Connect with us

From the print

അൻവറിൽ തിളച്ച് ബ്രാഞ്ച് സമ്മേളനങ്ങൾ; പി ശശിക്കും ഇ പിക്കും വിമർശം

രണ്ടാം പിണറായി സർക്കാറിനെ ജനങ്ങളിൽ നിന്നകറ്റിയത് പി ശശി അധികാരം കൈയടക്കിയതോടെയാണെന്നും വിമർശമുയരുന്നുണ്ട്

Published

|

Last Updated

കണ്ണൂർ | സി പി എം ബ്രാഞ്ച് സമ്മേളനങ്ങളിൽ പി വി അൻവർ ഉയർത്തിയ ആരോപണങ്ങളും പി ശശിക്കെതിരായ വിമർശവും കത്തുന്നു. ഈ മാസം ഒന്നിനായിരുന്നു ബ്രാഞ്ച് സമ്മേളനങ്ങൾക്ക് തുടക്കമായത്. ആദ്യ സമ്മേളനങ്ങളിൽ പ്രധാനമായും തിരഞ്ഞെടുപ്പിലെ തിരിച്ചടിയായിരുന്നു ചർച്ച ചെയ്യപ്പെട്ടതെങ്കിൽ അൻവറിന്റെ ആരോപണങ്ങൾ വന്നതോടെ ബ്രാഞ്ച് സമ്മേളനങ്ങൾ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി കണ്ണൂർ ജില്ലക്കാരൻ കൂടിയായ പി ശശിക്കെതിരായ കടുത്ത വിമർശങ്ങളുടെ വേദിയായി മാറുകയായിരുന്നു. നേരത്തേ ആരോപണത്തെ തുടർന്ന് സി പി എമ്മിൽ നിന്ന് നടപടി നേരിട്ട പി ശശി പിന്നീട് പെട്ടെന്നായിരുന്നു ഉന്നത കേന്ദ്രങ്ങളിലേക്ക് തിരിച്ചെത്തിയത്. മുഖ്യമന്ത്രിയുടെ വിശ്വസ്തൻ എന്ന നിലയിൽ പിന്നീട് അധികാര കേന്ദ്രമാകുകയായിരുന്നു. സി പി എമ്മിലെ പല നേതാക്കൾക്കും ശശിയുടെ അമിതമായ ഇടപെടൽ അമർഷത്തിനിടയാക്കിയിട്ടുണ്ടെങ്കിലും മുഖ്യമന്ത്രിയുടെ വിശ്വസ്തനെന്ന ലേബൽ അദ്ദേഹത്തിന് രക്ഷയാവുകയായിരുന്നു. സമീപ കാലത്ത് ജനങ്ങളിൽ സർക്കാർ വിരുദ്ധ വികാരമുണ്ടാക്കാൻ പോലീസിന്റെ വീഴ്ചകൾ കാരണമായിട്ടുണ്ടെന്നും ശശിയാണ് പോലീസിന് കൂട്ടെന്നും ചർച്ചകളുയർന്നു.

രണ്ടാം പിണറായി സർക്കാറിനെ ജനങ്ങളിൽ നിന്നകറ്റിയത് പി ശശി അധികാരം കൈയടക്കിയതോടെയാണെന്നും വിമർശമുയരുന്നുണ്ട്. ഈ സാഹചര്യത്തിൽ പിണറായി സർക്കാറിൽ കാര്യമായ മാറ്റങ്ങൾ വേണമെന്നും ബ്രാഞ്ച് സമ്മേളന പ്രതിനിധികൾ ആവശ്യപ്പെടുന്നു. അടുത്ത ഭരണം വേണമെങ്കിൽ പി ശശിയെ പോലുള്ളവരെ മാറ്റണമെന്നും അവർ തുറന്നടിക്കുന്നു. ആഭ്യന്തര വകുപ്പ് വൻ പരാജയമാണെന്ന വിമർശമാണ് ബ്രാഞ്ച് സമ്മേളനങ്ങളിൽ പ്രധാനമായും ഉയരുന്നത്. ഇതിന് കാരണക്കാരൻ പി ശശിയാണെന്നും അദ്ദേഹത്തെ മുഖ്യമന്ത്രി കണ്ണുമടച്ച് വിശ്വസിച്ചതാണ് കാരണമെന്നും അംഗങ്ങൾ പറയു ന്നു. ഇ പി ജയരാജനെതിരെയും സമ്മേളനങ്ങളിൽ വിമർശമുയർന്നിട്ടുണ്ട്. പാർട്ടിക്ക് പലപ്പോഴും തിരിച്ചടിയുണ്ടായത് ജയരാജന്റെ നിലപാടുകളാണെന്നും വിമർശമുയർന്നു. പാർട്ടിയെ പ്രതിരോധത്തിലാക്കുന്ന നേതാക്കൾക്ക് മൂക്കുകയർ വേണമെന്നും ആവശ്യമുയർന്നു.

Latest