Kerala
പരിശോധനക്കയച്ച ശരീരഭാഗങ്ങള്‍ ആക്രിക്കാരൻ കവർന്നു; തിരുവനന്തപുരം മെഡി. കോളജില്‍ വന്‍ വീഴ്ച
ശരീരഭാഗങ്ങളെല്ലാം കണ്ടെടുത്ത് പോലീസ്, സുരക്ഷിതമെന്ന് ആശുപത്രി അധികൃതർ

തിരുവനന്തപുരം | തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വന്‍ സുരക്ഷാ വീഴ്ച. ശസ്ത്രക്രിയക്ക് ശേഷം രോഗ നിര്‍ണയത്തിനയച്ച ശരീരഭാഗങ്ങള്‍ (സ്‌പെസിമെന്‍) ആക്രിക്കാരന്‍ മോഷ്ടിച്ചു. പത്തോളജി വിഭാഗത്തിൽ നിന്ന് ലാബിലേക്കയച്ച 17 രോഗികളുടെ ശരീര ഭാഗങ്ങളാണ് ആക്രിക്കാരന്റെ കൈയില്‍ നിന്ന് കണ്ടെത്തിയത്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. സ്പെസിമെനുകളെല്ലാം പോലീസ് കണ്ടെടുത്തു. ഇവയെല്ലാം സുരക്ഷിതമാണെന്നും കേടുപാടില്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
ലാബിന് സമീപത്തെ കോണിപ്പടിക്കരികെ ആംബുലൻസിലെത്തിച്ച ഇന്നലെ ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയ രോഗികളുടെ സ്‌പെസിമെനുകളാണ് അപ്രത്യക്ഷമായത്. പരിശോധനക്ക് കൊണ്ടുപോയ ആംബുലന്‍സിലെ ഡ്രൈവറും കൂടെയുണ്ടായിരുന്ന ആശുപത്രി ജീവനക്കാരനും മോഷണ വിവരം ശ്രദ്ധയിൽപ്പെട്ടതോടെ പോലീസിൽ അറിയിക്കുകയായിരുന്നു. ഉടൻ തന്നെ സമീപത്തുണ്ടായിരുന്ന ആക്രിക്കാരൻ്റെ കൈവശം ഇവ പോലീസ് കണ്ടെത്തി പിടിച്ചെടുത്തു.
പിടിയിലായ ആക്രിക്കാരനെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ശരീരഭാഗങ്ങളാണെന്നറിയാതെയാണ് മോഷ്ടിച്ചതെന്നാണ് പ്രഥമിക വിവരം. സ്‌പെസിമെനുകള്‍ എങ്ങനെ ആക്രിക്കാരന് കിട്ടിയെന്നതില്‍ ദുരൂഹത തുടരുകയാണ്.