തെളിയോളം
ഈ തടവറ തകർത്തു കൂടേ
ക്ഷമിക്കുമ്പോൾ, നിങ്ങൾ ആ സുരക്ഷിതമായ മതിൽക്കെട്ടിനപ്പുറത്തേക്ക് നീങ്ങുകയാണ്.ഇത് നിങ്ങളുടെ തന്നെ സമാധാനപൂർണവും സ്വതന്ത്രവുമായ വിശാല ലോകത്തേക്കുള്ള ശരിയായ സഞ്ചാര വഴിയാണ്. ഇത് എത്രത്തോളം സാധ്യമാകുമോ അത്രയധികം നമുക്ക് ഉത്തരവാദിത്വം ഏറ്റെടുക്കാനും ഒരു പുതിയ വഴി തിരഞ്ഞെടുക്കാനും കഴിയും
“നിങ്ങൾ ക്ഷമിക്കുമ്പോൾ, നിങ്ങൾ ഒരു തരത്തിലും ഭൂതകാലത്തെ മാറ്റുന്നില്ല – എന്നാൽ നിങ്ങൾ തീർച്ചയായും ഭാവിയെ മാറ്റും.’ എന്ന ബെർണാഡ് മെൽറ്റ്സറുടെ വചനം മിക്ക സന്ദർഭങ്ങളിലും നമുക്ക് ഓർത്തെടുക്കേണ്ടി വരും. ആരെങ്കിലും നിങ്ങളോട് തെറ്റ് ചെയ്യുമ്പോൾ, ഒരിക്കലും അത് മറികടക്കാൻ കഴിയില്ലെന്ന് നിങ്ങൾക്ക് ഉറപ്പുണ്ടായേക്കാം. നിങ്ങളുടെ പെട്ടെന്നുള്ള കോപം കടന്നുപോയതിനു ശേഷവും, വഞ്ചനയെ ഓർമയിലേക്ക് മങ്ങാൻ അനുവദിക്കുന്നതിനുപകരം നിങ്ങൾ അതിൽ തുടർന്നുകൊണ്ടേയിരിക്കാനാണ് സാധ്യത. ഇത് വളരെ സാധാരണമായ ഒരു കാര്യമാണ്. എന്നാൽ ക്ഷമിക്കാൻ കഴിയാതെ നിങ്ങൾ മനസ്സിൽ കൊണ്ട് നടക്കുന്ന ആ ഭാരം നിങ്ങളെ എത്രമാത്രം ദോഷകരമായി ബാധിക്കുന്നു എന്ന് ചിന്തിക്കേണ്ടതുണ്ട്.
ക്ഷമയെന്നാൽ കോപം, വേദന, പ്രതികാരത്തിനുള്ള ആഗ്രഹം എന്നിവ ഉപേക്ഷിക്കാനുള്ള നിങ്ങളുടെ തീരുമാനമാണ്. ശരിക്കും ആ തീരുമാനം നിങ്ങൾ ആരോടാണോ ക്ഷമിച്ചത് അയാൾക്കു വേണ്ടിയാണോ? ക്ഷമയുടെ പ്രതിഫലം കൂടുതൽ സ്വാതന്ത്ര്യവും കുറഞ്ഞ ഭാരവുമാണ്. നിങ്ങൾക്ക് സ്വാതന്ത്ര്യമുണ്ടായാൽ, നിങ്ങളുടെ മനസ്സിന്റെ ഭാരം കുറഞ്ഞാൽ അതുകൊണ്ട് ആർക്കാണ് നേട്ടം. ക്ഷമിക്കാൻ കഴിയാത്തത് നിങ്ങളുടെ ഊർജം അപഹരിക്കുന്നു.
അത് നിങ്ങളുടെ ഹൃദയം കവർന്നെടുക്കുന്നു. ഇത് നിങ്ങളുടെ അഭിനിവേശങ്ങളും ഉള്ളിലെ തീപ്പൊരികളും പരിപൂർണമായും മോഷ്ടിക്കുന്നു. അപ്പോൾ പിന്നെ ക്ഷമിക്കാതിരിക്കുക എന്നത് നിങ്ങളെ അകപ്പെടുത്തുന്ന തടവറ എത്ര വലുതാണെന്ന് ഊഹിക്കാവുന്നതേയുള്ളൂ.
ആരോടെങ്കിലും ക്ഷമിക്കുക എന്നതിനർഥം നിങ്ങളെത്തന്നെ സംരക്ഷിക്കാൻ നിങ്ങൾ കെട്ടിപ്പടുത്ത മതിലുകൾ തകർക്കുക എന്നതാണ്. “എന്നെ കൊന്നാലും അവനോട് ഞാൻ പൊറുക്കില്ല’ എന്ന കർക്കശ മനോഗതി വഴിയേ പോകുന്ന മാലിന്യ ലോറി പിടിച്ചു വലിച്ച് തലയിലേറ്റി ഞാനിങ്ങനെ നിൽക്കാൻ പോകുവാണ് എന്ന് പറയുന്നതിന് തുല്യമാണ്. കുട്ടികളെ പോലെ ആവല്ലേ എന്ന് പറയാറില്ലേ പല കാര്യത്തിലും. എന്നാൽ ഇക്കാര്യത്തിൽ നമ്മൾ കുട്ടികളെ പോലെ ആകണം. തമ്മിൽ തല്ലി പിണങ്ങുന്ന അവർ എത്ര പെട്ടെന്നാണ് പൂർവാധികം ശക്തിയോടെ ഒന്നിച്ച് കളിക്കുന്നത്.
പലരും താൻ ചതിക്കപ്പെട്ടു, അവനാണ് അല്ലെങ്കിൽ അവളാണ് അതിന് കാരണം. ഇനി അവനോട് ഒരു കൂട്ടുമില്ല എന്ന മട്ടിൽ കെറുവ് കുറയാൻ ഒട്ടും മനസ്സില്ലാതെ സ്വയം ഇരയായി പ്രഖ്യാപിക്കും. ഇരയായിരിക്കുക എന്നത് നിങ്ങളുടെ സ്വപ്നങ്ങൾ പിന്തുടരാതിരിക്കാനുള്ള ഒരു ഒഴികഴിവ് കൂടിയായി നിങ്ങൾ ആസ്വദിച്ചേക്കാം. നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾ കാണുന്ന എല്ലാ പ്രശ്‌നങ്ങൾക്കും നിങ്ങൾ വഞ്ചിക്കപ്പെട്ട അല്ലെങ്കിൽ ദ്രോഹിക്കപ്പെട്ടതിനെ കുറ്റപ്പെടുത്താൻ നിങ്ങളെ പ്രേരിപ്പിക്കും.
നിങ്ങൾക്ക് എന്തെങ്കിലും ചെയ്യാൻ കഴിയാത്തതിന് ഈ ഒഴികഴിവുകൾ നിരത്തൽ ശീലമാക്കാനും ഇതു കാരണമാകും. നിങ്ങളുടെ പിന്നോട്ടുള്ള പോക്കിന് നിങ്ങൾക്ക് പുറത്തുള്ള ഒരാളെ അല്ലെങ്കിൽ ഒരു സാഹചര്യത്തെ പഴിക്കുന്ന വിധം ഒരു സുരക്ഷിത സ്ഥാനമായി ഈ ഇരയാവൽ നിങ്ങൾക്ക് കൂറ്റൻ മതിലൊരുക്കിത്തരും. ക്ഷമിക്കുമ്പോൾ, നിങ്ങൾ ആ സുരക്ഷിതമായ മതിൽക്കെട്ടിനപ്പുറത്തേക്ക് നീങ്ങുകയാണ്. ഇത് നിങ്ങളുടെ തന്നെ സമാധാനപൂർണവും സ്വതന്ത്രവുമായ വിശാല ലോകത്തേക്കുള്ള ശരിയായ സഞ്ചാര വഴിയാണ്. ഇത് എത്രത്തോളം സാധ്യമാകുമോ അത്രയധികം നമുക്ക് ഉത്തരവാദിത്വം ഏറ്റെടുക്കാനും ഒരു പുതിയ വഴി തിരഞ്ഞെടുക്കാനും കഴിയും – നിങ്ങൾക്ക് സങ്കടം, സ്വയം നാശം, നിർബന്ധിത നിസ്സംഗത, നിഷ്ക്രിയത്വം എന്നിവയുടെ തടവറയെ ക്ഷമയോടെ തകർക്കാൻ കഴിയും.