Kerala
ബ്രഹ്മപുരത്തെ തീപ്പിടുത്തവും മാലിന്യപ്പുകയും; ഇടപെടല്‍ ആവശ്യപ്പെട്ട് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കത്ത് നല്‍കി
പ്ലാസ്റ്റിക് മാലിന്യം പുകഞ്ഞ് കത്തുന്നതാണ് പ്രതിസന്ധിയെന്നാണ് അഗ്‌നിരക്ഷാ സേന പറയുന്നത്
കൊച്ചി | ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപ്പിടുത്തവും തുടര്‍ന്നുണ്ടായ മാലിന്യപ്പുകയും സംബന്ധിച്ച് ഇടപെടലാവശ്യപ്പെട്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കത്ത്. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് വിഷയത്തില്‍ ചീഫ് ജസ്റ്റിസിന് കത്തയച്ചത്. കഴിഞ്ഞ അഞ്ച് ദിവസമായി ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീ അണക്കാനായിട്ടില്ലെന്നും വിഷപ്പുക വ്യാപിക്കുന്നത് വലിയ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമെന്നും ഇത് പരിഹരിക്കാന്‍ ഇടപെടല്‍ വേണമെന്നും ആവശ്യപ്പെട്ടാണ് കോടതിക്ക് കത്ത് നല്‍കിയിരിക്കുന്നത്.
അതേ സമയം ബ്രഹ്മപുരത്തെ തീ അഞ്ചാം ദിവസം പൂര്‍ണ്ണമായി കെടുത്താനായിട്ടില്ല. പ്ലാസ്റ്റിക് മാലിന്യം പുകഞ്ഞ് കത്തുന്നതാണ് പ്രതിസന്ധിയെന്നാണ് അഗ്‌നിരക്ഷാ സേന പറയുന്നത് . 27 അധികം ഫയര്‍ യൂണിറ്റുകള്‍ അഞ്ച് ദിവസമായി ആശ്രാന്ത പരിശ്രമത്തിലാണ്. എന്നിട്ടും 80 ശതമാനം തീയാണ് അണക്കാനായത്. കൂടുതല്‍ ഹിറ്റാച്ചികളെത്തിച്ച് അടി ഭാഗത്ത് ഉള്ള പ്ലാസ്റ്റിക് മാലിന്യം ഇളക്കിമറിച്ച് വെള്ളം തളിക്കാനാണ് ശ്രമം
മാലിന്യ പുക ഇന്നും നഗരത്തിന്റെ പല ഭാഗങ്ങളിലുമെത്തി. പാലാരിവട്ടം,കലൂര്‍ വൈറ്റിലയും പിന്നിട്ട് ബ്രഹ്മപുരത്ത് നിന്ന് 20 കിലോമീറ്റര്‍ ദൂരെയുള്ള അരൂര്‍ ഭാഗത്തേക്കും പുക വ്യാപിച്ചു. കോര്‍പ്പറേഷന്‍, നഗരത്തിലെ മാലിന്യ ശേഖരണം തുടങ്ങിയെങ്കിലും ഇത് എവിടെ നിക്ഷേപിക്കുമെന്നതില്‍ ഇപ്പോഴും തീരുമാനമായിട്ടില്ല.