Connect with us

From the print

പലായനത്തിനിടെ ബോംബ് വർഷം

17 ഫലസ്തീനികൾ കൊല്ലപ്പെട്ടു

Published

|

Last Updated

ഗസ്സ | ഗസ്സാ മുനമ്പിന്റെ വടക്ക് ഭാഗത്ത് ഇസ്‌റാഈൽ പുതിയ പലായന ഉത്തരവ് പുറപ്പെടുവിച്ച ഇന്നലെ ആക്രമണത്തിൽ ഗസ്സയിലാകെ 17 പേർ കൊല്ലപ്പെടുകയും 86 പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

വടക്കൻ ഗസ്സയിൽ ജബലിയ അഭയാർഥി ക്യാമ്പിനടുത്ത് അലാമിയിൽ ഷെൽ ആക്രമണത്തിൽ നാല് പേരും മധ്യ ഗസ്സയിലെ സുവൈദയിൽ കുടിയിറക്കപ്പെട്ടവർ താമസിച്ചിരുന്ന കൂടാരങ്ങൾക്കു നേരെയുണ്ടായ ബോംബാക്രമണത്തിൽ ആറ് പേരും കൊല്ലപ്പെട്ടു. സുവൈദയിലെ ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ ആറും നാലും വയസ്സുള്ള രണ്ട് കുട്ടികളുമുണ്ട്.
റഫാ നഗരത്തിന് വടക്കായി ഖിർബത്ത് അൽ അദസിൽ ആക്രമണത്തിൽ രണ്ട് ഫലസ്തീനികൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തു. അധിനിവിഷ്ട വെസ്റ്റ്ബാങ്കിലെ ജെനിൻ നഗരത്തിന് തെക്കായി മുതൽഅത്ത് അൽ ശുഹദയിൽ ഡ്രോൺ ആക്രമണത്തിൽ രണ്ട് ഫലസ്തീനികളും കൊല്ലപ്പെട്ടു.

വടക്കൻ ഗസ്സയിലെ കമാൽ അദ്‌വാൻ ആശുപത്രിക്കു നേരെ വീണ്ടും സൈന്യം ആക്രമണം നടത്തി. നവജാത ശിശുക്കൾ അടക്കം രോഗികൾക്കും ആശുപത്രി ജീവനക്കാർക്കും പരുക്കേറ്റു. ആശുപത്രിയുടെ മുകൾ നിലയിലേക്ക് ഇസ്‌റാഈൽ സൈന്യം ബോംബെറിയുകയും നഴ്‌സുമാരും രോഗികളും പരിഭ്രാന്തരായി ഓടുകയും ചെയ്യുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. ആശുപത്രിയിലെ ശേഷിക്കുന്ന വാട്ടർ ടാങ്കുകളും സ്‌ഫോടനത്തിൽ തകർന്നുവെന്ന് ആശുപത്രി ഡയറക്ടർ ഡോ. ഹുസ്സാം അബു സഫിയ പറഞ്ഞു. ആഴ്ചകൾക്കു മുമ്പ് ഇസ്‌റാഈൽ സൈന്യം ആശുപത്രിയിലെ ഓക്‌സിജൻ പ്ലാന്റും വാട്ടർ ടാങ്കും തകർത്തിരുന്നു. വടക്കൻ ഗസ്സയിൽ അവശേഷിക്കുന്ന ഏക ആശുപത്രിയാണിത്.

Latest