്ണുപ്രദീപ് അടക്കമുള്ളവർ സ്ഥലത്തെത്തി.ജെസിബി- ടിപ്പർ ഉടമയും സ്ഥാപന ഉടമയും തമ്മിലുള്ള സാമ്പത്തിക തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് വിവരം. എറണാകുളത്തെ കാപ്പ കേസ് പ്രതിയടക്കം പിടിയിൽ ആയവരിലുണ്ട്.