Kerala
കെ എസ് ആര്‍ ടി സി ബസ്സുകളുടെ ബ്രേക്ക്ഡൗണ്‍; പരിഹരിക്കുന്നതിന് ഇനി റാപ്പിഡ് റിപ്പയര്‍ ടീം
നാല് വീലുകളുള്ള അലൂമിനിയം കവേര്‍ഡ് ബോഡിയാല്‍ നിര്‍മ്മിതമായ മിനി ട്രക്കുകളാണ് ഇതിനായി ഉപയോഗിക്കുന്നത്.
പത്തനംതിട്ട | കെ എസ് ആര്‍ ടി സി ബസ്സുകളുടെ ബ്രേക്ക്ഡൗണ്‍ പരിഹരിക്കുന്നതിന് ഇനി റാപ്പിഡ് റിപ്പയര്‍ ടീം. സര്‍വീസിനിടയില്‍ ബസുകള്‍ തകരാറിലാകുമ്പോള്‍ അത് പരിഹരിക്കുന്നതിന് കെ എസ് ആര്‍ ടി സി ഡിപ്പോകളില്‍ അറിയിച്ച് വലിയ വര്‍ക്ക് ഷോപ്പ് വാനുകള്‍ എത്തി തകരാറ് പരിഹരിക്കുന്ന രീതിയാണ് നിലവിലുള്ളത്. ഇത് പ്രകാരമുള്ള കാലതാമസം ഒഴിവാക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പുതിയ നടപടി.
യാത്രക്കാര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ കുറയ്ക്കുന്നതിനാണ് കെ എസ് ആര്‍ ടി സി റാപ്പിഡ് റിപ്പയര്‍ ടീം ആരംഭിക്കുന്നതെന്നും സി എം ഡി പറയുന്നു. നാല് വീലുകളുള്ള അലൂമിനിയം കവേര്‍ഡ് ബോഡിയാല്‍ നിര്‍മ്മിതമായ മിനി ട്രക്കുകളാണ് ഇതിനായി ഉപയോഗിക്കുന്നത്. ആദ്യഘട്ടത്തില്‍ 10 യൂണിറ്റ് റാപ്പിഡ് റിപ്പയര്‍ ടീമുകള്‍ രൂപവത്കരിക്കും. ഓരോ ടീമിലും ആവശ്യമായ മെക്കാനിക്കുകളെയും ടയറുകള്‍ ഉള്‍പ്പെടെ സ്പെയര്‍പാര്‍ട്സും കരുതിയിരിക്കും.
അന്തര്‍സംസ്ഥാന സര്‍വീസുകള്‍ ഉള്‍പ്പെടെ ബ്രേക്ക്ഡൗണാകുന്ന ബസ്സുകളുടെ തകരാറുകള്‍ പരിഹരിക്കുന്ന തരത്തില്‍ പ്രത്യേക പ്രദേശങ്ങള്‍ തിരിച്ച് ടീമുകളെ നിയോഗിക്കും. 24 മണിക്കൂറും സേവനം ലഭ്യമാകുന്ന തരത്തിലാണ് റാപ്പിഡ് റിപ്പയര്‍ ടീമുകളെ നിയോഗിക്കുന്നത്. ടീമിന് ആവശ്യമായ വാഹനങ്ങള്‍ക്കായി വാഹന നിര്‍മ്മാതാക്കളില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചിട്ടുണ്ട്.