Connect with us

Qatar World Cup 2022

ദക്ഷിണ കൊറിയയെ ഗോൾമഴയിൽ മുക്കി ബ്രസീൽ ക്വാർട്ടറിൽ

ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് കാനറിപക്ഷികൾ കൊറിയയെ നിലംപരിശാക്കിയത്.

Published

|

Last Updated

ദോഹ | ഖത്വര്‍ ലോകകപ്പിലെ പ്രിക്വാര്‍ട്ടര്‍ മത്സരത്തില്‍ ദക്ഷിണ കൊറിയയെ ഗോൾമഴയിൽ മുക്കി ബ്രസീല്‍. ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് കാനറിപക്ഷികൾ കൊറിയയെ നിലംപരിശാക്കിയത്. ആദ്യ പകുതിയില്‍ തന്നെ ബ്രസീല്‍ നാല് ഗോളുകൾ നേടിയിരുന്നു. വിനിഷ്യസ് ജൂനിയര്‍, നെയ്മര്‍, റിച്ചാര്‍ളിസന്‍, ലൂകാസ് പക്വിറ്റെ എന്നിവരാണ് സ്‌കോറര്‍മാര്‍.

കളിയുടെ ഏഴാം മിനുട്ടിലാണ് ബ്രസീല്‍ ഗോള്‍വേട്ടക്ക് തുടക്കമിട്ടത്. സുന്ദരമായ ഷോട്ടിലൂടെ വിനിഷ്യസ് ജൂനിയര്‍ ആയിരുന്നു ഗോള്‍ നേടിയത്. 13ാം മിനുട്ടില്‍ പെനല്‍റ്റിയിലൂടെയാണ് നെയ്മര്‍ കൊറിയന്‍ വല ചലിപ്പിച്ചത്. 11ാം മിനുട്ടില്‍ കൊറിയയുടെ ജുംഗ് വൂ യൂംഗ് ആണ് പെനല്‍റ്റി വഴങ്ങിയത്. 29ാം മിനുട്ടിലായിരുന്നു റിച്ചാര്‍ളിസന്റെ ആവേശകരമായ ഗോള്‍ പിറന്നത്. 36ാം മിനുട്ടില്‍ ലൂകാസിന്റെ വക നാലാം ഗോളും കൊറിയന്‍ വലയിലെത്തി.

ആദ്യ പകുതിയെ അപേക്ഷിച്ച് വിരസമായിരുന്നു രണ്ടാം പകുതി. അവസരങ്ങള്‍ കൈക്കുമ്പിളിലെത്തിയിട്ടും മുതലാക്കാന്‍ ബ്രസീലിന് സാധിച്ചില്ല. കൊറിയയുടെ മുന്നേറ്റങ്ങള്‍ ബ്രസീലിയന്‍ പ്രതിരോധ മതിലില്‍ തട്ടിയുടകയും ചെയ്തു. അതേസമയം, ദക്ഷിണ കൊറിയ ആശ്വാസ ഗോള്‍ നേടിയത് രണ്ടാം പകുതിയിലാണ്.

76ാം മിനുട്ടില്‍ പെയ്ക് സ്യൂംഗ് ഹോ ആണ് അത്യുഗ്രന്‍ ഇടങ്കാലന്‍ ഷോട്ടിലൂടെ ബ്രസീലിയന്‍ പ്രതിരോധ മറ മറികടന്ന് ഗോളടിച്ചത്. സെറ്റ് പീസിനെ തുടര്‍ന്നുള്ള ബോളാണ് ഗോളായത്. ഇതോടെ ദക്ഷിണ കൊറിയ ലോകകപ്പിൽ നിന്ന് പുറത്തായി. ക്രൊയേഷ്യയാണ് ക്വാർട്ടറിൽ ബ്രസീലിൻ്റെ എതിരാളികൾ.

Latest