Kerala
പാനൂരിലെ ബോംബ് നിര്‍മാണം മുഖ്യമന്ത്രിയുടെ അറിവോടെ; ബൂത്തുകള്‍ കൈയേറി കള്ളവോട്ട് ചെയ്യാനുള്ള ഗൂഢപദ്ധതി: എം എം ഹസന്‍
തിരഞ്ഞെടുപ്പ് പരാജയ ഭീതിയില്‍ നിന്നാണ് സി പിഎം വീണ്ടും ബോംബ് രാഷ്ട്രീയത്തിന് തുടക്കമിട്ടിരിക്കുന്നതെന്നും എം എം ഹസന്‍ ആരോപിച്ചു
തിരുവനന്തപുരം | കണ്ണൂര്‍ പാനൂരിലെ ബോംബുനിര്‍മ്മാണം മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന് കെ പി സി സി ആക്ടിങ് പ്രസിഡന്റ് എം എം ഹസന്‍. തിരഞ്ഞെടുപ്പ് പരാജയ ഭീതിയില്‍ നിന്നാണ് സി പിഎം വീണ്ടും ബോംബ് രാഷ്ട്രീയത്തിന് തുടക്കമിട്ടിരിക്കുന്നതെന്നും എം എം ഹസന്‍ ആരോപിച്ചു.. പിണറായി വിജയന്‍ സിപിഎം ജില്ലാ സെക്രട്ടറിയായിരുന്ന കാലം മുതല്‍ പാനൂര്‍, തലശ്ശേരി, കൂത്തുപറമ്പ് എന്നിവിടങ്ങളില്‍ ബോംബ് നിര്‍മാണവും സ്ഫോടനവും നടന്നിട്ടുണ്ട്.
സ്ഫോടനത്തില്‍ കൈപ്പത്തി തകര്‍ന്ന നിരവധി പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും ഇപ്പോഴും ജീവിച്ചിരിപ്പുണ്ട് ഇന്നലെ പാനൂരില്‍ കൈവേലിയ്ക്കല്‍ മുളിയാത്തോട് നടന്ന ബോംബ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടതും പരുക്കേറ്റതും സിപിഎം പ്രവര്‍ത്തകരാണ്
തിരഞ്ഞെടുപ്പ് കാലത്ത് കലാപമുണ്ടാക്കി സമാധാനകാംക്ഷികളുടെ വോട്ട് മരവിപ്പിക്കുകയാണ് സിപിഎം തന്ത്രം. പാര്‍ട്ടി ഗ്രാമങ്ങളില്‍ എതിരാളികളെ ഭയചകിതരാക്കി ഓടിച്ച് ബൂത്തുകള്‍ കൈയേറി കള്ളവോട്ട് ചെയ്യാനാണ് ഗൂഢപദ്ധതിയെന്നും ഹസന്‍ പറഞ്ഞു.