International
63 വര്‍ഷം മുമ്പുള്ള കുപ്പി സന്ദേശം കണ്ടെത്തി
കാനഡയിലെ മാരിടൈംസ് പ്രവിശ്യയിലെ ഫിഷറീസ് ആൻഡ് ഓഷ്യൻസാണ് തങ്ങളുടെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ വിവരം പങ്കുവെച്ചത്.
ഒട്ടാവ | യു എസിനും കാനഡയ്ക്കുമിടയിലുള്ള ഒരു ദ്വീപില്‍ നിന്ന് നിക്ഷേപിച്ച കുപ്പി സന്ദേശം 63 വര്‍ഷങ്ങള്‍ക്കു ശേഷം ഇന്നലെ ( ജൂൺ 19) ബോസ്റ്റൺ തുറമുഖത്തിനടുത്തുനിന്ന് കണ്ടെടുത്തു. കാനഡയിലെ മാരിടൈംസ് പ്രവിശ്യയിലെ ഫിഷറീസ് ആൻഡ് ഓഷ്യൻസാണ് തങ്ങളുടെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ വിവരം പങ്കുവെച്ചത്.
സമുദ്രത്തിലെ ഉപരിതല പ്രവാഹങ്ങളെക്കുറിച്ചറിയാനാണ് ഉള്ളില്‍ കുറിപ്പെഴുതിവെച്ച ഇത്തരം കുപ്പികള്‍ സീല്‍ ചെയ്ത് അയക്കുന്നത്. ബേ ഓഫ് ഫണ്ടിയിലെ തർക്ക ദ്വീപായ മക്കിയാസ് സീൽ ദ്വീപിൽ നിന്ന് 1961-ൽ വിക്ഷേപിച്ച അഞ്ചു കുപ്പികളിലൊന്ന് കേപ് കോഡിൻ്റെ വടക്കേ അറ്റത്ത് നിന്ന് ഈയിടെ കണ്ടെത്തിയിരുന്നു. അതുപോലെ ഒരു കുപ്പിയാകാം ഇതും എന്നു സംശയിക്കുന്നു.
ഈ കുപ്പി കണ്ടെത്തിയാല്‍ സമുദ്രഗവേഷകരെ അറിയിക്കണമെന്നും കണ്ടെത്തിയ ആള്‍ക്ക് ഒരു ഡോളർ സമ്മാനമായി നല്‍കുന്നതാണെന്നും കുപ്പിയിലുണ്ട്. എന്നാല്‍ ഈ ഓഫര്‍ സത്യമാണോയെന്ന കാര്യത്തില്‍ തീര്‍ച്ചയില്ല.