Connect with us

International

ബഹിരാകാശത്തേക്ക് കുതിച്ച് ബോയിങ്ങിന്റെ സ്റ്റാര്‍ലൈനര്‍

ബഹിരാകാശത്തേക്കുള്ള പരീക്ഷണ ദൗത്യത്തില്‍ പേടകം പറത്തുന്ന ആദ്യ വനിതയായി സുനിത വില്യംസ്.

Published

|

Last Updated

വാഷിംഗ്ടണ്‍|ഇന്ത്യന്‍ വംശജയായ ബഹിരാകാശ സഞ്ചാരി സുനിതാ വില്യംസിനെയും അമേരിക്കക്കാരനായ ബുഷ് വില്‍മോറിനെയും വഹിച്ച് ബഹിരാകാശത്തേക്ക് കുതിച്ച് ബോയിങ്ങിന്റെ സ്റ്റാര്‍ലൈനര്‍. സാങ്കേതിക തകരാറുകള്‍ കാരണം നിരവധി പ്രാവശ്യം യാത്ര മുടങ്ങിയിരുന്നു. ഇന്ത്യന്‍ സമയം രാത്രി 8.30നാണ് വിക്ഷേപണം. നാളെ രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തും. പത്തു ദിവസത്തിനുശേഷമായിരിക്കും സഞ്ചാരികള്‍ മടങ്ങിയെത്തുക.

സ്റ്റാര്‍ ലൈനര്‍ ആദ്യമായാണ് മനുഷ്യരുമായി ഒരു പരീക്ഷണ യാത്ര നടത്തുന്നത്. വാണിജ്യ ആവശ്യങ്ങള്‍ക്കായി സ്റ്റാര്‍ ലൈനര്‍ എങ്ങനെ ഉപയോഗിക്കാം എന്നതിനെ കുറിച്ചാണ് നാസയുമായി ചേര്‍ന്ന് ഈ പരീക്ഷണം നടക്കുന്നത്. 150.74 കോടി ഡോളറാണ് യാത്രയുടെ ചെലവ്. ഫ്ലോറിഡയിലെ കേപ് കനാവറല്‍ സ്പേസ് ഫോഴ്സ് സ്റ്റേഷനില്‍ നിന്നായിരുന്നു വിക്ഷേപണം. ഇതോടെ ബഹിരാകാശത്തേക്കുള്ള പരീക്ഷണ ദൗത്യത്തില്‍ പേടകം പറത്തുന്ന ആദ്യ വനിതയായി സുനിത വില്യംസ്.

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള യാത്ര തുടരുന്നതിനിടെ സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ വീണ്ടും ഹീലിയം ചോര്‍ച്ച കണ്ടെത്തിയിരുന്നു. എന്നാല്‍ രണ്ട് ഹീലിയം വാള്‍വുകള്‍ പൂട്ടി പ്രശ്‌നം തല്‍ക്കാലം പരിഹരിച്ചെന്ന് നാസ അറിയിച്ചു. നിലവില്‍ യാത്രാപേടകം സുരക്ഷിതമാണ്. നേരത്തെയും പലതവണ ഹീലിയം ചോര്‍ച്ച കണ്ടെത്തിയതിനെ തുടര്‍ന്നും സാങ്കേതിക പ്രശ്‌നങ്ങളെ തുടര്‍ന്നും പലതവണ വിക്ഷേപണം മാറ്റിവെച്ചിരുന്നു. തുടര്‍ന്നാണ് ഇന്നലെ രാത്രി വിക്ഷേപണം നടന്നത്.

പതിനെട്ട് വര്‍ഷം മുമ്പ് 2006 ലായിരുന്നു സുനിത വില്യംസിന്റെ ആദ്യ ബഹിരാകാശയാത്ര. നാല്‍പതാം വയസ്സിലായിരുന്നു ഇത്. 2012-ല്‍ രണ്ടാമത്തെ യാത്രയും നടത്തി. ഇപ്പോള്‍ 58-ാം വയസ്സില്‍ അവരുടെ മൂന്നാമത്തെ ബഹിരാകാശ യാത്രയാണ്. രണ്ട് ബഹിരാകാശ ദൗത്യങ്ങളിലായി സുനിത വില്യംസ് ഇതുവരെ 322 ദിവസം ബഹിരാകാശത്ത് ചെലവഴിച്ചിട്ടുണ്ട്.

ഇന്ത്യക്കാരനായ ഡോ.ദീപക് പാണ്ഡ്യയുടെയും ബോണി പാണ്ഡ്യയുടെയും മകളായ സുനിത വില്യംസ് അമേരിക്കന്‍ നാവികസേനാ പരീക്ഷണ പൈലറ്റായിരുന്നു. വീണ്ടും ഒരിക്കല്‍ കൂടി ബഹിരാകാശത്ത് എത്തുന്നതിനെക്കുറിച്ച് സംസാരിച്ചപ്പോള്‍ തനിക്ക് വീട്ടിലേക്ക് മടങ്ങുന്ന തോന്നല്‍ ആണുള്ളത് എന്നാണ് സുനിത പ്രതികരിച്ചിരുന്നത്. അമേരിക്കന്‍ നേവിയിലെ മുന്‍ ക്യാപ്റ്റനാണ് ബുഷ് വില്‍മോര്‍. അദ്ദേഹം 178 ദിവസം ബഹിരാകാശത്ത് ചെലവിട്ടിട്ടുണ്ട്.

 

 

 

 

Latest