Connect with us

Uae

ബി ആർ ഷെട്ടി യുഎഇയിൽ മടങ്ങിയെത്തി

മടക്കം നരേന്ദ്രമോദിയുടെ യു എ ഇ സന്ദർശനത്തിന്റെ മണിക്കൂറുകൾക്ക് തൊട്ടുമുമ്പ്

Published

|

Last Updated

അബൂദബി | എൻഎംസി ഹെൽത്തിന്റെ സ്ഥാപകൻ ബി ആർ ഷെട്ടി യു എ ഇയിൽ തിരിച്ചെത്തി. വായ്‌പ തിരിച്ചടയ്‌ക്കൽ നടപടികൾ നേരിട്ട ഷെട്ടിക്ക് വിദേശത്തേക്ക് പോകാൻ കർണാടക ഹൈക്കോടതി അനുമതി നൽകിയതിന് പിന്നാലെയാണ് യുഎഇയുടെ വ്യവസായ മേഖലയിൽ പ്രബല വ്യക്തിത്വമായിരുന്ന അദ്ദേഹം രാജ്യത്ത് മടങ്ങിയെത്തുന്നത്. ബ്യൂറോ ഓഫ് ഇമിഗ്രേഷനും ബാങ്ക് ഓഫ് ബറോഡയും പഞ്ചാബ് നാഷണൽ ബാങ്കും പുറപ്പെടുവിച്ച ലുക്ക്ഔട്ട് നോട്ടീസുകൾ കോടതി തള്ളുകളയും അബൂദബിയിലേക്ക് യാത്ര ചെയ്യാൻ സോപാധിക അനുമതി നൽകുകയുമായിരുന്നു. ചികിത്സയ്ക്കായി അബൂദബിയിലേക്ക് പോകണമെന്നാണ് ഷെട്ടി കോടതിയിൽ നൽകിയ അപേക്ഷയിൽ വ്യക്തമാക്കിയത്. തനിക്കെതിരെ എമിഗ്രേഷൻ അധികൃതർ പുറപ്പെടുവിച്ച ലുക്ക് ഔട്ട് സർക്കുലർ ചോദ്യം ചെയ്ത് ഷെട്ടി സമർപ്പിച്ച ഹർജി പരിഗണിച്ച ജസ്റ്റിസ് കൃഷ്ണ എസ് ദീക്ഷിത് അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

1975ലാണ് ഷെട്ടി അബൂദബി കേന്ദ്രമായി എൻഎംസി സ്ഥാപിക്കുന്നത്. ചെറിയ ഒരു ക്ലിനിക്ക് ആയി ആരംഭിച്ച സ്ഥാപനം പിന്നീട് യുഎഇയിലെ ആരോഗ്യ സേവരംഗത്ത് മികച്ച ബ്രാൻഡായി വളരുകയും ചെയ്തു. 2018ലാണ് കമ്പനി ലണ്ടൻ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ ലിസ്റ്റ് ചെയ്യുന്നത്. പിന്നീട് 2019ൽ കമ്പനിയുടെ ആസ്തി പെരുപ്പിച്ച് കാട്ടി എന്ന റിപ്പോർട്ട് പുറത്തു വരികയും ഷെട്ടിയുടെ സ്വത്തുവകകൾ മരവിപ്പിക്കാൻ തീരുമാനമെടുക്കുകയും ചെയ്തു. തുടർന്ന് എൻഎംസിയുടെ ഉടമസ്ഥാവകാശം അഡ്മിനിസ്‌ട്രേറ്റീവ് തലത്തിലേക്ക് മാറി. ഷെട്ടിയുടെ തന്നെ ഉടമസ്ഥതയിലുള്ള യുഎഇ എക്‌സ്‌ചേഞ്ച് ഉൾപ്പടെയുള്ള സ്ഥാപനങ്ങളെയും ആരോപണങ്ങൾ കാര്യമായി ബാധിച്ചു.

2019ലാണ് ആരോപണങ്ങളെ തുടർന്ന് ഷെട്ടിയും എൻഎംസിയുടെ തലപ്പത്തുള്ളവരും നാട്ടിലേക്ക് മടങ്ങുന്നത്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യു എ ഇ സന്ദർശനത്തിന്റെ മണിക്കൂറുകൾക്ക് മുമ്പാണ് ഷെട്ടി മടങ്ങിയെത്തിയത്.

Latest