brahmapuram fire
ബ്രഹ്മപുരം തീപ്പിടിത്തം: എറണാകുളം കലക്ടർ ഹൈക്കോടതിയിൽ ഹാജരാകേണ്ടത് ഇന്ന്
ജസ്റ്റിസുമാരായ എസ് വി ഭാട്ടി, ബസന്ത് ബാലാജി എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ചാണ് കലക്ടറെ വിളിച്ചുവരുത്തിയത്.
കൊച്ചി | ബ്രഹ്മപുരം മാലിന്യ സംസ്‌കരണ കേന്ദ്രത്തിലെ തീപ്പിടിത്തവുമായി ബന്ധപ്പെട്ട് എറണാകുളം ജില്ലാ കലക്ടർ രേണുരാജ് ഹൈക്കോടതിയിൽ ഹാജരാകേണ്ടത് ഇന്ന്. ജസ്റ്റിസുമാരായ എസ് വി ഭാട്ടി, ബസന്ത് ബാലാജി എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ചാണ് കലക്ടറെ വിളിച്ചുവരുത്തിയത്. സ്വമേധയാ എടുത്ത കേസിൽ ഹൈക്കോടതി കടുത്ത വിമർശം ഉന്നയിച്ചിരുന്നു. ഗ്യാസ് ചേംബറിൽ അകപ്പെട്ട അവസ്ഥയാണ് കൊച്ചിയിലെന്ന് വാക്കാൽ പരാമർശിച്ച ഹൈക്കോടതി, മലിനീകരണ നിയന്ത്രണ ബോർഡ് ഉത്തരവാദിത്വം നിറവേറ്റാത്തതാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് വിമർശിച്ചു.
സർക്കാറും കൊച്ചി കോർപറേഷനും മലിനീകരണ നിയന്ത്രണ ബോർഡും വിശദാംശങ്ങളടങ്ങിയ റിപോർട്ട് സമർപ്പിക്കണം. കുറ്റക്കാരായ ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെടണമെന്നും ഉത്തരവാദിത്വം നിറവേറ്റുന്നതിൽ മലിനീകരണ നിയന്ത്രണ ബോർഡ് പരാജയപ്പെട്ടുവെന്നും ഹൈക്കോടതി കുറ്റപ്പെടുത്തി. ഇന്നലെ ഉച്ചക്ക് കേസ് പരിഗണിച്ചപ്പോൾ കൊച്ചി കോർപറേഷൻ സെക്രട്ടറിയെ വിളിച്ചുവരുത്തി. മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാനും ജില്ലാ കലക്ടറും കോർപറേഷൻ സെക്രട്ടറിയും ഹാജരാകണമെന്നും നിർദേശിച്ചു. തീപ്പിടിത്തം അന്വേഷിക്കാൻ ഉന്നതതല സമിതിക്ക് രൂപം നൽകിയതായി സർക്കാർ അറിയിച്ചു.
മനുഷ്യ നിർമിതമോ?
തീപ്പിടിത്തം സ്വാഭാവികമോ മനുഷ്യനിർമിതമോയെന്ന് കോടതി ആരാഞ്ഞു. നഗരത്തിൽ വ്യാപകമായാണ് മാലിന്യം വലിച്ചെറിയുന്നത്. ഇത് തടയാൻ എന്ത് നടപടിയാണ് കോർപറേഷൻ സ്വീകരിച്ചതെന്ന ചോദ്യത്തിന് അലക്ഷ്യമായി മാലിന്യം വലിച്ചെറിയുന്നത് തടയുന്നതിന് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സി സി ടി വി ക്യാമറകൾ സ്ഥാപിച്ചതായി കോർപറേഷൻ അറിയിച്ചു. വാദത്തിനിടെ കൊച്ചി കോർപറേഷനെതിരെ മലിനീകരണ നിയന്ത്രണ ബോർഡ് രംഗത്ത് വന്നു. മാലിന്യപ്രശ്‌നവുമായി ബന്ധപ്പെട്ട് 2016 മുതൽ നോട്ടീസ് നൽകിയിട്ടും വേണ്ടത് കോർപറേഷൻ ചെയ്തില്ലെന്ന് ബോർഡ് കുറ്റപ്പെടുത്തി. പരസ്പരം പഴിചാരലല്ല, പരിഹാരമാണ് വേണ്ടതെന്ന് കോടതി ഓർമിപ്പിച്ചു.
മാലിന്യ പ്രശ്‌നം അനന്തമായി നീട്ടിക്കൊണ്ട് പോകാനാകില്ലെന്ന് കോടതി വ്യക്തമാക്കി. പ്രശ്‌നം പരിഹരിക്കാൻ ശാസ്ത്രീയ മാർഗങ്ങൾ വേണം. പഞ്ചായത്ത്, കോർപറേഷൻ, മുനിസിപ്പൽ തലങ്ങളിൽ മൂന്ന് തലത്തിലുള്ള സംവിധാനം വേണം. ജൂൺ ആറിനകം കോടതിയുടെ തന്നെ മേൽനോട്ടത്തിൽ പരിഹാരം കാണും. കൃത്യമായ പരിഹാര നിർദേശങ്ങൾ അടങ്ങുന്ന റിപോർട്ട് സമർപ്പിക്കാൻ കോർപറേഷനോടും മലിനീകരണ നിയന്ത്രണ ബോർഡിനോടും സർക്കാറിനോടും കോടതി നിർദേശിച്ചു. തദ്ദേശ വകുപ്പ് അഡീഷനൽചീഫ് സെക്രട്ടറിയെ കേസിൽ കക്ഷിചേർത്തു. കൃത്യമായ മറുപടിയില്ലെങ്കിൽ അച്ചടക്ക നടപടി ഉണ്ടാകുമെന്ന് കോടതി മുന്നറിയിപ്പ് നൽകി.