Connect with us

From the print

വ്യക്തിനിയമം ഉയർത്തിപ്പിടിച്ച് ബോംബെ ഹൈക്കോടതി; മുസ്‌ലിം പുരുഷന് ഒന്നിലധികം വിവാഹങ്ങൾ രജിസ്റ്റർ ചെയ്യാം

താനെ കോർപറേഷന്റെ നടപടി നിയമവിരുദ്ധം

Published

|

Last Updated

മുംബൈ | മുസ്‌ലിം പുരുഷന് ഒന്നിലേറെ വിവാഹങ്ങൾ രജിസ്റ്റർ ചെയ്യാമെന്ന് ബോംബെ ഹൈക്കോടതി. മുസ്‌ലിം വ്യക്തിനിയമം ഒന്നിലേറെ വിവാഹങ്ങൾക്ക് അനുമതി നൽകുന്നുവെന്നതിനാൽ രജിസ്റ്റർ ചെയ്യാനും അവകാശമുണ്ടെന്നാണ് ബഞ്ച് വ്യക്തമാക്കിയത്.
മൂന്നാം ഭാര്യയുമായുള്ള വിവാഹം രജിസ്റ്റർ ചെയ്യാൻ അനുമതി തേടി താനെ സ്വദേശി സമർപ്പിച്ച ഹരജിയിലാണ് ഉത്തരവ്. ജസ്റ്റിസുമാരായ ബി പി കൊളാബവാല, സോമശേഖർ സുന്ദരേശൻ എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ചാണ് ഹരജി പരിഗണിച്ചത്.

അൾജീരിയൻ സ്വദേശിനിയുമായുള്ള മൂന്നാം വിവാഹം രജിസ്റ്റർ ചെയ്യാൻ അനുമതി തേടിയാണ് ഹരജിക്കാരൻ താനെ മുനിസിപൽ കോർപറേഷനെ സമീപിച്ചത്. മൂന്നാം വിവാഹമാണെന്ന് ചൂണ്ടിക്കാട്ടി അധികൃതർ അപേക്ഷ തള്ളുകയായിരുന്നു. ഇതിനെതിരെയാണ് ഇദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്. വിവാഹ സർട്ടിഫിക്കറ്റ് നൽകാൻ അധികൃതർക്ക് നിർദേശം നൽകണമെന്നായിരുന്നു ഹരജിക്കാരന്റെ ആവശ്യം. താനെ മുനിസിപൽ കോർപറേഷൻ രജിസ്‌ട്രേഷൻ വിഭാഗത്തോട് എത്രയും വേഗം നടപടികൾ പൂർത്തിയാക്കാൻ കോടതി നിർദേശിച്ചു.
മഹാരാഷ്ട്ര വിവാഹ ബ്യൂറോ റഗുലേഷൻ/വിവാഹ രജിസ്ട്രേഷൻ നിയമമനുസരിച്ച് ഒരു വിവാഹം മാത്രമേ രജിസ്റ്റർ ചെയ്യാനാകൂവെന്ന് ചൂണ്ടിക്കാട്ടിയാണ് കോർപറേഷൻ അധികൃതർ അപേക്ഷ തള്ളിയത്. എന്നാൽ, അധികൃതരുടെ തീരുമാനം ഒട്ടും ബോധ്യമാകുന്നതല്ലെന്നും മുസ്‌ലിം പുരുഷനെ മൂന്നാം വിവാഹം രജിസ്റ്റർ ചെയ്യുന്നതിൽ നിന്ന് തടയുന്ന ഒന്നും നിയമത്തിലില്ലെന്നും ബഞ്ച് വ്യക്തമാക്കി.

മുസ്‌ലിം വ്യക്തിനിയമം അനുസരിച്ച് ഒന്നിലേറെ വിവാഹങ്ങൾ ആകാമെന്നിരിക്കെ വിവാഹ രജിസ്ട്രേഷൻ നിയമത്തിൽ ഇക്കാര്യം പരിഗണിച്ചിട്ടില്ലെന്നും കോടതി പറഞ്ഞു. മുസ്‌ലിം വ്യക്തിനിയമത്തെ എങ്ങനെ സമീപിക്കണമെന്ന് നിയമത്തിലില്ല. ഇതേ രജിസ്‌ട്രേഷൻ വിഭാഗം തന്നെ ഹരജിക്കാരന്റെ രണ്ടാം വിവാഹം രജിസ്റ്റർ ചെയ്തിട്ടുണ്ടല്ലോ എന്നും ബഞ്ച് ചൂണ്ടിക്കാട്ടി. അപേക്ഷകർ ആവശ്യമായ രേഖകൾ ഹാജരാക്കിയിട്ടില്ലെന്ന വാദവും കോർപറേഷൻ ഉന്നയിച്ചിരുന്നു. രജിസ്‌ട്രേഷന് നിഷ്‌കർഷിച്ചിട്ടുള്ള രേഖകൾ രണ്ടാഴ്ചക്കകം ഹാജരാക്കാൻ ഹരജിക്കാരോട് ഹൈക്കോടതി ബഞ്ച് നിർദേശിച്ചു.
ഹരജിക്കാരെ വ്യക്തിപരമായ കൂടിക്കാഴ്ചക്ക് ക്ഷണിച്ച് വിവരങ്ങൾ ധരിപ്പിക്കണം. ഹരജിക്കാരന്റെ ഭാര്യയുടെ പാസ്സ്‌പോർട്ട് ഈ മെയിൽ കാലാവധി കഴിഞ്ഞിരുന്നു. ഇവർക്കെതിരെ തത്കാലം ശിക്ഷാ നടപടികൾ പാടില്ലെന്നും ബഞ്ച് നിഷ്‌കർഷിച്ചു.