editorial
ജുഡീഷ്യറിയിൽ ബ്രാഹ്മണ മേധാവിത്വം
വിധി പ്രസ്താവങ്ങളിൽ ഇന്ത്യൻ ഭരണഘടനക്ക് പകരം മനുസ്മൃതിയെ ഉദ്ധരിക്കുന്ന സ്ഥിതിവിശേഷം ജുഡീഷ്യറിയിലെ ബ്രാഹ്മണ്യ സ്വാധീനത്തിന്റെ ഫലമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. 1950നും 2019നുമിടയിൽ സുപ്രീം കോടതിയും വിവിധ ഹൈക്കോടതികളും 38 തവണയെങ്കിലും മനുസ്മൃതി ഉദ്ധരിച്ച് വിധിപ്രസ്താവം നടത്തിയിട്ടുണ്ട്.

രാജ്യത്തെ കോടതി നിയമനങ്ങളിൽ സാമൂഹിക നീതി പാലിക്കപ്പെടുന്നില്ലെന്നും സുപ്രീം കോടതിയിലെയും ഹൈക്കോടതിയിലെയും ജഡ്ജി നിയമനങ്ങളിൽ ബ്രാഹ്മണ മേധാവിത്വമാണെന്നും മദ്രാസ് ഹൈക്കോടതി മുൻ ജഡ്ജിമാരായ കെ ചന്ദ്രു, ഡി ഹരിപരന്താമൻ എന്നിവർ കഴിഞ്ഞ ദിവസം വാർത്താ സമ്മേളനത്തിൽ ചൂണ്ടിക്കാട്ടുകയുണ്ടായി. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സുപ്രീം കോടതിയിലും ഹൈക്കോടതികളിലും നിയമിക്കപ്പെട്ട ജഡ്ജിമാരിൽ 79 ശതമാനവും ജനസംഖ്യയിൽ പത്ത് ശതമാനത്തിൽ താഴെവരുന്ന മുന്നാക്ക ജാതിയിൽപ്പെട്ടവരാണ്.
ബ്രാഹ്മണരാണ് സുപ്രീം കോടതി ജഡ്ജിമാരിൽ 34 ശതമാനവും. പട്ടികജാതി- പട്ടികവർഗ, ന്യൂനപക്ഷ സമുദായങ്ങളിൽ നിന്നുള്ളവർ വെറും രണ്ട് ശതമാനം മാത്രം. ഈ വിഭാഗത്തിൽ നിന്നും വനിതകളിൽ നിന്നുമുള്ള നിയമജ്ഞർക്ക് മതിയായ പ്രാതിനിധ്യം ലഭിക്കുന്നില്ലെന്നും സംയുക്ത വാർത്താസമ്മേളനത്തിൽ കെ ചന്ദ്രുവും ഡി ഹരിപരന്താമനും വ്യക്തമാക്കി. ജഡ്ജി നിയമനങ്ങളിലെ ഈ വിവേചനവും മുന്നാക്ക ജാതിക്കാർക്കുള്ള പ്രത്യേക പരിഗണനയും സാമൂഹിക നീതിക്ക് തടസ്സമാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു. കൊളീജിയം നിയമനത്തിൽ പക്ഷപാതിത്വമുണ്ട്. അതിന്റെ നടപടി ക്രമങ്ങൾ സുതാര്യമല്ലെന്നും ജഡ്ജിമാർ ആരോപിച്ചു.
മുമ്പും പലരും ചൂണ്ടിക്കാട്ടിയതാണ് ജുഡീഷ്യറിയിൽ കൊടികുത്തിവാഴുന്ന ജാതീയതയും ദളിത് വിവേചനവും. ബ്രാഹ്മണ വിഭാഗക്കാരായ ഏതാനും കുടുംബങ്ങളുടെ കൈകളിലാണ് രാജ്യത്തെ ഉന്നത നീതിന്യായ വ്യവസ്ഥയെന്ന് 2016 ജനുവരിയിലെ ഫോർവേഡ് മാസിക കണക്കുകൾ ഉദ്ധരിച്ച് സമർഥിക്കുന്നുണ്ട്. സുപ്രീം കോടതിയിലെയും ഹൈക്കോടതിയിലെയും ജഡ്ജിമാരുടെ നിയമനത്തിൽ സവരണം ബാധകമാക്കിയിട്ടില്ലാത്തതിനാൽ സർക്കാറിന് ഇക്കാര്യത്തിൽ ഇടപെടാനാകുന്നില്ലെന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു. “ജിൻഡാൽ ജേർണൽ ഓഫ് പബ്ലിക് പോളിസി’ 2011ൽ പ്രസിദ്ധീകരിച്ച കണക്കനുസരിച്ച് 1950-70 കാലഘട്ടത്തിലെ സുപ്രീം കോടതിയിലെ ബ്രാഹ്മണ പ്രാതിനിധ്യം 40 ശതമാനവും മറ്റു ഉന്നത ജാതിക്കാരുടെ പ്രാതിനിധ്യം 57.1 ശതമാനവും പിന്നാക്ക വിഭാഗങ്ങളുടേത് കേവലം 2.9 ശതമാനവുമാണ്.
ഇക്കാലയളിൽ പട്ടികജാതി- പട്ടിക വർഗത്തിൽ നിന്ന് ഒരു ജഡ്ജി പോലും നിയമിതനായിട്ടില്ല. 1970- 1990 കാലഘട്ടത്തിൽ ബ്രാഹ്മണർ 45.2 ശതമാനം, മറ്റു ഉന്നത ജാതിക്കാർ 42.9 ശതമാനം, പട്ടികജാതി 4.6 ശതമാനം ഇതര പിന്നാക്ക വിഭാഗങ്ങൾ 6.8 ശതമാനം എന്നിങ്ങനെയാണ് ജാതി തിരിച്ചുള്ള കണക്കുകൾ. പട്ടികജാതി വിഭാഗത്തിൽ നിന്ന് സുപ്രീം കോടതിയിൽ ആദ്യമായി ഒരു ജഡ്ജി നിയമിതനാകുന്നത് രാജ്യം സ്വാതന്ത്ര്യം നേടി 32 വർഷം പിന്നിട്ട ശേഷം 1980ലാണ്. ജസ്റ്റിസ് എ വരദരാജനായിരുന്നു പട്ടികജാതിക്കാരനായ പ്രഥമ ജഡ്ജി. ദേശീയ പട്ടികജാതി കമ്മീഷന്റെ 2011ലെ കണക്കനുസരിച്ച് 21 ഹൈക്കോടതിയിലെ 850 ജഡ്ജിമാരിൽ 24 പേർ മാത്രമാണ് പട്ടികജാതി- വർഗ വിഭാഗത്തിൽ പ്പെട്ടവർ. 14 ഹൈക്കോടതികളിൽ ഈ വിഭാഗത്തിൽപ്പെട്ട ഒരു ജഡ്ജി പോലുമില്ല. ഉന്നത കോടതികൾ അമികസ്‌ക്യൂറിമാരെയും മധ്യസ്ഥരെയും നിയമിക്കുമ്പോൾ പോലും ഉന്നതജാതിക്കാരായ അഭിഭാഷകരെയാണ് പരിഗണിക്കുന്നതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഉന്നത ജൂഡീഷ്യറി നിയമനങ്ങളിൽ പിന്നാക്ക വിഭാഗങ്ങൾ അവഗണിക്കപ്പെടുന്നതിൽ ആശങ്കയറിയിച്ചുകൊണ്ട് ദേശീയ പട്ടികജാതി കമ്മീഷൻ 2014 ഡിസംബർ 11ന് റിപോർട്ട് പ്രസിദ്ധീകരിച്ചിരുന്നു. ജുഡീഷ്യറിയിലെ നിലവിലെ ഘടന ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന സാമൂഹിക സമത്വത്തിനും നീതിക്കും പൊരുത്തപ്പെടുന്നതല്ലെന്നും ഉന്നത ജൂഡീഷ്യറിയിലെ പദവികളെല്ലാം ഉയർന്ന ജാതിക്കാർ കൈയടക്കിവെച്ചിരിക്കുകയാണെന്നും ഈ ജാതീയ മേധാവിത്വം കോടതി ഉത്തരവുകളിലും വിധിപ്രസ്താവനകളിലും പ്രതിഫലിക്കുന്നതായും റിപോർട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്. മദ്രാസ് ഹൈക്കോടതിയിലും കൊൽക്കത്ത ഹൈക്കോടതിയിലും സേവനമനുഷ്ഠിച്ച ദളിത് ജഡ്ജി ജസ്റ്റിസ് കർണൻ ഉന്നത ജാതിക്കാരായ മറ്റ് ജഡ്ജിമാരിൽ നിന്ന് നേരിട്ട ജാതീയ വിവേചനവും പീഡനവും റിപോർട്ട് എടുത്തുപറയുന്നു. ജൂഡീഷ്യറിയിലെ ജാതി വിവേചനത്തെ വിമർശിച്ചതിന് കോടതിയലക്ഷ്യം ചുമത്തി ജസ്റ്റിസ് കർണനെ ആറ് മാസത്തെ തടവിന് ശിക്ഷിച്ചിരുന്നു സുപ്രീം കോടതി.
വിധി പ്രസ്താവങ്ങളിൽ ഇന്ത്യൻ ഭരണഘടനക്ക് പകരം മനുസ്മൃതിയെ ഉദ്ധരിക്കുന്ന സ്ഥിതിവിശേഷം ജുഡീഷ്യറിയിലെ ബ്രാഹ്മണ്യ സ്വാധീനത്തിന്റെ ഫലമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. 1950നും 2019നുമിടയിൽ സുപ്രീം കോടതിയും ബോംബെ, അലഹബാദ്, മദ്രാസ് തുടങ്ങി വിവിധ ഹൈക്കോടതികളും 38 തവണയെങ്കിലും മനുസ്മൃതി ഉദ്ധരിച്ച് വിധിപ്രസ്താവം നടത്തിയിട്ടുണ്ട്. ഇതിൽ 26 എണ്ണവും രാജ്യത്ത് ഹിന്ദുത്വ ഫാസിസം ശക്തപ്പെട്ട 2009നും 2019നുമിടയിലായിരുന്നു.
ഭരണഘടനാ മൂല്യങ്ങളായ സാമൂഹിക സമത്വം സാധ്യമാക്കുന്നതിനും അരികുവത്കരിക്കപ്പെട്ടവരുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനും കോടതിമുറികളിൽ എല്ലാ വിഭാഗത്തിന്റെയും മതിയായ പ്രാതിനിധ്യവും വൈവിധ്യമാർന്ന അഭിപ്രായങ്ങളും ലഭ്യമാകണം. ജഡ്ജിമാർ, അഭിഭാഷകർ, ക്ലാർക്കുമാർ എന്നിവരിലെല്ലാം വേണം ഈ വൈവിധ്യം. സാമൂഹിക നീതിയുടെ മൂല്യം ഉൾക്കൊള്ളുന്ന ജുഡീഷ്യറിയാണ് രാജ്യത്തിനാവശ്യം. കൊളീജിയം നിർത്തലാക്കി പകരം പട്ടികജാതി, പട്ടികവർഗ, ഒ ബി സി, ന്യൂനപക്ഷ വിഭാഗത്തിൽ നിന്ന് കുറഞ്ഞത് ഒരാളെങ്കിലും ഉൾക്കൊള്ളുന്ന ദേശീയ ജുഡീഷ്യൽ കമ്മീഷൻ രൂപവത്കരിക്കുകയാണ് ദേശീയ പട്ടികജാതി കമ്മീഷൻ നിർദേശിക്കുന്ന പരിഹാരം. സുപ്രീം കോടതിയിലേക്കും ഹൈക്കോടതികളിലേക്കും നിയമനങ്ങൾ നടത്തുമ്പോൾ ദേശീയ ജുഡീഷ്യൽ കമ്മീഷൻ 49.5 ശതമാനം സംവരണം പാലിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെടുന്നു. ഒ ബി സികൾക്ക് 27 ശതമാനവും എസ് സിക്ക് 15ഉം എസ് ടിക്ക് 7.5 ശതമാനവും സംവരണമെന്നാണ് ഇതിനർഥം.