brahmapuram fire
ബ്രഹ്മപുരം: പ്രവർത്തിച്ചത് ആറ് സി സി ടി വികൾ, ദൃശ്യങ്ങൾ ശേഖരിച്ചു
മാലിന്യസംസ്കരണ കേന്ദ്രത്തിലെ സെക്ടര്‍ ഒന്നില്‍ നിന്നാണ് തീ പടര്‍ന്നത് എന്നാണ് മനസ്സിലാകുന്നത്.
കൊച്ചി | ബ്രഹ്മപുരം തീപ്പിടിത്തവുമായി ബന്ധപ്പെട്ട് അട്ടിമറി സാധ്യത അന്വേഷിക്കുന്ന പോലീസ് ആറ് സി സി ടി വി ക്യാമറകൾ പ്രവർത്തിച്ചതായി കണ്ടെത്തി. 12 ക്യാമറകളാണ് ഇവിടെ സ്ഥാപിച്ചത്. ഇതിൽനിന്നുള്ള ദൃശ്യങ്ങൾ ശേഖരിച്ചതായും സിറ്റി പൊലീസ് കമ്മിഷണർ കെ സേതുരാമൻ പറഞ്ഞു. ലഭിച്ച ദൃശ്യങ്ങൾ പ്രകാരം, മാലിന്യസംസ്കരണ കേന്ദ്രത്തിലെ സെക്ടര്‍ ഒന്നില്‍ നിന്നാണ് തീ പടര്‍ന്നത് എന്നാണ് മനസ്സിലാകുന്നത്.
കമ്മീഷണർ കെ സേതുരാമന്റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. തൃശൂർ, എറണാകുളം ഫൊറൻസിക് സയൻസ് ലാബുകളിൽ നിന്നുള്ള എട്ടംഗ സംഘം സ്ഥലപരിശോധന നടത്തി കത്തിയ മാലിന്യത്തിന്റെ സാംപിളുകൾ ശേഖരിച്ചിട്ടുണ്ട്. തീപിടിത്തത്തിന് പിന്നില്‍ അട്ടിമറിയുണ്ടെന്ന ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തില്‍ സി സി ടി വി ദൃശ്യങ്ങള്‍ നിര്‍ണായകമാണ്.
തിങ്കളാഴ്ച മുതലാണ് ബ്രഹ്മപുരത്ത് പോലീസ് ശാസ്ത്രീയ പരിശോധന ആരംഭിച്ചത്. ഇന്നലെയും തുടർന്നു. തീപിടിത്തത്തിന്റെ യഥാർഥ കാരണം കണ്ടെത്താൻ വിശദമായ പരിശോധനയും തെളിവെടുപ്പും വേണ്ടി വരുമെന്നു കെ സേതുരാമൻ പറഞ്ഞു.