Kozhikode
കാണാതായ ആദിവാസി സ്ത്രീയുടെ മൃതദേഹം വനമേഖലയില്‍
സംഭവത്തിൽ ദുരൂഹത. ഭർത്താവ് ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ
താമരശ്ശേരി | 20 ദിവസം മുമ്പ് കട്ടിപ്പാറക്കടുത്ത് ആദിവാസി കോളനിയില്‍ നിന്ന് കാണാതായ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. കട്ടിപ്പാറ കാക്കണഞ്ചേരി ആദിവാസി കോളനിയിലെ രാജഗോപാലന്റെ ഭാര്യ ലീല(53)യുടെ മൃതദേഹമാണ് കട്ടിപ്പാറ അമരാട് മലയില്‍ നിന്ന് കണ്ടെത്തിയത്. ഫോറസ്റ്റ് ഉദ്യോഗസ്ഥരും പോലീസും നാട്ടുകാരുടെ സഹായത്തോടെ നടത്തിയ തിരച്ചിലിലാണ് മൃതദേഹാവശിഷ്ടം കണ്ടെത്തിയത്.
എന്നാല്‍, മൃതദേഹം ലീലയുടെതാണെന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടല്ല. കാണാതാകുമ്പോള്‍ ധരിച്ചിരുന്ന വസ്ത്രങ്ങളാണ് മൃതദേഹത്തില്‍ നിന്ന് കണ്ടെത്തിയത്. വിദഗ്ധ പരിശോധനകൾക്ക് ശേഷം മാത്രമേ മൃതദേഹം ലീലയുടെത് ആണെന്ന് സ്ഥിരീകരിക്കാൻ കഴിയൂ.
സംഭവത്തില്‍ ദുരൂഹതയുള്ളതിനാല്‍ ഭര്‍ത്താവ് ഉള്‍പ്പെടെയുള്ള നാല് പേര്‍ കസ്റ്റഡിയിലാണ്.
ലീലയെ കാണാതായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും കുടുംബം പരാതി നല്‍കിയിരുന്നില്ല. ഇതിനിടെ, ജനപ്രതിനിധയായ നിധീഷ് കല്ലുള്ളതോട് വിവരമറിയുകയും ഇതിൻ്റെ അടിസ്ഥാനത്തിൽ നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഏതാനും പേരെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവരുടെ മൊഴികളുടെ അടിസ്ഥാനത്തിലാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥരും പോലീസും ചേര്‍ന്ന് അമരാട് മലയില്‍ പരിശോധന നടത്തിയത്. ഇതിനിടെയാണ് അഴുകിയ മൃതദേഹം കണ്ടെത്തിയത്.