Connect with us

From the print

ബ്രഹ്മപുരം മാലിന്യപ്രശ്നം: താത്കാലിക പ്ലാന്റിന് ഉടന്‍ അനുമതി നല്‍കണമെന്ന് ഹൈക്കോടതി

പട്ടാളപ്പുഴുക്കളെ ഉപയോഗിച്ചുള്ള പ്ലാന്റ് സ്ഥാപിക്കാന്‍ ധാരണയായതായി കോര്‍പറേഷന്‍

Published

|

Last Updated

കൊച്ചി | കൊച്ചി കോര്‍പറേഷന്‍ ശേഖരിക്കുന്ന ജൈവ മാലിന്യങ്ങളുടെ സംസ്‌കരണത്തിനായി താത്കാലിക പ്ലാന്റിന് ഉടന്‍ അനുമതി നല്‍കണമെന്ന് ഹൈക്കോടതി. പ്ലാന്റ്‌നിര്‍മാണവുമായി ബന്ധപ്പെട്ട് ശാസ്ത്രീയ പഠനങ്ങള്‍ നടത്തുന്നതിന് നടപടി സ്വീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ബ്രഹ്മപുരത്ത് കെട്ടിക്കിടക്കുന്ന മാലിന്യങ്ങള്‍ സംസ്്കരിക്കുന്നതിനായുള്ള ടെന്‍ഡര്‍ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണം. ബ്രഹ്മപുരം പ്ലാന്റിന് സമീപത്തെ ജലാശയങ്ങളില്‍ ശാസ്ത്രീയ പരിശോധന നടത്തി റിപോര്‍ട്ട് സമര്‍പ്പിക്കാനും കോടതി നിര്‍ദേശം നല്‍കി.

സംസ്ഥാനത്തെ മാലിന്യപ്രശ്‌നം സംബന്ധിച്ച് സ്വമേധയാ എടുത്ത കേസിലാണ് അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയത്. ബ്രഹ്മപുരം തീപ്പിടിത്തത്തിന് ശേഷം മാലിന്യ നീക്കത്തില്‍ പ്രതിസന്ധി നേരിട്ടുവെന്നും അത് പരിഹരിക്കാനുള്ള നടപടികള്‍ ആരംഭിച്ചുവെന്നും തദ്ദേശ സെക്രട്ടറി കോടതിയെ അറിയിച്ചു.

ബി പി സി എല്‍ പ്ലാന്റ്പ്രവര്‍ത്തനം ആരംഭിക്കുന്നത് വരെ താത്കാലിക പരിഹാരത്തിനായി പട്ടാളപ്പുഴുക്കളെ ഉപയോഗിച്ചുള്ള പ്ലാന്റ്സ്ഥാപിക്കാന്‍ ധാരണയായതായി കോര്‍പറേഷന്‍ സെക്രട്ടറി വ്യക്തമാക്കി. പ്ലാന്റ് സംബന്ധിച്ച് കോര്‍പറേഷന്‍ കൗണ്‍സില്‍ ചേര്‍ന്ന് 15നകം തീരുമാനമെടുക്കും. അനുമതി ലഭിച്ചാല്‍ 100 ദിവസത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ധാരണ.

ബ്രഹ്മപുരത്ത് കെട്ടിക്കിടക്കുന്ന ഏഴ് ലക്ഷം ടണ്‍ മാലിന്യം സംസ്‌കരിക്കാന്‍ നടപടി വേണമെന്നും ഇതിനായുള്ള ടെന്‍ഡര്‍ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദേശം നല്‍കി. തീപ്പിടിത്തത്തിന് ശേഷമുണ്ടായ ചാരം ടാര്‍പ്പോളില്‍ ഇട്ട് മൂടിയെന്ന് കോര്‍പറേഷന്‍ അറിയിച്ചെങ്കിലും പ്രദേശത്തെ ജലാശയങ്ങളില്‍ മാലിന്യം കലര്‍ന്നിട്ടുണ്ടോയെന്നുള്ള ആശങ്ക കോടതി പ്രകടിപ്പിച്ചു.

ഇവിടുത്തെ വെള്ളത്തിന്റെ ശാസ്ത്രീയ പരിശോധന നടത്തി റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന് കോടതി നിര്‍ദേശം നല്‍കി.

ജസ്റ്റിസുമാരായ ബെച്ചു കുര്യന്‍ തോമസും പി ഗോപിനാഥും ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ച് വിഷയം ഈ മാസം 18ന് വീണ്ടും പരിഗണിക്കും.
എറണാകുളം ജില്ലാ കലക്ടര്‍ എന്‍ എസ് കെ ഉമേഷ് ഓണ്‍ലൈനിലൂടെ ഹാജരായി വിവരങ്ങള്‍ കോടതിയില്‍ ബോധിപ്പിച്ചു.

 

Latest