സയൻസ് സ്ലാം
ബ്രയിൻ ചിപ്പ്: സ്വപ്നം പോലും ഇനി സ്ക്രീനിൽ തെളിയും
ഈ വർഷമാണ് ന്യൂറാലിങ്ക് ബ്രയിൻ ചിപ്പ് മനുഷ്യരിൽ വിജയകരമായി സ്ഥാപിച്ചത്. പ്രത്യേകം തയ്യാറാക്കിയ റോബോട്ട് ആണ് ചിപ്പ് ഇംപ്ലാന്റ് തലച്ചോറിനുള്ളിൽ നടത്തുക. വയർലെസ് ആയി ചാർജ് ചെയ്യാനാകുന്ന ബാറ്ററിയിലാണ് ചിപ്പിന്റെ പ്രവർത്തനം.
ഉറക്കത്തിന്റെ സുഷുപ്തിയിലെപ്പോഴോ കണ്ട സ്വപ്നം പൂർണമായും ഓർത്തെടുത്തിരുന്നെങ്കിലെന്ന് ആഗ്രഹിക്കാത്ത മനുഷ്യരുണ്ടോ? ചിന്തിക്കുന്നതെല്ലാം സ്ക്രീനിൽ തെളിയുന്ന കാലമാണിതെന്നതാണ് ശാസ്‌ത്രലോകത്ത് നിന്നുള്ള പുതിയ വിശേഷം. എട്ട് വർഷത്തിലേറെയായി ഇലോൺ മസ്‌കിന്റെ കമ്പനിയായ ന്യൂറാലിങ്ക് ഇതിനുള്ള ശ്രമത്തിലായിരുന്നു. ഈ ശ്രമത്തിൽ ഇവർ വിജയിച്ചു എന്നതാണ് പുതിയ വാർത്ത. ആദ്യമായി മനുഷ്യന്റെ തലച്ചോറിൽ ബ്രയിൻ ചിപ്പ് വിജയകരമായി ഘടിപ്പിച്ചെന്നും ചിപ്പ് പിടിപ്പിച്ച രോഗി സുഖം പ്രാപിച്ച് വരികയാണെന്നുമാണ് ഇലോൺ മസ്‌ക് സാമൂഹിക മാധ്യമമായ എക്സിലൂടെ പുറത്തുവിട്ട വിവരം. ടെലിപ്പതി എന്നാണിതിന് ന്യൂറോലിങ്ക് നൽകിയ പേര്.
ഇംപ്ലാന്റബിൾ ബ്രെയിൻ- മെഷീൻ ഇന്റർഫേസുകൾ (ബി എം ഐ) വികസിപ്പിച്ചെടുക്കുന്ന അമേരിക്കൻ ന്യൂറോ ടെക്നോളജി കമ്പനിയാണ് ന്യൂറാലിങ്ക് കോർപറേഷൻ. 2016 ലാണ് തുടക്കം. 2020 മുതലാണ് തലച്ചോറിനെ കന്പ്യൂട്ടറുമായി കണക്ട് ചെയ്യുന്ന സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതിൽ ഇവർ കൂടുതൽ ശ്രദ്ധചെലുത്തിയത്.
നൂറാലിങ്ക് പരീക്ഷണം ആദ്യം നടത്തിയത് കുരങ്ങുകളിലായിരുന്നു. 2023 മെയിലാണ് ബ്രയിൻ ചിപ്പ് മനുഷ്യരിൽ ഘടിപ്പിക്കാനുള്ള സാങ്കേതിക അനുമതി ലഭിച്ചത്. പരീക്ഷണത്തിന്റെ ഭാഗമാകാൻ താത്പര്യമുള്ളവരെ ന്യൂറാലിങ്ക് ആസ്ഥാനത്തേക്ക് ക്ഷണിച്ചിരുന്നു. മനുഷ്യരുടെ തലച്ചോറുമായി സാമ്യമുള്ള കുരങ്ങുകളിലായിരുന്നു ആദ്യ ഘട്ട പരീക്ഷണം. ചിപ്പ് ഘടിപ്പിച്ച കുരങ്ങുകൾ വെർച്വൽ കീബോർഡ് ഉപയോഗിച്ച് ടെലിപ്പതി ടൈപ്പിംഗ് നടത്തുന്ന ദൃശ്യങ്ങൾ കമ്പനി പുറത്തുവിട്ടിരുന്നു. ചിപ്പ് ഘടിപ്പിച്ച കുരങ്ങുകളിൽ ശാരീരിക അവശതകളുണ്ടായി. ശരീരത്തിന്റെ ഒരു വശം തളർന്നു പോകുന്നതായും തലച്ചോറിൽ വീക്കം വരുന്നതായും കണ്ടെത്തി. പരീക്ഷണം തുടരുന്നതിനെതിരെ അമേരിക്കയിലെ മൃഗസംരക്ഷണ പ്രവർത്തകർ രംഗത്തെത്തിയിരുന്നു.
ബ്ലൂടുത്ത് റിമോട്ടിനെ ടിവിയുമായി കണക്റ്റ് ചെയ്യും പോലെ മനുഷ്യന്റെ തലച്ചോറിനെ യന്ത്രങ്ങളുമായി ബന്ധിപ്പിക്കാനുള്ള ശ്രമമാണ് ന്യൂറാലിങ്കിന്റേത്.
2020 ൽ പന്നികളിൽ ന്യൂറാലിങ്ക് ഉപകരണം സ്ഥാപിച്ച് ഇലോൺ മസ്‌ക് പ്രദർശനം നടത്തിയിരുന്നു. കാലിഫോർണിയയിലെ ആസ്ഥാനത്ത് നടന്ന പരിപാടിയിൽ മൂന്ന് പന്നികളെയാണ് പ്രദർശിപ്പിച്ചത്. പന്നിയുടെ തലച്ചോറിൽ നിന്നുള്ള സിഗ്നലുകൾ വയർലെസ് ആയി തൊട്ടടുത്ത കന്പ്യൂട്ടറിലേക്ക് എത്തിച്ചു.
2024 ജനുവരി 30 നാണ് ന്യൂറാലിങ്ക് ബ്രയിൻ ചിപ്പ് മനുഷ്യരിൽ വിജയകരമായി സ്ഥാപിച്ചത്. കമ്പനി തയ്യാറാക്കിയ നാനോ ഇലക്ട്രോ നാരുകൾക്ക് കൂടിയ അളവിൽ വിവരങ്ങൾ കൈമാറാനുള്ള ശേഷിയുണ്ട്. ഇതിന്റെ ഒരറ്റം ബ്രയിൻ ചിപ്പുമായി ഘടിപ്പിക്കും. ഇലക്ട്രോ നാരുകളുടെ മറ്റേ അറ്റം തലച്ചോറിന്റെ നിശ്ചിത ഭാഗങ്ങളിൽ ഘടിപ്പിക്കും. ഇതെല്ലാം തലയോട്ടിക്കുള്ളിൽ ഒതുക്കിവെക്കാൻ കഴിയും. പ്രത്യേകം തയ്യാറാക്കിയ റോബോട്ട് ആണ് ചിപ്പ് ഇംപ്ലാന്റ് തലച്ചോറിനുള്ളിൽ നടത്തുക.
വയർലെസ് ആയി ചാർജ് ചെയ്യാനാകുന്ന ബാറ്ററിയിലാണ് ചിപ്പിന്റെ പ്രവർത്തനം. ചിപ്പ് ന്യൂറൽ സിഗ്നലുകൾ പ്രോസസ് ചെയ്യുകയും അവ വയർലെസ് ഐയി ന്യൂറാലിങ്ക് ആപ്ലിക്കേഷനിലേക്ക് അയക്കുകയും ചെയ്യുക. ആപ്ലിക്കേഷനാണ് തലച്ചോറിൽ നിന്നുള്ള വിവരങ്ങൾ ഡീകോഡ് ചെയ്ത് പ്രവർത്തനങ്ങളാക്കുക. തുടക്കത്തിൽ തളര്‍വാതം, അല്‍ഷിമേഴ്സ്, പാര്‍ക്കിന്‍സണ്‍ തുടങ്ങിയ നാഡീസംബന്ധമായ രോഗങ്ങളുള്ളവര്‍ക്കാണ് ടെലിപ്പതി സാധ്യത പ്രയോജനപ്പെടുത്തുക.