Connect with us

International

ഉക്രൈൻ - റഷ്യ സംഘർഷം അവസാനിപ്പിക്കാൻ ഇരുരാജ്യങ്ങളും ചേർന്ന് പരിഹാരം കാണണം: പ്രധാനമന്ത്രി നരേന്ദ്ര മോദി

ഉക്രെയ്നിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള എല്ലാ ശ്രമങ്ങളിലും സജീവമായ പങ്ക് വഹിക്കാൻ ഇന്ത്യ എപ്പോഴും തയ്യാറാണെന്നും അത് അവസാനിപ്പിക്കാൻ വ്യക്തിപരമായി സംഭാവന നൽകാൻ താൻ ആഗ്രഹിക്കുന്നുവെന്നും മോദി

Published

|

Last Updated

കീവ് | ഉക്രൈനും റഷ്യയും തമ്മിലുള്ള സംഘർഷം അവസാനിപ്പിക്കാൻ ഇരുരാജ്യങ്ങളും ചേർന്ന് പരിഹാരം കാണണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉക്രൈനും റഷ്യയും തമ്മിൽ നിലനിൽക്കുന്ന സംഘർഷം പരിഹരിച്ച് സമാധാനം പുനസ്ഥാപിക്കാനുള്ള എല്ലാ ശ്രമങ്ങളിലും സഹായിക്കാൻ ഇന്ത്യ തയ്യാറാണെന്നും പ്രധാനമന്ത്രി പറഞ്ഞു. കീവിൽ ഉക്രേനിയൻ പ്രസിഡൻ്റ് വ്ളോഡമിർ സെലെൻസ്‌കിയുമായി നടത്തിയ ചർച്ചയിലാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്. സമാധാന ശ്രമങ്ങൾക്കായി ഇന്ത്യ പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും മോദി പറഞ്ഞു.

ഉക്രെയ്നിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള എല്ലാ ശ്രമങ്ങളിലും സജീവമായ പങ്ക് വഹിക്കാൻ ഇന്ത്യ എപ്പോഴും തയ്യാറാണെന്നും അത് അവസാനിപ്പിക്കാൻ വ്യക്തിപരമായി സംഭാവന നൽകാൻ താൻ ആഗ്രഹിക്കുന്നുവെന്നും മോദി പറഞ്ഞു. ഇന്ത്യയുടെ സമീപനം ജനകേന്ദ്രീകൃതമാണ്. പരമാധികാരത്തെയും പ്രാദേശിക അഖണ്ഡതയെയും ഇന്ത്യ പിന്തുണയ്ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. യുദ്ധം കൊണ്ട് ഒരു പ്രശ്‌നവും പരിഹരിക്കപ്പെടില്ലെന്നും സംഭാഷണത്തിലൂടെയും നയതന്ത്രത്തിലൂടെയും മാത്രമേ പരിഹാരം ഉണ്ടാകൂവെന്നും അടുത്തിടെ റഷ്യൻ സന്ദർശന വേളയിൽ പ്രധാനമന്ത്രി പറഞ്ഞിരുന്നു.

യുദ്ധത്തിൻ്റെ പ്രാരംഭ ഘട്ടത്തിൽ ഇന്ത്യൻ പൗരന്മാരെയും വിദ്യാർത്ഥികളെയും ഒഴിപ്പിക്കാൻ സഹായിച്ചതിന് ഉക്രെയ്ൻ പ്രസിഡൻ്റിനോട് പ്രധാനമന്ത്രി മോദി നന്ദി അറിയിച്ചു. സാധ്യമായ എല്ലാ മാനുഷിക സഹായവും നൽകാൻ ഇന്ത്യ തയ്യാറാണെന്ന് അദ്ദേഹം ഉറപ്പുനൽകി. മാനുഷിക സഹായത്തിന് ഉക്രൈൻ ഇന്ത്യയോട് നന്ദി അറിയിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉക്രേനിയൻ പ്രസിഡൻ്റ് സെലെൻസ്‌കിയും തമ്മിൽ ഉക്രെയ്‌നിലെ കീവിൽ പ്രതിനിധി തല യോഗം നടന്നു. ഇരു നേതാക്കളും ഉഭയകക്ഷി ബന്ധത്തിൻ്റെ എല്ലാ തലങ്ങളും ചർച്ച ചെയ്യുകയും പരസ്പര താൽപ്പര്യമുള്ള പ്രാദേശിക, ആഗോള വിഷയങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു.

നാല് കരാറുകളിലും ഇരുവരും ഒപ്പുവെച്ചു. ഉക്രൈയ്നിലെ കമ്മ്യൂണിറ്റി വികസന പദ്ധതികൾ, മയക്കുമരുന്ന് നിയന്ത്രണ മാനദണ്ഡങ്ങൾ, സാംസ്കാരിക വിനിമയം, കൃഷി തുടങ്ങി വിവിധ മേഖലകളിൽ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള കരാറുകളാണ് ഒപ്പുവെച്ചത്. ഭാവിയിൽ ഉഭയകക്ഷി ബന്ധങ്ങളെ സമഗ്രമായ പങ്കാളിത്തത്തിൽ നിന്ന് തന്ത്രപരമായ പങ്കാളിത്തത്തിലേക്ക് ഉയർത്താനുള്ള പ്രതിജ്ഞാബദ്ധത ഇരു നേതാക്കളും പ്രകടിപ്പിച്ചു.

രണ്ട് നേതാക്കളും തീവ്രവാദത്തെ അതിൻ്റെ എല്ലാ രൂപത്തിലും അപലപിച്ചു. യുഎൻ രക്ഷാസമിതിയിൽ സമഗ്രമായ പരിഷ്കരണം വേണമെന്ന് ഇരുപക്ഷവും ആവശ്യപ്പെട്ടു. പരിഷ്കരിച്ചതും വിപുലീകരിച്ചതുമായ യുഎൻ രക്ഷാസമിതിയിൽ ഇന്ത്യയുടെ സ്ഥിരാംഗത്വത്തിനുള്ള പിന്തുണ ഉക്രൈൻ ആവർത്തിച്ചു.

നേരത്തെ പോളണ്ടിൽ നിന്ന് പ്രത്യേക ട്രെയിനിലാണ് പ്രധാനമന്ത്രി മോദി കീവിൽ എത്തിയത്. കിവിലെത്തിയ അദ്ദേഹത്തെ ഇന്ത്യൻ പ്രവാസികൾ ഊഷ്മളമായി സ്വാഗതം ചെയ്തു.

Latest