National
ബോറിസ് ജോണ്‍സണ്‍- നരേന്ദ്ര മോദി കൂടിക്കാഴ്ച ഇന്ന്; യുക്രൈന്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ചയാകും
റഷ്യയില്‍നിന്നുള്ള എണ്ണവാങ്ങല്‍, ഇന്ത്യ-യു കെ സ്വതന്ത്ര വ്യാപാരക്കരാര്‍, പ്രതിരോധം ഉള്‍പ്പെടെയുള്ള നിര്‍ണായക കാര്യങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകും.
ന്യൂഡല്‍ഹി | ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇന്ന് ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തും. റഷ്യ-യുക്രൈന്‍ യുദ്ധം, റഷ്യയില്‍നിന്നുള്ള എണ്ണവാങ്ങല്‍, ഇന്ത്യ-യു കെ സ്വതന്ത്ര വ്യാപാരക്കരാര്‍, പ്രതിരോധം ഉള്‍പ്പെടെയുള്ള നിര്‍ണായക കാര്യങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകും.
ഇന്ത്യാ സന്ദര്‍ശനത്തിനായി വ്യാഴാഴ്ച രാവിലെയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി അഹമ്മദാബാദിലെത്തിയത്. വിമാനത്താവളത്തില്‍ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും ഗവര്‍ണര്‍ ആചാര്യ ദേവവ്രതും ചേര്‍ന്നാണ് അദ്ദേഹത്തെ സ്വീകരിച്ചത്. വിമാനത്താവളത്തില്‍ നിന്ന് നഗരത്തിലെ ഒരു ഹോട്ടല്‍ വരെയുള്ള നാല് കിലോമീറ്റര്‍ യാത്രയില്‍ അദ്ദേഹത്തിന് ഗംഭീര സ്വീകരണവും ഒരുക്കിയിരുന്നു. ഗുജറാത്തിലെത്തുന്ന ആദ്യ ബ്രിട്ടീഷ് പ്രധാനമന്ത്രിയാണ് ബോറിസ് ജോണ്‍സണ്‍.
വ്യാഴാഴ്ച രാവിലെ അഹമ്മദാബാദിലെ സബര്‍മതി ആശ്രമത്തിലും ബോറിസ് ജോണ്‍സണ്‍ സന്ദര്‍ശനം നടത്തിയിരുന്നു. ആദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനിയുമായും കൂടിക്കാഴ്ച നടത്തി. ഇന്നലെ ഗുജറാത്തില്‍ തന്നെ തങ്ങിയ ബോറിസ് ജോണ്‍സണ്‍ സംസ്ഥാനത്തെ നിരവധി ബിസിനസ് തലവന്‍മാരുമായി ചര്‍ച്ച നടത്തിയിരുന്നു.