National
കുപ്പിവെള്ളങ്ങൾക്ക് ഗുണനിലവാരമില്ല; ആരോഗ്യ വകുപ്പിന്റെ പരിശോധനയിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങൾ
ബെയ്‌ലി, സിഗ്നേച്ചർ, അപ്പോളോ അക്വാ, ഹിമാലയ തുടങ്ങിയ പ്രമുഖ ബ്രാൻഡുകളുടെ മിനറൽ വാട്ടർ കുപ്പികളാണ് ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ടത്

ബെംഗളൂരു | കനത്ത ചൂടിൽ നിന്ന് ഒരൽപം ആശ്വാസം കണ്ടെത്താനും ദാഹശമനത്തിനും ഏറ്റവും കൂടുതൽ പേർ ആശ്രയിക്കുന്നത് കുപ്പിവെള്ളത്തെയാണ്. പൊതുവിൽ ശുദ്ധജലമാണെന്ന ഉറച്ച വിശ്വാസത്തിലാണ് ജനങ്ങൾ ഇത് വാങ്ങിക്കുടിക്കുന്നത്. അതുകൊണ്ട് തന്നെ കുപ്പിവെള്ള വിപണി തഴച്ചുവളരുകയുമാണ്. എന്നാൽ നമ്മൾ കുടിക്കുന്ന കുപ്പിവെള്ളങ്ങൾ സുരക്ഷിതമാണോ? അത് ഗുണനിലവാരമുള്ളതാണോ? ഈ ചോദ്യങ്ങൾക്ക് ഉത്തരം തേടി കർണാടക ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങളാണ്.
സംസ്ഥാനത്തുടനീളം പരിശോധിച്ച 296 സാമ്പിളുകളിൽ 95 എണ്ണം സുരക്ഷിതമല്ലെന്ന് തെളിഞ്ഞു. 88 സാമ്പിളുകൾ രാസ, സൂക്ഷ്മജീവശാസ്ത്ര റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഗുണനിലവാരം കുറഞ്ഞതാണെന്നും കണ്ടെത്തി. ബെയ്‌ലി, സിഗ്നേച്ചർ, അപ്പോളോ അക്വാ, ഹിമാലയ തുടങ്ങിയ പ്രമുഖ ബ്രാൻഡുകളുടെ മിനറൽ വാട്ടർ കുപ്പികളാണ് ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ടത് എന്നത് ഞെട്ടിക്കുന്ന വിവരമാണ്.
തെറ്റായ രീതിയിൽ പ്രവർത്തിച്ച കമ്പനികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കർണാടക ആരോഗ്യ വകുപ്പ് അറിയിച്ചു. സംഭവത്തിൽ ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടു ആശങ്ക പ്രകടിപ്പിച്ചു.
“ഞങ്ങൾ ഗണ്യമായ എണ്ണം മിനറൽ വാട്ടർ സാമ്പിളുകൾ പരിശോധിച്ചു, ഫലങ്ങൾ വളരെ ആശങ്കാജനകമാണ്. 95 സാമ്പിളുകൾ സുരക്ഷിതമല്ലാത്തതും 88 എണ്ണം ഗുണനിലവാരം കുറഞ്ഞതുമാണ്. കുടിവെള്ളം പോലുള്ള അടിസ്ഥാന ആവശ്യത്തിന്റെ കാര്യത്തിൽ ഇത് അംഗീകരിക്കാനാവില്ല.” – മന്ത്രി പറഞ്ഞു. സുരക്ഷിതമല്ലാത്തതായി കണ്ടെത്തിയ പ്രത്യേക ബാച്ചുകളുടെ വിതരണം തടയുമെന്നും എന്നാൽ ഈ ഘട്ടത്തിൽ മുഴുവൻ കമ്പനികളും അടച്ചുപൂട്ടാൻ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി.
പാക്ക് ചെയ്ത വെള്ളം വാങ്ങുമ്പോൾ, പ്രത്യേകിച്ച് വഴിയോര കച്ചവടക്കാരിൽ നിന്ന് വാങ്ങുമ്പോൾ ഉപഭോക്താക്കൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് അഭ്യർത്ഥിച്ചു.