Kerala
ആനയിറങ്കല്‍ ജലാശയത്തില്‍ കാണാതായ രണ്ടാമന്റെയും മൃതദേഹം കണ്ടെത്തി
രാജകുമാരി പഞ്ചായത്ത് അംഗത്തിന്റെ മൃതദേഹം രാവിലെ കണ്ടെത്തിയിരുന്നു

ഇടുക്കി | ആനയിറങ്കല്‍ ജലാശയത്തില്‍ കാണാതായ രണ്ടാമത്തെയാളുടെയും മൃതദേഹം കണ്ടെത്തി. ബിജു മോളെക്കുടി (50) യുടെ മൃതദേഹമാണ് തിരച്ചലില്‍ കണ്ടെത്തിയത്. രാജകുമാരി പഞ്ചായത്ത് ആറാം വാര്‍ഡ് അംഗവും കോണ്‍ഗ്രസ്സ് നേതാവുമായ തച്ചമറ്റത്തില്‍ ജെയ്‌സന്‍ (42)ന്റെ മൃതദേഹം നേരത്തേ കണ്ടെത്തിയിരുന്നു.
ഇന്നലെ വൈകിട്ട് ആറിനാണ് ഇരുവരെയും കാണാതായത്. ഇവര്‍ മറ്റ് രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാന്‍ ആനയിറങ്കല്‍ ഡാമിന്റെ പരിസരത്തെത്തി പിന്നീട് തിരികെ പോവുകയും രണ്ട് സുഹൃത്തുക്കളെ പൂപ്പാറയില്‍ ഇറക്കി വിട്ട ശേഷം വീണ്ടും ആനയിറങ്കലിലേക്ക് പോവുകയുമായിരുന്നു. തുടര്‍ന്ന് കുളിക്കാന്‍ ഇറങ്ങിയ ഇരുവരെയും കാണാതായി.
ഇന്ന് രാവിലെ തേയില നുള്ളാന്‍ വന്ന തൊഴിലാളികളാണ് ഡാമിന്റെ സമീപത്ത് വാഹനവും മൊബൈലും ചെരുപ്പും കണ്ടത്. ഡാം സെക്യൂരിറ്റി ജീവനക്കാരെ ഇവര്‍ വിവരമറിയിച്ചു. മൂന്നാര്‍ ഫയര്‍ഫോഴ്സും തൊടുപുഴ സ്‌കൂബ ടീമും നടത്തിയ തിരച്ചിലില്‍ ഉച്ചയോടെ ജെയ്‌സന്റെയും വൈകിട്ട് ബിജുവിന്റെയും മൃതദേഹം കണ്ടെത്തുകയായിരുന്നു.