National
ഡല്‍ഹിയിലെ സ്‌കൂളില്‍ ബോംബ് ഭീഷണി സന്ദേശം; റഷ്യന്‍ ഇ-മെയിലില്‍ നിന്നെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍
എല്ലാ സ്‌കൂളുകള്‍ക്കും ഒരൊറ്റ ഐ.പി അഡ്രസ്സില്‍ നിന്നാണ് ഇ-മെയില്‍ സന്ദേശം വന്നതെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍.
ന്യൂഡല്‍ഹി|കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ 100ലധികം സ്വകാര്യ സ്‌കൂളുകള്‍ക്ക് നേരെ ബോംബ് ഭീഷണി സന്ദേശം എത്തിയത് റഷ്യയില്‍ നിന്നുള്ള ഇ-മെയിലില്‍ നിന്നാണെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍. എല്ലാ സ്‌കൂളുകള്‍ക്കും ഒരൊറ്റ ഐ.പി അഡ്രസ്സില്‍ നിന്നാണ് ഇ-മെയില്‍ സന്ദേശം വന്നതെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇത്തരം ഭീഷണികള്‍ ഉണ്ടാകുമ്പോള്‍ ആളുകളെ വിശ്വസിപ്പിക്കാനായി ഭീഷണി ഉയര്‍ത്തുന്നവര്‍ ഐ.എസ്.ഐ.എസിന്റെ പേര് പറയാറുണ്ട്. അതുകൊണ്ട് അവര്‍ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പറയാന്‍ സാധിക്കില്ലെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
ഇന്നലെ പുലര്‍ച്ചെ 4.15 ഓടെ ചാണക്യപുരിയിലെ സംസ്‌കൃതി സ്‌കൂള്‍, കിഴക്കന്‍ ഡല്‍ഹിയിലെ മയൂര്‍ വിഹാറിലെ മദര്‍ മേരി സ്‌കൂള്‍, ദ്വാരകയിലെ ഡല്‍ഹി പബ്ലിക് സ്‌കൂള്‍ എന്നിവിടങ്ങളിലേക്കാണ് ആദ്യം ഭീഷണി സന്ദേശമെത്തിയത്. പിന്നാലെ അമ്പതോളം സ്‌കൂളുകള്‍ക്കും സമാനമായ മെയിലുകള്‍ ലഭിച്ചതായി വിവരം വന്നു. തുടര്‍ന്ന് സ്‌കൂളുകളില്‍ നിന്നും വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചുള്ള പരിശോധന മണിക്കൂറുകളോളം നീണ്ടു. ബോംബ് സ്‌ക്വാഡ്, അഗ്നിരക്ഷാസേന എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ സംശയാസ്പദമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. പിന്നീട് സന്ദേശം വ്യാജമാണെന്ന് പോലീസ് വ്യക്തമാക്കി. ഭീഷണി സന്ദേശത്തെ തുടര്‍ന്ന് മദര്‍ മേരി സ്‌കൂളില്‍ പരീക്ഷ പാതിവഴിയില്‍ നിര്‍ത്തിയിരുന്നു.