Connect with us

Kerala

തൃശൂര്‍ റെയില്‍വേ സ്‌റ്റേഷന്‍ സ്ഥലത്ത് ദുരൂഹ സാഹചര്യത്തില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് സംശയം

അന്നമനട കല്ലൂര്‍ കാഞ്ഞിരപറമ്പില്‍ മജീദിന്റെ മകന്‍ ഷംജാദി (45) ന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

Published

|

Last Updated

തൃശൂര്‍ | ദുരൂഹ സാഹചര്യത്തില്‍ റെയില്‍വേ സ്റ്റേഷന്‍ ഉടമസ്ഥതയിലുള്ള സ്ഥലത്ത് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. അന്നമനട കല്ലൂര്‍ കാഞ്ഞിരപറമ്പില്‍ മജീദിന്റെ മകന്‍ ഷംജാദി (45) ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കൊലപാതകമാണെന്ന് പോലീസ് സംശയിക്കുന്നു.

പ്രദേശത്തെ സി സി ടി വികള്‍ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷമേ കൊലപാതകമാണോ എന്ന കാര്യം സ്ഥിരീകരിക്കാനാകൂ. മൃതദേഹം പോസ്റ്റ്മാര്‍ട്ടത്തിനായി മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. വിരലടയാള വിദഗ്ധരും ഫോറന്‍സിക് ഉദ്യോഗസ്ഥരും സ്ഥലത്ത് പരിശോധന നടത്തി.

റെയില്‍വേ സ്റ്റേഷന്റെ രണ്ടാം ഗെയ്റ്റിനടുത്ത്, നടപ്പാതയോട് ചേര്‍ന്നുള്ള മതിലിനുള്ളിലായുള്ള ചെറിയ കാനയിലാണ് തലകുത്തി നില്‍ക്കുന്ന നിലയില്‍ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന്റെ നെറ്റിയിലും തലയിലും ഉള്‍പ്പെടെ ശരീരത്തിന്റെ പല ഭാഗങ്ങളിലും പരുക്കേറ്റ പാടുകളുണ്ട്. നഗ്നമാക്കപ്പെട്ട നിലയിലാണ് മൃതദേഹം കിടന്നിരുന്നത്.

മൃതദേഹം കണ്ടെത്തിയ സ്ഥലത്തിനടുത്ത് നിന്ന് ഇയാളുടേതെന്ന് കരുതുന്ന ബാഗ് കണ്ടെടുത്തിട്ടുണ്ട്. ഒരു വര്‍ഷമായി ഭാര്യയുമായി വേര്‍പിരിഞ്ഞ് കഴിയുന്ന ഇയാള്‍ സ്വന്തം വീട്ടിലേക്ക് വല്ലപ്പോഴും മാത്രമേ എത്താറുള്ളൂവെന്ന് ബന്ധുക്കള്‍ പറഞ്ഞു.