National
അലഹബാദ് യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ മുറിയില്‍ ബോംബ് നിര്‍മാണത്തിനിടെ പൊട്ടിത്തെറി; വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്
പ്രഭാത് യാദവിനെ ഗുരുതര പരിക്കുകളോടെ എസ്ആര്‍എന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പ്രയാഗ്‌രാജ്| അലഹബാദ് സര്‍വ്വകലാശാലയുടെ ഹോസ്റ്റല്‍ മുറിയില്‍ ബോംബ് പൊട്ടിത്തെറിച്ച് വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്. യൂണിവേഴ്‌സിറ്റിയിലെ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയായ പ്രഭാത് യാദവിനാണ് പരിക്കേറ്റതെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. യൂണിവേഴ്‌സിറ്റിയിലെ പിസി ബാനര്‍ജി ഹോസ്റ്റലിലാണ് സംഭവം നടന്നത്.
ബോംബ് നിര്‍മാണത്തിനിടെയാണ് പൊട്ടിത്തെറിച്ചതെന്ന് അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ രാജേഷ് കുമാര്‍ യാദവ് പറഞ്ഞു. ബുധനാഴ്ച വൈകീട്ടാണ് സംഭവം. വിദ്യാര്‍ത്ഥിയുടെ വലതു കൈക്കാണ് പരിക്കേറ്റതെന്ന് പോലീസ് അറിയിച്ചു. വിദ്യാര്‍ത്ഥി എന്തിനാണ് ബോംബ് നിര്‍മ്മിച്ചതെന്ന് വ്യക്തമല്ല. ഇക്കാര്യം പോലീസ് അന്വേഷിക്കുകയാണ്.
പ്രഭാത് യാദവിനെ ഗുരുതര പരിക്കുകളോടെ എസ്ആര്‍എന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ മറ്റൊരു വിദ്യാര്‍ത്ഥിക്കും പരിക്കേറ്റിട്ടുണ്ട്. പരിക്ക് ഗുരുതരമല്ല. പ്രഭാത് യാദവിനെതിരെ ഉടന്‍ കേസെടുക്കുമെന്ന് എസിപി അറിയിച്ചു.