Connect with us

Business

ലുലുവുമായി ധാരണാപത്രത്തില്‍ ഒപ്പ് വെച്ച് ബ്രസീല്‍ ട്രേഡ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ്‌ പ്രമോഷന്‍ ഏജന്‍സി

സഊദി-ബ്രസീല്‍ വാണിജ്യബന്ധം വിപുലമാക്കുന്നതില്‍ ലുലു ഗ്രൂപ്പിന് നിര്‍ണായക പങ്കാളിത്തം.

Published

|

Last Updated

റിയാദ് | ബ്രസീലുമായി സഊദി അറേബ്യയുടെ വ്യാപാര പങ്കാളിത്തം ശക്തമാക്കുന്നതിന്റെ ഭാഗമായി ലുലു മേധാവികളും ഫെഡറേറ്റീവ് റിപ്പബ്ലിക് ഓഫ് ബ്രസീലിന്റെ സാരഥികളും സുപ്രധാനമായ ധാരണാപത്രത്തില്‍ ഒപ്പ് വെച്ചു. ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ഗ്രൂപ്പിന്റെ സജീവ പങ്കാളിത്തം കൂടി ഉറപ്പ് വരുത്തുന്ന കരാറാണ് രൂപവത്കരിച്ചത്.

ബ്രസീല്‍ വൈസ് പ്രസിഡന്റിന്റെ സഊദി സന്ദര്‍ശനത്തോടനുബന്ധിച്ചാണ് പ്രമോഷന്‍ ഏജന്‍സിയും ലുലു സഊദി ഹൈപ്പര്‍മാര്‍ക്കറ്റ് മേധാവികളും ധാരണാപത്രത്തില്‍ ഒപ്പിട്ടത്. ബ്രസീലിയന്‍ ഉത്പന്നങ്ങളുടെ സഊദി വിപണി ശക്തമാക്കുകയെന്ന ലുലുവിന്റെ വിശാലലക്ഷ്യം യാഥാര്‍ഥ്യമാകുന്നതിന് ലുലു സഊദി ഔട്ട്ലെറ്റ് ശൃംഖലകള്‍ പ്രയോജനപ്പെടുത്താനാകും.

അപെക്സ് ബ്രസീല്‍ പ്രസിഡന്റ് ജോര്‍ജ് നെയ് വിയാന മാസിഡോ നെവസ്, ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് സഊദി ഡയരക്ടര്‍ ഷഹീം മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ് ധാരണാപത്രത്തില്‍ ഒപ്പ് വെച്ചത്. ബ്രസീലിയന്‍ വൈസ് പ്രസിഡന്റ് ജെറാള്‍ഡോ അല്‍ക് മിന്‍, സഊദി നിക്ഷേപകാര്യ മന്ത്രി ഖാലിദ് അല്‍ ഫാലിഹ് എന്നിവരുടെ സാന്നിധ്യത്തിലാണ് ഉഭയകക്ഷി പ്രതിനിധികള്‍ ഒപ്പിട്ടത്.

സഊദി അറേബ്യയുമായുള്ള ബ്രസീലിന്റെ വ്യാപാര പങ്കാളിത്തം കൂടുതല്‍ ശക്തമാക്കുന്നതിനും ഇരുരാജ്യങ്ങള്‍ക്കുമിടയിലുള്ള ബിസിനസ്സ് ശൃംഖല വിപുലമാക്കുന്നതിനും ഉദ്ദേശിച്ചുള്ള ചരിത്രപ്രധാനമായ സന്ദര്‍ശനമാണ് ബ്രസീലിയന്‍ വൈസ് പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള മന്ത്രിമാരും വ്യവസായ പ്രമുഖരും സഊദി തലസ്ഥാനത്ത് നടത്തിയത്. കാര്‍ഷിക മേഖലയിലും വ്യവസായ മേഖലയിലും ബ്രസീലിയന്‍ സഹകരണം ഉറപ്പ് വരുത്തുന്ന സന്ദര്‍ശനത്തില്‍ അരി, ചോളം, സോയാബീന്‍, കരിമ്പ്, പൊട്ടാറ്റോ, ധാന്യം, തക്കാളി, തണ്ണിമത്തന്‍, ഉള്ളി തുടങ്ങിയ വിഭവങ്ങള്‍ക്കു പുറമേ ബ്രസീലിയന്‍ ബീഫ്, ചിക്കന്‍, ആട്ടിറച്ചി എന്നിവയുടെ വിപണിയും സഊദിയില്‍ വിപുലമാക്കുന്നതിന് ലുലുവിന്റെ സഹകരണം ഉറപ്പുവരുത്തുന്നതാണ് പുതിയ കരാര്‍.

‘സഊദി-ബ്രസീല്‍ വ്യാപാര പങ്കാളിത്തത്തിന് ഉപോദ്ബലകമായ വിധത്തില്‍ ശക്തമായൊരു പാര്‍ട്ണര്‍ എന്ന നിലയില്‍ കൈവന്ന ഈ അവസരത്തെ ലുലു ഹാര്‍ദമായി സ്വാഗതം ചെയ്യുന്നു. കരാര്‍ ഒപ്പ് വെച്ച സ്വകാര്യമേഖലയിലുള്ള ഏക സ്ഥാപനമാണ് ലുലു എന്നത് അഭിമാനകരമാണ്. ഉപഭോക്താക്കള്‍ക്കിടയില്‍ യശസ്സ് നേടിയിട്ടുള്ള ബ്രസീലിയന്‍ മാംസ-പച്ചക്കറി-പഴം ഉത്പന്നങ്ങളുടെ വിപണി വലുതാക്കുന്നതിനും ബ്രസീലിയന്‍ ഉത്പന്നങ്ങള്‍ സഊദി മാര്‍ക്കറ്റ് കീഴടക്കുന്നതിനുള്ള മെച്ചപ്പെട്ട ട്രാന്‍സ്പോര്‍ട്ട് ടെക്നോളജി, ഫുഡ് ടെക്നോളജി എന്നിവ പ്രയോജനപ്പെടുത്തി പുതിയൊരു ഉപഭോക്തൃ സംസ്‌കാരം രൂപപ്പെടുത്തുന്നതിനും ലുലു പ്രതിജ്ഞാബദ്ധതയോടെ പ്രവര്‍ത്തിക്കും.’- സഊദി ലുലു ഡയരക്ടര്‍ ഷഹീം മുഹമ്മദ് പറഞ്ഞു.

 

Latest