Connect with us

brahmapuram fire

ബ്രഹ്മപുരം: ചൊവ്വ മുതൽ ആരോഗ്യ സർവേ, മാസ്ക് വേണം, പ്രചാരണങ്ങളിൽ ആശങ്ക വേണ്ടെന്നും ആരോഗ്യ മന്ത്രി

ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതി പ്ലാന്റില്‍ സന്ദര്‍ശനം നടത്തി.

Published

|

Last Updated

എറണാകുളം | ബ്രഹ്‌മപുരത്തെ തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യ സര്‍വേ ചൊവ്വാഴ്ച മുതല്‍ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ പ്രവര്‍ത്തകര്‍ വീടുകളിലെത്തി സര്‍വേ നടത്തും. പുക ശ്വസിച്ചതുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള അസ്വസ്ഥതകള്‍ ഉള്ളവരുണ്ടെങ്കില്‍ അവരെ കണ്ടെത്തി വിദഗ്ധ ചികിത്സ ഉറപ്പാക്കും. ജനങ്ങളുടെ ആശങ്കയകറ്റാന്‍ മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കും. മൊബൈല്‍ യൂനിറ്റുകളുടെ സേവനവും ലഭ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കി. കൊച്ചിയില്‍ ആരോഗ്യ വകുപ്പിന്റെ സമഗ്ര അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

കളമശേരി മെഡിക്കല്‍ കോളേജിലെ സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ സേവനം കാക്കനാട് ഹെല്‍ത്ത് സെന്ററില്‍ ലഭ്യമാക്കും. മെഡിസിന്‍, പള്‍മണോളജി, ഒഫ്ത്താല്‍മോളജി, പീഡിയാട്രിക്, സൈക്യാട്രി, ഡെര്‍മറ്റോളജി എന്നീ വിഭാഗം ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കും. എല്ലാ അര്‍ബന്‍ ഹെല്‍ത്ത് സെന്ററുകളിലും ശ്വാസ് ക്ലിനിക്കുകള്‍ ആരംഭിക്കും. ഇവിടെ പള്‍മണറി ഫങ്ഷന്‍ ടെസ്റ്റ് നടത്താനാകും. മൊബൈല്‍ ലാബുകളില്‍ നെബുലൈസേഷനും പള്‍മണറി ഫങ്ഷന്‍ ടെസ്റ്റിനുമുള്ള സൗകര്യങ്ങളുണ്ടാകും. എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കില്‍ കണ്ടെത്തി ചികിത്സിയ്ക്കുന്നതിനും ആശങ്കയകറ്റുന്നതിനുമാണ് നടപടി. ആരോഗ്യ വകുപ്പിലേയും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലേയും ഡോക്ടര്‍മാരുടെ നേതൃത്വത്തിലായിരിക്കും ഈ പ്രവര്‍ത്തനങ്ങളെല്ലാം നടക്കുക.

മറ്റ് രോഗമുള്ളവര്‍, കുട്ടികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍ എന്നിവര്‍ പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് ധരിക്കണം. അടിസ്ഥാനമില്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കരുത്. ഈ പ്രചരണങ്ങളില്‍ ആശങ്കയോ ഭയമോ വേണ്ട. കാരണം ഇങ്ങനെ പ്രചരിപ്പിക്കുന്ന പലതിനും ശാസ്ത്രീയ അടിത്തറയില്ലെന്നും മന്ത്രി വ്യക്തമാക്കി. ശ്വാസകോശ സംബന്ധിയായ അവസ്ഥകള്‍ വായുവിന്റെ ഗുണ നിലവാര തോത് അനുസരിച്ച് ഏത് രീതിയില്‍ വ്യത്യാസപ്പെടുന്നുണ്ടെന്ന് നിരീക്ഷിക്കാനുള്ള സംവിധാനം എറണാകുളത്ത് ശക്തമാക്കും. രോഗാവസ്ഥയിലേക്ക് എത്തിച്ചേരുവാനുള്ള സാധ്യതകള്‍ മുന്‍കൂട്ടി കണ്ടെത്തുന്നതിനും അതിനെ പ്രതിരോധിക്കുന്നതിനും ഇതിലൂടെ സാധിക്കും. ഇതിനായി ആധുനിക air quality monitoring devices എറണാകുളം ജില്ലയിലെ തിരഞ്ഞെടുത്ത ആരോഗ്യ സ്ഥാപനങ്ങളില്‍ സ്ഥാപിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഇതുമൂലം രോഗാവസ്ഥയിലേക്ക് എത്തുന്നതിനു മുന്‍പ് തന്നെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുവാന്‍ സാധിക്കും. ശ്വാസ കോശ സംബന്ധിയായ രോഗങ്ങളുടെ നിരീക്ഷണ സംവിധാനം (ari surveillance) ശക്തമാക്കുവാന്‍ ഈ ഉപകരണങ്ങള്‍ സ്ഥാപിക്കുന്നത് വഴി സാധിക്കും. സംസ്ഥാനത്തു നടപ്പാക്കി വരുന്ന ഏകാരോഗ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഈ സംവിധാനം സ്ഥാപിക്കുന്നത്.

അതിനിടെ, ബ്രഹ്‌മപുരം മാലിന്യപ്ലാന്റിലുണ്ടായ തീപിടിത്തത്തെ തുടര്‍ന്നുള്ള സാഹചര്യങ്ങള്‍ വിലയിരുത്താന്‍ ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതി പ്ലാന്റില്‍ സന്ദര്‍ശനം നടത്തി. തീപിടിത്തം സംബന്ധിച്ചും പ്ലാന്റിന്റെ പ്രവര്‍ത്തനം സംബന്ധിച്ചുമുള്ള സ്ഥിതിഗതികള്‍ വിലയിരുത്തി. ജില്ലാ കളക്ടര്‍, തദ്ദേശ സ്വയംഭരണ വകുപ്പ് ചീഫ് എന്‍ജിനീയര്‍, ശുചിത്വമിഷന്‍ ഡയറക്ടര്‍, കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ജോയിന്റ് ചീഫ് എന്‍വയോണ്‍മെന്റല്‍ എന്‍ജിനീയര്‍, കൊച്ചി കോര്‍പ്പറേഷന്‍ സെക്രട്ടറി, ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറി എന്നിവരാണ് സമിതി അംഗങ്ങള്‍.

പ്ലാന്റ് സന്ദര്‍ശിച്ച ശേഷം സമിതി അംഗങ്ങള്‍ യോഗം ചേര്‍ന്നു. വിശദമായ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. 90% പുക അണയ്ക്കാന്‍ കഴിഞ്ഞതായി ജില്ലാ കലക്ടര്‍ എന്‍.എസ്.കെ. ഉമേഷ് പറഞ്ഞു. എസ്‌കവേറ്ററുകളും ഫയര്‍ ആന്റ് റെസ്‌ക്യൂ ഉദ്യോഗസ്ഥരും കോര്‍പ്പറേഷന്‍ ജീവനക്കാരും സിവില്‍ ഡിഫന്‍സ് വൊളന്റിയര്‍മാരും ഊര്‍ജിതമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഏഴ് സെക്ടറുകളില്‍ അഞ്ചിലെയും തീ പൂര്‍ണമായി അണച്ചതാണി കലക്ടർ പറഞ്ഞു. ആഗോളതലത്തില്‍ തന്നെ അംഗീകരിച്ച തീയണയ്ക്കല്‍ രീതിയാണ് ബ്രഹ്‌മപുരത്ത് നടക്കുന്നത്. അതുകൊണ്ട് ഈ രീതിയില്‍ തന്നെ പുക പൂര്‍ണമായി അണയ്ക്കാനാകുമെന്ന് പൂര്‍ണ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Latest