സാഹിത്യം
ഗെയ്ഥെയുടെ നാട്ടിൽ ബുക്കർതിളക്കം
ജർമൻ സാഹിത്യത്തിലെ പുതുചലനങ്ങളെ അക്ഷരങ്ങളിൽ പകർത്തുന്ന ജെന്നി ഏർപെൻബെക്ക് ഇപ്പോൾ വായനയിലും എഴുത്തിലും സജീവമായി ബെർലിനിൽ മക്കളോടൊപ്പം താമസിക്കുന്നു. മാൻ ബുക്കർ പുരസ്‌കാരലബ്ധി അവരുടെ ഇനിയുള്ള അക്ഷരജീവിതത്തിനു മാത്രമല്ല, അവർ പ്രതിനിധീകരിക്കുന്ന ജർമൻ സാഹിത്യത്തിനും പുതിയ ഊർജവും ആവേശവും ആഹ്ലാദവും നൽകുമെന്നതിൽ സംശയമില്ല.
സമകാലിക ജർമൻ സാഹിത്യത്തിലെ കരുത്തുറ്റ ശബ്ദത്തിന്റെ ഉടമയായ ജെന്നി ഏർപെൻബെക്ക് ഇപ്പോൾ രാജ്യാന്തരതലത്തിൽ ശ്രദ്ധ നേടിയ എഴുത്തുകാരിയാണ്. അവരുടെ “Kairos’ എന്ന നോവലിനാണ് ഈ വർഷത്തെ ഇന്റർനാഷണൽ മാൻ ബുക്കർ പ്രൈസ് ലഭിച്ചിരിക്കുന്നത്. ജെന്നിയുടെ നാലാമത്തെ നോവലാണ് Kairos. ജർമൻ ഭാഷയിലെ ഈ രചനയെ ഹൃദ്യമായ വിവർത്തനത്തിലൂടെ ഇംഗ്ലീഷ് അക്ഷരലോകത്തേക്ക് കൊണ്ടുവന്ന മിഖായേൽ ഹോഫ് മാൻ ജർമനിയിലെ പ്രശസ്തനായ കവിയും വിവർത്തകനും ഉപന്യാസകാരനുമാണ്. പുരസ്കാരത്തുകയായ അൻപതിനായിരം പൗണ്ട് മാൻ ബുക്കറിന്റെ രീതിയനുസരിച്ച് നോവലിസ്റ്റിനും വിവർത്തകനും തുല്യമായി വീതിച്ചു നൽകുകയുണ്ടായി.
ലോകഭാഷകളിൽ പ്രസിദ്ധീകരിക്കപ്പെട്ട മികച്ച നോവലുകളുടെ ഇംഗ്ലീഷ് വിവർത്തനങ്ങൾക്ക് വർഷം തോറും നൽകിവരുന്ന മാൻ ബുക്കർ പ്രൈസ് എഴുത്തുകാർക്കൊപ്പം വിവർത്തകർക്കും തുല്യ പ്രാധാന്യം നൽകുന്ന ഒരുപക്ഷെ സാഹിത്യലോകത്തെ ഒരേയൊരു അംഗീകൃത പുരസ്കാരമായിരിക്കും.
ജർമൻ സാഹിത്യത്തിൽ തനതായ വ്യക്തിത്വം കാത്തുസൂക്ഷിക്കുന്നുണ്ടെങ്കിലും ജെന്നി ഏർപെൻബെക്ക് അന്തർദേശീയതലത്തിൽ അത്രയേറെ ശ്രദ്ധിക്കപ്പെട്ട എഴുത്തുകാരിയായിരുന്നില്ല. നൊബേൽ സമ്മാനത്തിന്റെയടക്കം ചുരുക്കപ്പട്ടികകളിൽ ഇടം നേടാറുണ്ടെങ്കിലും, അവരുടെ നോവലുകളുടെ ഇംഗ്ലീഷ് പതിപ്പുകൾ ലഭ്യമാണെങ്കിലും അവയെല്ലാം അത്ര വിപുലമായി ചർച്ച ചെയ്യപ്പെട്ടിട്ടുണ്ടോ എന്നു സംശയമാണ്. എന്നാലിപ്പോൾ ഈ പുരസ്‌കാരലബ്ധിയോടെ സ്ഥിതിഗതികൾ മാറി മറിഞ്ഞിരിക്കുന്നു. ലോകരാജ്യങ്ങളിൽ വളരെ വേഗമാണ് ഈ എഴുത്തുകാരി താരമായി മാറിയിരിക്കുന്നത്.
1967 മാർച്ച് പന്ത്രണ്ടിന് കിഴക്കൻ ബെർലിനിൽ സാഹിത്യ പാരമ്പര്യമുള്ള ഒരു കുടുംബത്തിലാണ് ജെന്നി ഏർപെൻബെക്ക് (Jenny Erpenbeck) ജനിച്ചത്. അവരുടെ അച്ഛൻ ജോൺ ഏർപെൻബെക്ക് ഭൗതികശാസ്ത്രജ്ഞനും തത്വചിന്തകനും എഴുത്തുകാരനുമായിരുന്നു. അറബി ഗ്രന്ഥങ്ങളുടെ വിവർത്തനത്തിലൂടെ പ്രശസ്തി നേടിയ വ്യക്തിയായിരുന്നു അമ്മ. ജെന്നിയുടെ മുത്തച്ഛനും മുത്തശ്ശിയും അക്ഷരങ്ങളുടെ ലോകത്ത് ശ്രദ്ധിക്കപ്പെട്ടവരായിരുന്നു. ജീവിതത്തിന്റെ ആദ്യകാലങ്ങളിൽ നാടകപ്രവർത്തനങ്ങളിൽ വ്യാപൃതയായിരുന്ന ജെന്നി അക്കാലത്ത് ഒട്ടേറെ നാടകങ്ങൾ – മിക്കവയും ഓപ്പെറകൾ – സംവിധാനം ചെയ്‌തിട്ടുണ്ട്.
1990 ൽ എഴുത്തിന്റെ ലോകത്തേക്ക് പ്രവേശിച്ചതോടെ നാടകരംഗത്തുനിന്നും മെല്ലെ പിൻവലിയുകയായിരുന്നു ജെന്നി. അവരുടെ ആദ്യ രചന The Old Child 1999 ൽ പ്രസിദ്ധീകരിച്ചു. കഥാസമാഹാരമായ Trinkets 2001 ലും Dictionary എന്ന നോവലെറ്റ് 2008 ലും പ്രസിദ്ധീകരിച്ചു. എഴുത്തുകാരിയുടെ ആദ്യനോവൽ Visitation 2010 ൽ പ്രകാശിതമായി. രണ്ടാമത്തെ നോവൽ The End of Days, 2015 ലെ ഇൻഡിപെൻഡന്റ്ഫോറിൻ ഫിക്്ഷൻ പ്രൈസ് നേടി. മൂന്നാമത്തെ നോവൽ Go, Went, Gone, 2017 ലെ ഇന്റർനാഷണൽ മാൻ ബുക്കർ പ്രൈസിന്റെ ലോങ്‌ലിസ്റ്റിൽ ഉൾപ്പെട്ടിരുന്നു. നോവലുകൾക്കു പുറമെ അനേകം കഥകളും നാടകങ്ങളും ലേഖനങ്ങളും അവർ എഴുതിയിട്ടുണ്ട്.
1988നും 1992നും ഇടയ്ക്കുള്ള കാലഘട്ടത്തിൽ കിഴക്കൻ ജർമനിയിൽ നടന്ന പ്രധാന രാഷ്ട്രീയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ ഒരസാധാരണ പ്രണയബന്ധത്തിന്റെ ഉദയത്തിന്റെയും അസ്തമയത്തിന്റെയും കഥ പറയുകയാണ് Kairos എന്ന നോവൽ. നോവലിസ്റ്റ് തന്നെ പ്രസ്താവിച്ചതുപോലെ ഇതൊരു പ്രണയകഥയും അതേസമയം രാഷ്ട്രീയ കഥയുമാണ്. ജർമൻ മതിലിന്റെ തകർച്ച അവിടുത്തെ രാഷ്ട്രീയവും സാമൂഹികവുമായ മേഖലകളിൽ സൃഷ്ടിച്ച ഉത്കണ്ഠകളും സംത്രാസങ്ങളും, ഒരു തകർന്ന പ്രണയബന്ധത്തിന്റെ ആവിഷ്കാരത്തിലൂടെ നോവലിന്റെ മുഖ്യപ്രമേയമായി മാറ്റിയെടുക്കുന്നതിൽ നോവലിസ്റ്റ് വിജയിച്ചിരിക്കുന്നു.
സ്വാതന്ത്ര്യം, വിശ്വസ്തത, സ്നേഹം, അധികാരം തുടങ്ങിയ സങ്കീർണമായ വിഷയങ്ങളെ ഗൗരവത്തോടെ സമീപിക്കുന്ന നോവൽ ഒരേസമയം വർണരഹിതവും അതോടൊപ്പം അതീവസുന്ദരവുമെന്നാണ് ഗാർഡിയൻ പത്രം വിശേഷിപ്പിക്കുന്നത്. ജർമൻ സാഹിത്യത്തിലെ പുതുചലനങ്ങളെ അക്ഷരങ്ങളിൽ പകർത്തുന്ന ജെന്നി ഏർപെൻബെക്ക് ഇപ്പോൾ വായനയിലും എഴുത്തിലും സജീവമായി ബെർലിനിൽ മക്കളോടൊപ്പം താമസിക്കുന്നു. മാൻ ബുക്കർ പുരസ്‌കാരലബ്ധി അവരുടെ ഇനിയുള്ള അക്ഷരജീവിതത്തിനു മാത്രമല്ല, അവർ പ്രതിനിധീകരിക്കുന്ന ജർമൻ സാഹിത്യത്തിനും പുതിയ ഊർജവും ആവേശവും ആഹ്ലാദവും നൽകുമെന്നതിൽ സംശയമില്ല.