brahmapuram fire
ബ്രഹ്മപുരം: അട്ടിമറിയില്ലെന്ന് പോലീസ് റിപ്പോർട്ട്
മാലിന്യത്തിന്റെ അടിത്തട്ടിൽ ശക്തമായ താപനില തുടരുകയാണെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

എറണാകുളം | ബ്രഹ്മപുരം തീപിടുത്തത്തിൽ അട്ടിമറിയില്ലെന്ന് പൊലീസിൻ്റെ അന്വേഷണ റിപ്പോർട്ട്. പ്ലാന്റിൽ ഇനിയും തീപിടുത്തിന് സാധ്യതയുണ്ട്. അമിതമായ ചൂടാണ് തീപിടുത്തത്തിന് കാരണം. മാലിന്യത്തിന്റെ അടിത്തട്ടിൽ ശക്തമായ താപനില തുടരുകയാണെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
വിശദ പരിശോധന കഴിഞ്ഞ ശേഷമാണ് അട്ടിമറിയില്ലെന്ന് സ്ഥിരീകരിച്ച് റിപ്പോർട്ട് നൽകിയതെന്ന് പൊലീസ് പറയുന്നു. പ്ലാന്റിലെ ജീവനക്കാരുടെയും കരാർ കമ്പനി ഉദ്യോഗസ്ഥരുടെയും മൊഴിയെടുത്തിരുന്നു. സി സി ടി വി ക്യാമറകളും മൊബൈൽ ഫോണുകളും പരിശോധിച്ചു. അതിനിടെ, ബ്രഹ്മപുരത്തെ ഒന്നാം സെക്ടറിൽ കഴിഞ്ഞ ദിവസം തീയും പുകയുമുണ്ടായിരുന്നു. ഇത് പൂർണമായി കെടുത്തിയിട്ടുണ്ട്.
ജാഗ്രത തുടരാനും സ്ഥിതി നിയന്ത്രണത്തിലാണെന്ന് ഉറപ്പു വരുത്താനും അഗ്നി രക്ഷാ വിഭാഗത്തിന് കലക്ടർ നിർദേശം നൽകിയിട്ടുണ്ട്. റീജ്യനൽ ഫയർ ഓഫീസർ ജെ എസ് സുജിത്ത് കുമാറിന്റെയും ജില്ലാ ഫയർ ഓഫീസർ കെ ഹരികുമാറിന്റെയും നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.