cooperative society
സർക്കാറിനും പാർട്ടിക്കും ബാധ്യതയുണ്ട്
നിക്ഷേപിച്ച പണം തിരികെക്കിട്ടാത്തവരും വായ്പയെടുത്ത പണത്തിന് അമിത പലിശ നൽകാൻ വിധിക്കപ്പെട്ടവരും തന്റെ അറിവില്ലാതെ മറ്റാരോ എടുത്ത വായ്പയുടെ ഭാരം പേറേണ്ടിവന്നവരുമൊക്കെ ദയനീയമുഖങ്ങളായി നമ്മുടെ മുന്നിലെത്തും. ആ വിധി വരാതിരിക്കാൻ കരുതലെടുക്കുന്നവർ സഹകരണ ബേങ്കുകളിൽ നിന്ന് അകലം പാലിക്കും. അതുണ്ടാക്കുന്ന പ്രതിസന്ധി ചെറുതായിരിക്കില്ല.
കേരളത്തിന്റെ സമ്പദ് വ്യവസ്ഥയിൽ പ്രധാന സ്ഥാനമുണ്ട് സഹകരണ പ്രസ്ഥാനത്തിന്. ഊരാളുങ്കൽ, ദിനേശ് ബീഡി, ഇന്ത്യൻ കോഫി ഹൗസ്, റബ്‌കോ, എം വി ആർ ക്യാൻസർ കെയർ സെന്റർ എന്നിങ്ങനെ പഴയതും പുതിയതുമായ നിരവധി സ്ഥാപനങ്ങളുടെ പട്ടികയുണ്ട് സഹകരണ പ്രസ്ഥാനത്തിന്റെ ഭാഗമായി. സാഹിത്യ പ്രവർത്തനത്തിനുമുണ്ടായി സഹകരണ സംഘം. സംസ്ഥാനത്തെ ഏറ്റവും വലിയ തൊഴിൽ ദാതാവും സഹകരണ പ്രസ്ഥാനമായിരിക്കും. അതിനെ ഇത്രയും വളർത്തുന്നതിൽ രാഷ്ട്രീയ പാർട്ടികളും കാലാകാലങ്ങളിൽ അധികാരത്തിൽ വന്ന സർക്കാറുകളും വഹിച്ച പങ്ക് ചെറുതല്ല. അതിൽ തന്നെ സവിശേഷമായ പങ്കുണ്ട് സി പി എമ്മിനും അതിന്റെ നേതൃത്വത്തിൽ അധികാരത്തിൽ വന്ന സർക്കാറുകൾക്കും.
ആരംഭശൂരത്വത്തിന് ശേഷം പരാജയം രുചിച്ചവ കുറവല്ല. പ്രവർത്തനത്തിലെ പാളിച്ചമൂലം പ്രതിസന്ധിയിലായവയുണ്ട്, ഭരണ നേതൃത്വമോ ഉദ്യോഗസ്ഥരോ നടത്തിയ ക്രമക്കേടുകൾ കാരണം പരാജയപ്പെട്ട സംഘങ്ങളുമുണ്ട്. ഇതൊക്കെയുണ്ടെങ്കിലും പൊതുവിൽ വിശ്വാസ്യതയുള്ള ഒന്നായി പരിഗണിക്കപ്പെട്ടു നമ്മുടെ സഹകരണ പ്രസ്ഥാനം. അതുകൊണ്ടാണ് വർഷത്തിൽ എണ്ണായിരത്തോളം കോടി രൂപ കൈകാര്യം ചെയ്യാൻ അതിന് സാധിക്കുന്നത്. പൊതുമേഖലാ ബേങ്കുകളും സ്വകാര്യ മേഖലാ ബേങ്കുകളും വലിയ മത്സരത്തിനിറങ്ങിയപ്പോഴും സഹകരണ മേഖല തളരാതെ നിന്നത് ജനങ്ങൾക്ക് അതിലുള്ള വിശ്വാസ്യത കൊണ്ടായിരുന്നു.
കരുവന്നൂരിൽ തുടങ്ങി, കണ്ടല, സീതത്തോട്, എ ആർ നഗർ, പുത്തിഗെ എന്നിങ്ങനെ പല പേരുകളിൽ തട്ടിപ്പിന്റെയും വഞ്ചനയുടെയും കഥകൾ ഒഴുകുമ്പോൾ ചോദ്യം ചെയ്യപ്പെടുന്നത് ആ വിശ്വാസ്യതയാണ്. ഇല്ലാത്ത ആസ്തി ഉണ്ടെന്ന് കാണിച്ച് വായ്പ അനുവദിക്കുക, ഇല്ലാത്ത വ്യക്തിയുടെ പേരിൽ അപേക്ഷ രേഖയിൽ ചേർത്ത് വായ്പ സമ്പാദിച്ച് സ്വന്തമാക്കുക, വേണ്ടത്ര ഈടുകളില്ലാതെ തത്പരകക്ഷികൾക്ക് വായ്പകൾ അനുദവിക്കുക എന്നിത്യാദി മാർഗങ്ങളിലൂടെ സഹകരണ ബേങ്കുകളിലെ നിക്ഷേപം ചോർത്തുന്ന തട്ടിപ്പാണ് ഏതാണ്ടെല്ലാ ഇടങ്ങളിലും നടന്നത്. എ ആർ നഗർ പോലെ ചിലയിടങ്ങളിൽ അനധികൃത സമ്പാദ്യം മറ്റുപലരുടെയും പേരിൽ നിക്ഷേപിച്ച് വെളുപ്പിച്ചെടുക്കുന്ന കലാപരിപാടിയും അരങ്ങേറി.
തൃശൂർ ജില്ലയിലെ കരുവന്നൂർ ബേങ്കിന്റെ ഭരണസമിതി വർഷങ്ങളായി സി പി എം യുടെ നേതാക്കളുടെ നിയന്ത്രണത്തിലാണ്. ബേങ്കിനെ പ്രതിസന്ധിയിലാക്കും വിധത്തിലുള്ള പണമിടപാടുകൾ നടക്കുന്നുവെന്ന് സഹകരണ വകുപ്പിലെ ഓഡിറ്റ് വിഭാഗം തട്ടിപ്പ് പുറംലോകം അറിയുന്നതിന് വർഷങ്ങൾക്ക് മുമ്പേ തന്നെ ചൂണ്ടിക്കാണിച്ചിരുന്നു. അതിൻമേൽ നടപടിയൊന്നും സ്വീകരിക്കാതെ, വിഘ്‌നമൊന്നും കൂടാതെ തട്ടിപ്പ് തുടരാൻ അവസരമൊരുക്കുകയാണ് മേൽത്തട്ടിലെ ഉദ്യോഗസ്ഥർ ചെയ്തത്. ബേങ്ക് പൂർണമായും സി പി ഐ (എം) നിയന്ത്രണത്തിലാകയാൽ ഔദ്യോഗിക ഓഡിറ്റിന് പുറമെ പാർട്ടിക്കുള്ളിൽ പരാതികൾക്കും പരിശോധനകൾക്കും വിധേയമാകുമെന്നുറപ്പ്. അവ്വിധമുള്ള ചൂണ്ടിക്കാട്ടലുകളുണ്ടായപ്പോൾ വേണ്ട ഗൗരവത്തോടെ പരിഗണിക്കാൻ സി പി എം ജില്ലാ നേതൃത്വം തയ്യാറായില്ല എന്ന ആക്ഷേപം നേരത്തേ മുതലുണ്ട്. ജില്ലാ നേതൃത്വത്തെ മാത്രമല്ല, പാർട്ടിയുടെ സംസ്ഥാന നേതൃത്വത്തെ തന്നെ ചില ബേങ്കുകളിലെയെങ്കിലും ക്രമക്കേടുകളുടെ വിവരങ്ങൾ കൃത്യമായി ധരിപ്പിച്ചിരുന്നു. പക്ഷേ, അത് ഗൗരവത്തിലെടുത്ത് വേണ്ട തിരുത്തലുകൾ നിർദേശിക്കാനോ തട്ടിപ്പിനും ക്രമക്കേടുകൾക്കും കൂടെ നിൽക്കുന്നവരെ തുടർന്നും സഹകാരികളായി നിലനിർത്തേണ്ടതില്ലെന്ന് തീരുമാനിക്കാനോ സംസ്ഥാന നേതൃത്വത്തിന് സാധിച്ചില്ല എന്നതിന്റെ കൂടി ഫലമാണ് ഇപ്പോൾ കരുവന്നൂരിലുണ്ടായ മരണവും മരണതുല്യമായ ജീവിതങ്ങളും.
കരുവന്നൂർ സഹകരണ ബേങ്കിൽ 104 കോടിയുടെ തട്ടിപ്പ് നടന്നുവെന്നാണ് ഔദ്യോഗികമായി പറയുന്നത്. മൂന്നൂറ് കോടി രൂപയാണ് തട്ടിയെടുത്തത് എന്ന് അനൗദ്യോഗികമായ കണക്കുമുണ്ട്. ഒന്നര വർഷം മുമ്പ് ഈ തട്ടിപ്പിന്റെ വിവരം പുറത്തേക്ക് വരികയും കേസും അറസ്റ്റും പരിശോധനകളുമൊക്കെ നടക്കുകയും ചെയ്തപ്പോൾ ആരുടെയും നിക്ഷേപം നഷ്ടപ്പെടില്ലെന്ന് സംസ്ഥാന സർക്കാർ ഉറപ്പ് നൽകിയിരുന്നു. ജനങ്ങളുടെ നിക്ഷേപം തിരികെ നൽകുന്നതിന് സഹകരണ ബേങ്കുകളുടെ കൺസോർഷ്യം രൂപവത്കരിക്കുമെന്നും കേരള ബേങ്കിൽ നിന്ന് പ്രത്യേക വായ്പ നൽകുമെന്നും പ്രഖ്യാപിച്ചിരുന്നു. ഇതൊന്നും നടക്കാത്തതുകൊണ്ടാണ് ഫിലോമിന എന്ന എഴുപതുകാരിക്ക്, സ്വന്തം നിക്ഷേപത്തിൽ നിന്ന് ചികിത്സാവശ്യത്തിനുള്ള പണം നൽകാൻ കരുവന്നൂർ ബേങ്കിന് സാധിക്കാതെ പോയത്. ആ നിലക്ക് ആ മരണത്തിന്റെ പ്രാഥമിക ഉത്തരവാദി നിക്ഷേപം തിരികെ നൽകാൻ സംവിധാനമുണ്ടാക്കാതിരുന്ന സർക്കാർ തന്നെയാണ്. ജീവിത സമ്പാദ്യം മുഴുവൻ ബേങ്കിൽ നിക്ഷേപിച്ചവർ, ഭരണ സമിതിയിലേക്ക് നിയോഗിക്കപ്പെട്ട പാർട്ടി പ്രതിനിധികളുടെ കാർമികത്വത്തിൽ നടന്ന തട്ടിപ്പ് മൂലം പ്രതിസന്ധിയിലാകുമ്പോൾ അവിടെ പ്രത്യേക ശ്രദ്ധ നൽകുകയും ജനങ്ങൾക്ക് പ്രയാസമുണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്യുക എന്ന ഉത്തരവാദിത്വം സി പി എമ്മിനുണ്ടായിരുന്നു. തട്ടിപ്പിനും ക്രമക്കേടിനും നേരിട്ട് ഉത്തരവാദികളായവരെയും അവരുടെ കുറ്റകരമായ പ്രവൃത്തികൾ തിരിച്ചറിഞ്ഞ് തിരുത്താതിരുന്നവരെയും പാർട്ടി നടപടിക്ക് വിധേയമാക്കിയത് കൊണ്ടുമാത്രം അവസാനിക്കുന്ന ബാധ്യതയല്ല പാർട്ടിക്കും അതിന്റെ നേതാക്കൾക്കുമുള്ളത്. സർക്കാറിന്റെ വീഴ്ചക്കൊപ്പം വലുപ്പമുണ്ട് തൃശൂരിലെ പാർട്ടി സംവിധാനത്തിന്റെ വീഴ്ചക്കുമെന്ന് ചുരുക്കം.
അത്തരം വീഴ്ചകൾക്കൊക്കെ പരിഹാരമുണ്ടാകണമെങ്കിൽ കരുവന്നൂരിലെ നിക്ഷേപകർക്ക്, അവരുടെ ബേങ്കിലുണ്ടായിരുന്ന വിശ്വാസം തിരിച്ചുകിട്ടാൻ പാകത്തിലുള്ള നടപടികളുണ്ടാകണം. സർക്കാർ തലത്തിലും പാർട്ടി തലത്തിലും. അത് കരുവന്നൂരിൽ മാത്രം മതിയാകുകയുമില്ല. സഹകരണ ബേങ്കുകൾക്ക് ആഭ്യന്തര ഓഡിറ്റിംഗ് ഇപ്പോൾ തന്നെയുണ്ട്. അവയുടെ റിപോർട്ട് ഏത് വിധത്തിലാണ് കൈകാര്യം ചെയ്യേണ്ടത് എന്ന് വ്യവസ്ഥ ചെയ്തിട്ടുമുണ്ട്. അപ്രകാരം കാര്യങ്ങൾ നടക്കുന്നുണ്ടോ എന്ന് പരിശോധിക്കേണ്ട ഉത്തരവാദിത്വം, പ്രമുഖ സഹകാരി കൂടിയായ വകുപ്പ് മന്ത്രി വി എൻ വാസവന്റേതാണ്. അതിനിനിയും വൈകിയാൽ ഈ പ്രസ്ഥാനത്തിന്റെ വിശ്വാസ്യതയെ കൂടുതൽ ഇടിക്കാൻ പാകത്തിൽ തട്ടിപ്പുകളുടെയും ക്രമക്കേടുകളുടെയും കഥകൾ ഒഴുകും. നിക്ഷേപിച്ച പണം തിരികെക്കിട്ടാത്തവരും വായ്പയെടുത്ത പണത്തിന് അമിത പലിശ നൽകാൻ വിധിക്കപ്പെട്ടവരും തന്റെ അറിവില്ലാതെ മറ്റാരോ എടുത്ത വായ്പയുടെ ഭാരം പേറേണ്ടിവന്നവരുമൊക്കെ ദയനീയമുഖങ്ങളായി നമ്മുടെ മുന്നിലെത്തും. ആ വിധി വരാതിരിക്കാൻ കരുതലെടുക്കുന്നവർ സഹകരണ ബേങ്കുകളിൽ നിന്ന് അകലം പാലിക്കും. അതുണ്ടാക്കുന്ന പ്രതിസന്ധി ചെറുതായിരിക്കില്ല.
ഖജനാവ് കാലിയാകാതിരിക്കാൻ സഹകരണ ബേങ്കുകളുടെ നിക്ഷേപം ഉപയോഗിച്ചിട്ടുണ്ട് കേരളം. കെ എസ് ആർ ടി സി ജീവനക്കാരുടെ പെൻഷൻ മുടങ്ങാതെ നോക്കാനും സഹകരണ ബേങ്കുകളിലെ നിക്ഷേപം വിനിയോഗിച്ചു. ഇതുപോലെ പലതിന് മുൻകാലത്തുപയോഗിച്ച നിക്ഷേപം, ഫെഡറൽ സംവിധാനത്തെ മാനിക്കാത്ത, സംസ്ഥാനത്തിന് അർഹമായ വിഹിതം പോലും അനുവദിക്കാൻ മടികാണിക്കുന്ന കേന്ദ്രാധികാരം കൂടുതൽ വീർപ്പുമുട്ടിക്കാൻ ശ്രമിച്ചാൽ കേരളത്തിന് വൈക്കോൽത്തുരുമ്പെങ്കിലുമാകാൻ സഹകരണമേയുണ്ടാകൂ. അതുകൊണ്ടു തന്നെ അതിന്റെ വിശ്വാസ്യത നിലനിർത്തുക എന്നത് പരമപ്രധാനവും. ആ വഴിക്ക് ചിന്തിക്കുകയും ഉടൻ പ്രവർത്തിക്കുകയും ചെയ്യുന്നതിന് പകരം, മരണത്തിൽ പോലും രാഷ്ട്രീയം കാണും വിധത്തിലേക്ക് ചുരുങ്ങുമ്പോൾ പണയം വെക്കുന്നത് സംസ്ഥാനത്തിന്റെ വലിയൊരു സമ്പത്താണ്. ഒപ്പം ഇടതുപക്ഷത്തിന്റെ, പ്രത്യേകിച്ച് സി പി എമ്മിന്റെ പ്രധാന വേരുകളിലൊന്നുമാണ്.
കേന്ദ്രത്തിൽ സഹകരണ വകുപ്പ് രൂപവത്കരിച്ച്, അതിന്റെ ചുമതല ആഭ്യന്തര വകുപ്പ് കൈയാളുന്ന അമിത് ഷായെ എൽപ്പിക്കുമ്പോൾ സംഘ്പരിവാരത്തിന് ചെറുതല്ലാത്ത ലക്ഷ്യങ്ങളുണ്ടെന്നത് വ്യക്തം. ഭരണഘടനയെ നിലനിർത്തിക്കൊണ്ടുതന്നെ അതിനെ അട്ടിമറിക്കാൻ മടിക്കാത്തവർ, ഭരണഘടനാ വ്യവസ്ഥയനുസരിച്ച് സംസ്ഥാനങ്ങളുടെ ചുമതലയാകേണ്ട ക്രമസമാധാനത്തിലും കൃഷിയിലും വളഞ്ഞവഴിയിലൂടെ കടന്നുകയറാൻ അമാന്തിക്കാത്തവർ സഹകരണ മേഖലയെ ഞെരിക്കാൻ അധികം വൈകാതെ വരുമെന്ന് തന്നെ പ്രതീക്ഷിക്കണം. ആ വരവിന് ന്യായം പറയാൻ പാകത്തിൽ സഹകരണ സ്ഥാപനങ്ങളെ ഒരുക്കിനിർത്തും വിധത്തിലാണ് പിണറായി സർക്കാറിലെ സഹകരണ വകുപ്പ് പ്രവർത്തിക്കുന്നത് എന്ന് പറയാതിരിക്കാൻ വയ്യ.
കരുവന്നൂരിൽ തകർന്നത്, വലിയ തകർച്ചയുടെ തുടക്കമാകാതിരിക്കണമെങ്കിൽ എന്തൊക്കെ ചെയ്യണമെന്ന് മുൻകാലത്ത് സഹകരണ വകുപ്പിനെ മികച്ച രീതിയിൽ നയിച്ച ചരിത്രമുള്ള മുഖ്യമന്ത്രി പിണറായി വിജയന് ആരും പറഞ്ഞുകൊടുക്കേണ്ടതില്ല. പാർട്ടി പ്രവർത്തകരും നേതാക്കളുമൊക്കെ പ്രതി സ്ഥാനത്തുണ്ടാകും. കൂടുതൽ വിവരങ്ങൾ പുറത്തേക്ക് വരുന്നത് രാഷ്ട്രീയ പ്രതിസന്ധി സൃഷ്ടിക്കുകയും ചെയ്‌തേക്കാം. അതൊക്കെയുണ്ടായാലും സഹകരണ മേഖലയുടെ വിശ്വാസ്യത വീണ്ടെടുക്കാനും അതിനെ കൂടുതൽ കരുത്തോടെ നിർത്താനും പാകത്തിലുള്ള നടപടികൾ ഉണ്ടായേ മതിയാകൂ. പ്രതിലോമ രാഷ്ട്രീയം എതിരാളികളെ അപ്രസക്തമാക്കി വളരുന്ന കാലത്ത് പ്രത്യേകിച്ചും.