Ongoing News
ബ്രസീൽ വീണു; ക്രൊയേഷ്യ സെമിയിൽ
പെനാൽട്ടി ഷൂട്ടൗട്ടിൽ രണ്ടിനെതിരെ നാലു ഗോളുകൾക്കാണ് ക്രൊയേഷ്യയുടെ വിജയം
ദോഹ | ഖത്തർ ലോകകപ്പ് അട്ടിമറികളുടെതെന്ന് ഒരിക്കൽ കൂടി തെളിഞ്ഞു. ആറാം കിരീട സ്വപ്നവുമായി ഖത്തറിലെത്തിയ ഫുട്ബോളിലെ മുടിചൂടാ മന്നൻമാരായ ബ്രസീൽ സെമി കാണാതെ പുറത്ത്. പെനാൽട്ടി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തിൽ ബ്രസീലിനെ വീഴ്ത്തി ക്രൊയേഷ്യ സെമി ഫൈനലിലെത്തി.
നിശ്ചിത സമയം ഗോൾരഹിതമായും അധിക സമയത്ത് ഇരുടീമുകളും ഓരോ ഗോൾ വീതം അടിച്ച് സമനില പാലിക്കുകയും ചെയ്തതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. പെനാൽട്ടി ഷൂട്ടൗട്ടിൽ രണ്ടിനെതിരെ നാലു ഗോളുകൾക്കാണ് ക്രൊയേഷ്യയുടെ വിജയം. ക്രൊയേഷ്യയ്ക്കായി നിക്കോളാ വ്ലാസിച്ച്, ലോവ്‌റോ മയർ, ലൂക്കാ മോഡ്രിച്ച്, മിസ്‌ലാവ് ഓർസിച്ച് എന്നിവർ ലക്ഷ്യം കണ്ടു. ബ്രസീലിനായി കാസമിറോ, പെഡ്രോ എന്നിവരാണ് ഗോൾ നേടിയത്.
ആദ്യ കിക്കെടുത്ത റോഡ്രിഗോയുടെ ഷോട്ട് ക്രൊയേഷ്യൻ ഗോൾകീപ്പർ ഡൊമിനിക്ക് ലിവാക്കോവിച്ച് തടുത്തിട്ടു. നാലാം കിക്കെടുത്ത മാർക്വീഞ്ഞോസിന്റെ ഷോട്ട് പോസ്റ്റിൽത്തട്ടി തെറിച്ചതോടെ ബ്രസീൽ പുറത്തായി.
നേരത്തെ, അധികസമയത്തിന്‍റെ ഇൻജുറി ടൈമിൽ സൂപ്പർതാരം നെയ്മർ നേടിയ ഗോളിലൂടെ ബ്രസിലാണ് ആദ്യം മുന്നിലെത്തിയത്. ക്രൊയേഷ്യൻ ഗോൾമുഖത്തേക്ക് ബ്രസീൽ നടത്തിയ മുന്നേറ്റത്തിനൊടുവിൽ ലൂകാസ് പെക്വറ്റ നൽകിയ പാസ് നെയ്മർ ക്ലിനിക്കൽ ഫിനിഷിങ്ങിലൂടെ വലയിലെത്തിച്ചു. അധിക സമയത്തിന്‍റെ രണ്ടാം പകുതിയിൽ (117) പകരക്കാരനായി ഇറങ്ങിയ ക്രൊയേഷ്യൻ താരം ബ്രൂണോ പെറ്റ്കോവിച്ച് ഗോൾ തിരിച്ചടിച്ചു. മിസ്ലാവ് ഓർസിച്ച് ബോക്സിന്‍റെ ഇടതുപാർശ്വത്തിൽനിന്ന് നൽകിയ ക്രോസ് പെറ്റ്കോവിച്ച് ഗോൾപോസ്റ്റിലെത്തിച്ചു.
തുടർച്ചയായ രണ്ടാം തവണയാണ് ക്രൊയേഷ്യ സെമിയിലെത്തുന്നത്. ഡിസംബർ 13നു നടക്കുന്ന ഒന്നാം സെമിഫൈനലിൽ അർജന്റീന – നെതർലൻഡ്സ് ക്വാർട്ടർ വിജയികളാണ് ക്രൊയേഷ്യയുടെ എതിരാളികൾ.
2014ൽ സ്വന്തം നാട്ടിൽ നടന്ന ലോകകപ്പിലാണ് ബ്രസീൽ അവസാനമായി സെമി ഫൈനൽ കളിച്ചത്.