articles
കടം പേറുന്ന ഇന്ത്യ: ആരാണ് ഉത്തരവാദികള്‍?
രൂക്ഷമായ വിലക്കയറ്റം, തൊഴിലില്ലായ്മ, വേതനത്തിലെ വെട്ടിക്കുറക്കല്‍ തുടങ്ങിയവയാണ് കുടുംബങ്ങളുടെ വര്‍ധിച്ചുകൊണ്ടിരിക്കുന്ന കടബാധ്യതയുടെ അടിസ്ഥാന കാരണങ്ങള്‍. 2022ല്‍ ഇന്ത്യയിലെ കുടുംബങ്ങളിലെ സമ്പാദ്യം കഴിഞ്ഞ 60 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍ എത്തിയെന്ന് റിസര്‍വ് ബേങ്ക് തന്നെ റിപോര്‍ട്ട് ചെയ്തിരുന്നു. ഈ സമയത്തും ദരിദ്രരുടെ എണ്ണം കുറഞ്ഞെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വാദിക്കുന്നത്.
രാജ്യത്തെ ബഹുഭൂരിപക്ഷത്തിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ പര്യാപ്തമായ ഒരു സാമ്പത്തിക നയമല്ല നമ്മുടെ ഭരണാധികാരികള്‍ അവലംബിച്ചുവരുന്നത്. വളരെ ചെറിയൊരു ശതമാനം വരുന്ന വന്‍കിട കുത്തക മുതലാളിമാരുടെയും ഭൂപ്രഭുക്കളുടെയും ശതകോടീശ്വരന്മാരുടെയും താത്പര്യമാണ് അവര്‍ക്ക് പ്രധാനം. ഇതിന്റെ ദുരന്തഫലം തന്നെയാണ് ഈ രാജ്യം ഇന്നനുഭവിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഇന്ത്യന്‍ കുടുംബങ്ങളിലെ വ്യാപകമായ കടബാധ്യതയെ സംബന്ധിച്ചുള്ള പഠന റിപോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത്.
രൂക്ഷമായ വിലക്കയറ്റം, തൊഴിലില്ലായ്മ, വേതനത്തിലെ വെട്ടിക്കുറക്കല്‍ തുടങ്ങിയവയാണ് കുടുംബങ്ങളുടെ വര്‍ധിച്ചുകൊണ്ടിരിക്കുന്ന കടബാധ്യതയുടെ അടിസ്ഥാന കാരണങ്ങള്‍. 2022ല്‍ ഇന്ത്യയിലെ കുടുംബങ്ങളിലെ സമ്പാദ്യം കഴിഞ്ഞ 60 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍ എത്തിയെന്ന് റിസര്‍വ് ബേങ്ക് തന്നെ റിപോര്‍ട്ട് ചെയ്തിരുന്നു. ഈ സമയത്തും ദരിദ്രരുടെ എണ്ണം കുറഞ്ഞെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വാദിക്കുന്നത്. ഇന്ത്യയിലെ കുടുംബങ്ങളിലെ ഇപ്പോഴത്തെ കടബാധ്യതാ നിരക്ക് സ്വാതന്ത്ര്യത്തിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കിലാണെന്ന് റിസര്‍വ് ബേങ്ക് പറഞ്ഞിരുന്നു.
കമ്പോളത്തിന്റെ കരുത്താകെ ചുരുക്കം ചില കൈകളില്‍ കേന്ദ്രീകരിക്കുമ്പോള്‍ അവര്‍ക്ക് ഉയര്‍ന്ന വില നിശ്ചയിക്കാനുള്ള അധികാരം കൂടി ലഭിക്കുന്നു. മോദി സര്‍ക്കാറിന്റെ നോട്ട് നിരോധനം, ജി എസ് ടി, ലോക്ക്ഡൗണ്‍ എന്നീ മൂന്ന് ആക്രമണങ്ങള്‍ ചെറുകിട ബിസിനസ്സിനെയും അസംഘടിത മേഖലയെയും തകര്‍ത്തു. തല്‍ഫലമായി ഉയര്‍ന്ന വില നിശ്ചയിക്കാനുള്ള കരുത്ത് ചുരുക്കം ചിലരുടെ കൈവശം എത്തിച്ചേര്‍ന്നു. ഇതിന്റെ ദുരന്തങ്ങള്‍ വന്ന് പതിക്കുന്നതാകട്ടെ ദരിദ്രരുടെയും ഇടത്തരക്കാരുടെയും മേലാണ്.
വ്യക്തിഗത വായ്പകളും ഉയര്‍ന്ന പലിശയോടു കൂടിയ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള വാങ്ങലുകളും വിലക്കയറ്റത്തിന്റെ പശ്ചാത്തലത്തില്‍ വര്‍ധിച്ചിരിക്കുകയാണ്. അതേസമയം വരുമാനം സ്തംഭനാവസ്ഥയിലായിരിക്കുന്നത് സാധാരണ ജനങ്ങള്‍ക്ക് മേല്‍ അധികഭാരം അടിച്ചേല്‍പ്പിക്കുകയാണ്. വിലക്കയറ്റം കൊണ്ട് ഇന്ത്യയിലെ സമ്പന്നര്‍ക്ക് ഒരു നഷ്ടവും ഇല്ല.
അവര്‍ക്ക് നേട്ടമേ ഉള്ളൂ. അധ്വാനിക്കുന്നവരുടെ മേലാണ് ഭാരം മുഴുവന്‍. അവരുടെ വരുമാനത്തില്‍ ഒരു ഭാഗം സമ്പന്നര്‍ക്ക് അനുകൂലമായി പുനര്‍വിതരണം ചെയ്യപ്പെടുന്നു. ശതകോടീശ്വരന്‍മാരുടെ ദാവോസ് സമ്മേളനത്തിന് മുന്നോടിയായി ‘വേദനയില്‍ നിന്ന് ലാഭം കൊയ്യുന്നവര്‍’ എന്ന റിപോര്‍ട്ട് ഓക്‌സ്ഫാം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതില്‍ അവര്‍ പറയുന്നത,് കൊവിഡ് കാലത്തും അതിനു ശേഷമുള്ള കാലത്തും ഓരോ 30 മണിക്കൂറിലും ഒരു ശതകോടീശ്വരന്‍ പിറവികൊള്ളുന്നുവെന്നാണ്. അതേസമയം ഓരോ 30 മണിക്കൂറിലും ഒരു ദശലക്ഷം സാധാരണക്കാര്‍ അതിദരിദ്രരുടെ ശ്രേണിയിലേക്ക് തള്ളപ്പെടുന്നുവെന്നുമാണ്. ഈ ധനികവത്കരണവും ദാരിദ്ര്യവത്കരണവും ഒരേ പ്രക്രിയയുടെ രണ്ട് വശങ്ങളാണ.്
രണ്ടാം മോദി സര്‍ക്കാര്‍ അധികാരമേറ്റതിനു ശേഷം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടിട്ടില്ല എന്ന് മാത്രമല്ല, ജനങ്ങളുടെ ഉള്ള ഉപജീവന മാര്‍ഗം കൂടി നഷ്ടപ്പെടുന്ന അവസ്ഥയാണുണ്ടായത്.
കൊവിഡ് മഹാമാരിക്കു മുമ്പ് തന്നെ പ്രതിവര്‍ഷം 35 ലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്നു എന്നായിരുന്നു കണക്കുകള്‍. തൊഴിലില്ലായ്മാ നിരക്ക് അന്ന് എട്ട് ശതമാനമായിരുന്നു. പട്ടണ-നഗര മേഖലകളിലെ തൊഴിലില്ലായ്മാ നിരക്ക് ഇപ്പോള്‍ 9.6 ശതമാനമായി വര്‍ധിച്ചിട്ടുണ്ട്.
140 കോടി ജനസംഖ്യയുള്ള ഇന്ത്യയില്‍ തൊഴില്‍ ചെയ്യുന്നവരുടെ എണ്ണം 40 കോടിയില്‍ താഴെയാണ്. ഓരോ മാസവും തൊഴിലെടുക്കുന്നവരുടെ എണ്ണം കുറഞ്ഞുവരുന്നതായാണ് സി എം ഐ ഇയുടെ കണക്കുകള്‍ വെളിവാക്കുന്നത്. അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മയും തൊഴില്‍ നഷ്ടവും ഭീകരമായ രീതിയില്‍ വര്‍ധിച്ചുവരുന്നു. 2022 ജനുവരിക്കും ഏപ്രിലിനുമിടയിലുള്ള മൂന്ന് മാസക്കാലയളവില്‍ രാജ്യത്തുള്ള ബിരുദധാരികളുടെ തൊഴിലില്ലായ്മാ നിരക്ക് 17.8 ശതമാനമായിരുന്നു. അഞ്ച് വര്‍ഷം മുമ്പ് അതായത് 2017ല്‍ ഇതേ കാലയളവില്‍ അത് 11 ശതമാനമായിരുന്നു.
സാമ്പത്തിക ഞെരുക്കത്തിന്റെ വ്യക്തമായ സൂചന നല്‍കി ഇന്ത്യയിലെ കുടുംബങ്ങളുടെ കടബാധ്യതയില്‍ വന്‍വര്‍ധനവുണ്ടായി. കഴിഞ്ഞ വര്‍ഷം ഡിസംബറോടെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ 40 ശതമാനമാണ് കടം വര്‍ധിച്ചത്. ഇത് എക്കാലത്തെയും ഉയര്‍ന്ന നിരക്കാണ്. അതേസമയം സമ്പാദ്യത്തില്‍ വന്‍ ഇടിവ് സംഭവിക്കുകയും ചെയ്തു.
ഗാര്‍ഹിക കടങ്ങള്‍ ഉയരുന്നുവെന്ന റിപോര്‍ട്ടുകള്‍ നിരസിക്കുന്ന സമീപനമാണ് കേന്ദ്ര ധനകാര്യ മന്ത്രാലയം വര്‍ഷങ്ങളായി ആവര്‍ത്തിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി രാജ്യത്തെ മാറ്റുമെന്ന് മോദിയും സംഘവും പറയുന്ന അവസരത്തിലാണ് രാജ്യത്ത് ഗാര്‍ഹിക കടം കുതിച്ചുയരുന്നതായി റിപോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ഈ റിപോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ കേന്ദ്രത്തെ ശക്തമായി വിമര്‍ശിച്ച് കോണ്‍ഗ്രസ്സ് രംഗത്തുവന്നു. ശമ്പള വര്‍ധനവ് ഇല്ലാത്തതും ഉയര്‍ന്ന പണപ്പെരുപ്പവുമാണ് വായ്പയെടുക്കാന്‍ കുടുംബങ്ങളെ നിര്‍ബന്ധിപ്പിക്കുന്നതെന്ന് കോണ്‍ഗ്രസ്സ് നേതാവ് ജയറാം രമേശ് പറഞ്ഞു. കേന്ദ്ര സര്‍ക്കാറിന്റെ സാമ്പത്തിക മേഖലയിലെ ദയനീയ പരാജയം വിളിച്ചറിയിക്കുന്നതാണ് ഈ റിപോര്‍ട്ട്. അപായ മണി മുഴങ്ങുന്നത് മോദി കേള്‍ക്കുന്നില്ല. ബി ജെ പി ഭരണത്തിന്‍ കീഴില്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മയും പണപ്പെരുപ്പവും ഗ്രാമീണ് തൊഴിലില്ലായ്മയുമാണ് നമ്മുടെ രാജ്യം നേരിടുന്നതെന്ന് ജയറാം രമേശ് ചൂണ്ടിക്കാട്ടിയിരുന്നു. വിവിധ പ്രതിപക്ഷ നേതാക്കളും ഈ റിപോര്‍ട്ടിന്റെ ഗൗരവം ചൂണ്ടിക്കാണിച്ച് പ്രസ്താവനകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.
കേന്ദ്ര സര്‍ക്കാര്‍ തുടരുന്ന അങ്ങേയറ്റം ജനവിരുദ്ധമായ രാഷ്ട്രീയ-സാമ്പത്തിക നയങ്ങള്‍ ഈ രാജ്യത്തെ കുടുംബങ്ങളെയാകെ തകര്‍ച്ചയിലേക്ക് നയിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. കേന്ദ്ര സര്‍ക്കാര്‍ തുടര്‍ന്ന് വരുന്ന ഈ നയ സമീപനങ്ങളില്‍ അടിസ്ഥാനപരമായ മാറ്റം വരുത്താതെ ഇന്ത്യന്‍ കുടുംബങ്ങളുടെ ഈ ദുഃസ്ഥിതിക്ക് പരിഹാരം കാണാനും സാധ്യമല്ല. എന്തായാലും നമ്മുടെ രാജ്യത്തെ ജനവികാരം മാനിക്കാന്‍ കഴിയുന്ന ഒരു സര്‍ക്കാര്‍ നിലവില്‍ വന്നാല്‍ മാത്രമേ ഇന്ത്യന്‍ കുടുംബങ്ങളുടെ ഏറ്റവും പരിതാപകരമായ ഈ സ്ഥിതിക്ക് പരിഹാരം കാണാന്‍ സാധിക്കുകയുള്ളൂ. അതിനുവേണ്ടിയുള്ള ശക്തമായി നീക്കങ്ങളാണ് ഇന്ത്യന്‍ ജനത ഈ അവസരത്തില്‍ നടത്തേണ്ടത്.