Connect with us

First Gear

ബുക്കിംഗ് 20,000 പിന്നിട്ടു; മിഡ്-സൈസ് എസ് യുവി സെഗ്മെന്റിലെ താരമായി കുഷാഖ്

ആക്ടീവ്, അംബീഷന്‍, സ്റ്റൈല്‍ എന്നിങ്ങനെ മൂന്ന് വകഭേദങ്ങളിലായി ഏഴ് വേരിയന്റുകളിലാണ് കുഷാഖ് അവതരിപ്പിച്ചിരിക്കുന്നത്.

Published

|

Last Updated

ന്യൂഡല്‍ഹി| ഇന്ത്യയിലെ മിഡ്-സൈസ് എസ് യുവി സെഗ്മെന്റിലേക്ക് യൂറോപ്യന്‍ വാഹന നിര്‍മാതാക്കളായ സ്‌കോഡ അവതരിപ്പിച്ച മോഡലാണ് കുഷാഖ്. വാഹനത്തിനായുള്ള ബുക്കിംഗ് ആരംഭിച്ചതിന് ശേഷം കുഷാഖ് 20,000 യൂണിറ്റുകളാണ് ഇതുവരെ നേടിയെടുത്തിരിക്കുന്നതെന്ന് സ്‌കോഡ ഓട്ടോ ഇന്ത്യ അറിയിച്ചു. ഈ വര്‍ഷം ജൂണിലാണ് എസ് യുവി ഇന്ത്യയില്‍ വില്‍പ്പനയ്‌ക്കെത്തുന്നത്.

കുഷാഖിന് ഇത്രയും സ്വീകാര്യത ലഭിച്ചത് സ്‌കോഡയ്ക്ക് പുതിയ പ്രതിഛായ തന്നെയാണ് നല്‍കിയിരിക്കുന്നത്. എസ് യുവി ശക്തമായ ഡിമാന്‍ഡ് രേഖപ്പെടുത്തിയതോടെ കമ്പനി അടുത്ത വര്‍ഷം ആദ്യം സ്ലാവിയ കോംപാക്ട് സെഡാന്‍ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. പിന്നാലെ പുതിയ മുന്‍നിര ഓഫറായി 2022 ജനുവരിയില്‍ കൊഡിയാക് ഫെയ്സ്ലിഫ്റ്റും അവതരിപ്പിക്കും. 95 ശതമാനത്തിലധികം പ്രാദേശികവല്‍ക്കരിച്ച എംക്യുബി എഒ ഐഎന്‍ ആര്‍ക്കിടെക്ച്ചറിലാണ് സ്‌കോഡ കുഷാഖിനെ അണിയിച്ചൊരുക്കിയിരിക്കുന്നത്.

ആക്ടീവ്, അംബീഷന്‍, സ്റ്റൈല്‍ എന്നിങ്ങനെ മൂന്ന് വകഭേദങ്ങളിലായി ഏഴ് വേരിയന്റുകളിലാണ് കുഷാഖ് അവതരിപ്പിച്ചിരിക്കുന്നത്. ഇവയ്ക്ക് 10.50 ലക്ഷം മുതല്‍ 17.60 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില. ഡീസല്‍ എഞ്ചിനില്‍ നിന്നും പൂര്‍ണമായും പിന്‍മാറിയ സ്‌കോഡ ഇന്ത്യ രണ്ട് ടര്‍ബോ പെട്രോള്‍ എഞ്ചിനിലാണ് കുഷാഖിനെ വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്. മിഡ്-സൈസ് എസ് യുവിയുടെ ബേസ് വേരിയന്റുകളില്‍ 1.0 ലിറ്റര്‍, 3 സിലിണ്ടര്‍ ടിഎസ്‌ഐ യൂണിറ്റാണ് തുടിപ്പേകുന്നത്. ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് അല്ലെങ്കില്‍ ആറു സ്പീഡ് ടോര്‍ഖ് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഉപയോഗിച്ച് ജോടിയാക്കിയിരിക്കുന്ന ഈ എഞ്ചിന്‍ 115 ബിഎച്ച്പി കരുത്തില്‍ 178 എന്‍എം ടോര്‍ക്ക് ഉത്പാദിപ്പിക്കാന്‍ പ്രാപ്തമാണ്.

അതേസമയം കുഷാഖിന്റെ ടോപ്പ് എന്‍ഡ് വേരിയന്റുകളില്‍ 1.5 ലിറ്റര്‍ നാല് സിലിണ്ടര്‍ ടിഎസ്‌ഐ യൂണിറ്റാണ് ഇടംപിടിച്ചിരിക്കുന്നത്. ആറു സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 7 സ്പീഡ് ഡിഎസ്ജി ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുള്ള 1.5 ലിറ്റര്‍ ടിഎസ്‌ഐ എഞ്ചിന്‍ 150 ബിഎച്ച്പി പവറില്‍ 250 എന്‍എം ടോര്‍ക്ക് വികസിപ്പിക്കാനും ശേഷിയുള്ളതാണ്. ഇതുകൂടാതെ ഉയര്‍ന്ന ഇന്ധനക്ഷമത നല്‍കുന്നതിനായി രണ്ട് എഞ്ചിനുകളിലും ആക്ടീവ് സിലിണ്ടര്‍ ടെക്‌നോളജിയും സ്‌കോഡ പരിചയപ്പെടുത്തുന്നുണ്ട്.

സ്‌കോഡ കുഷാഖില്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് വാഗ്ദാനം ചെയ്യുന്നത് അംബീഷന്‍, സ്‌റ്റൈല്‍ എന്നീ വേരിയന്റുകളില്‍ മാത്രമാണ്. കാന്‍ഡി വൈറ്റ്, ബ്രില്യന്റ് സില്‍വര്‍, ടോറാന്‍ഡോ റെഡ് മെറ്റാലിക്, ഹണി ഓറഞ്ച് മെറ്റാലിക്, കാര്‍ബണ്‍ സ്റ്റീല്‍ മെറ്റാലിക് എന്നിങ്ങനെ അഞ്ച് കളര്‍ ഓപ്ഷനുകളില്‍ എസ് യുവി ലഭ്യമാണ്. ഇതോടൊപ്പം അടുത്ത വര്‍ഷം കുഷാഖ് എസ് യുവിയുടെ മോണ്ടെ കാര്‍ലോ പതിപ്പിനെയും ഇന്ത്യയില്‍ അവതരിപ്പിക്കാനുള്ള പദ്ധതിയും സ്‌കോഡ രൂപവല്‍ക്കരിക്കുന്നുണ്ട്. ഈ പുതിയ വകഭേദം ടോപ്പ് സ്‌റ്റൈല്‍ വേരിയന്റിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും.

 

Latest