From the print
ബി പി എല്‍ സ്ഥാപക ഉടമ ടി പി ജി നമ്പ്യാര്‍ അന്തരിച്ചു
96 വയസ്സായിരുന്നു. ബെംഗളൂരുവിലെ വസതിയിലായിരുന്നു അന്ത്യം.
ബെംഗളൂരു | ബി പി എല്‍ സ്ഥാപക ഉടമയും പ്രമുഖ വ്യവസായിയുമായ ടി പി ജി നമ്പ്യാര്‍ (96) അന്തരിച്ചു. ഇന്നലെ രാവിലെ ബെംഗളൂരുവിലെ വസതിയിലായിരുന്നു അന്ത്യം.
കമ്മ്യൂണിക്കേഷന്‍ ഉപകരണങ്ങള്‍ സംയോജിപ്പിക്കുന്ന ചെറിയ സംരംഭത്തില്‍ നിന്ന് തുടങ്ങിയ ടി പി ജി, 1963ലാണ് ബ്രിട്ടീഷ് ഫിസിക്കല്‍ ലാബോറട്ടറീസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം ഏറ്റെടുക്കുന്നത്. പ്രതിരോധ സേനകള്‍ക്കുള്ള പ്രിസിഷന്‍ പാനല്‍ മീറ്ററുകളുടെ നിര്‍മാണമാണ് ആദ്യം തുടങ്ങിയത്. പിന്നീട് ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ നിര്‍മാണത്തിലേക്ക് തിരിഞ്ഞു. പിന്നീട് ബി പി എല്‍ എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ട സ്ഥാപനം 1990കളില്‍ രാജ്യത്തെ ഇലക്ട്രോണിക്സ് ഉപകരണ നിര്‍മാണ രംഗത്തെ അനിഷേധ്യ സാന്നിധ്യമായി മാറി.
മുന്‍ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ ഭാര്യാപിതാവാണ്. മക്കള്‍: അജിത് നമ്പ്യാര്‍, അഞ്ജു ചന്ദ്രശേഖര്‍. സംസ്‌കാരം ഇന്ന് ബെംഗളൂരുവിലെ കല്‍പ്പള്ളി ശ്മശാനത്തില്‍.