prathivaram health
ആദ്യാഹാരം ആരോഗ്യത്തിന്റെ അടിത്തറ
ആറ് മാസത്തിനുശേഷം മുലപ്പാലിൽ നിന്നുള്ള പോഷകങ്ങൾ കുഞ്ഞിന് മതിയാകാതെ വരുന്നു. ത്വരിതമായ വളർച്ചക്കും തലച്ചോറിന്റെ വികാസത്തിനും പ്രതിരോധശേഷി വർധിപ്പിക്കുന്നതിനും ആവശ്യമായ പോഷകങ്ങൾ അടങ്ങിയതായിരിക്കണം "വീനിംഗ്' ഭക്ഷണങ്ങൾ. വളരെ സാവധാനം തുടങ്ങി, ക്ഷമയോടെ കുഞ്ഞിന്റെ ദഹനപ്രക്രിയയെയും അഭിരുചികളേയും മനസ്സിലാക്കി വീൻ ചെയ്യണം.
മുലപ്പാലിൽ നിന്ന് ഖര രൂപത്തിലേക്ക് ആഹാരം കുഞ്ഞിനെ പരിചയപ്പെടുത്തുന്ന പ്രക്രിയയാണ് വീനിംഗ് അഥവാ കോംപ്ലിമെന്ററി ഫീഡിംഗ്. ആറ് മാസത്തിനുശേഷം മുലപ്പാലിൽ നിന്നുള്ള പോഷകങ്ങൾ കുഞ്ഞിന് മതിയാകാതെ വരുന്നു. ത്വരിതമായ വളർച്ചക്കും തലച്ചോറിന്റെ വികാസത്തിനും പ്രതിരോധശേഷി വർധിപ്പിക്കുന്നതിനും ആവശ്യമായ പോഷകങ്ങൾ അടങ്ങിയതായിരിക്കണം വീനിംഗ് ഭക്ഷണങ്ങൾ.
വളരെ സാവധാനം തുടങ്ങി, ക്ഷമയോടെ കുഞ്ഞിന്റെ ദഹനപ്രക്രിയയെയും അഭിരുചികളേയും മനസ്സിലാക്കി വീൻ ചെയ്യണം.
എങ്ങനെ തുടങ്ങാം?
ആറ് മാസം വരെ കുഞ്ഞിന് മുലപ്പാൽ നൽകുന്നതാണ് നല്ലത്. ആറ് മാസത്തിനു ശേഷം മുലപ്പാൽ 3-4 തവണയും ബാക്കി പൂരകാഹാരങ്ങളും നൽകാം. ഒരു വയസ്സാകുമ്പോൾ മുലപ്പാൽ ദിവസം രണ്ട് നേരമായി ചുരുക്കി, ബാക്കി മുതിർന്ന വ്യക്തി കഴിക്കുന്ന എല്ലാ ഭക്ഷണങ്ങളും നൽകിത്തുടങ്ങാം. ആദ്യമായി വീനിംഗ് തുടങ്ങുമ്പോൾ ദിവസം രണ്ട് തവണയിൽ കൂടുതൽ ഖരാഹാരങ്ങളും കുറുക്കുകളും നൽകേണ്ട ആവശ്യമില്ല. എന്നാൽ ജോലിക്കു പോകുന്ന അമ്മമാർക്ക് ഒരു ശിശുരോഗ വിദഗ്ധന്റെ നിർദേശപ്രകാരം നാല് മാസത്തിന് ശേഷം വീനിംഗ് തുടങ്ങാവുന്നതാണ്.
എന്തൊക്കെ നൽകാം?
ആദ്യഘട്ടത്തിൽ ധാന്യപ്പൊടികൾ, കൂവരക്, ഏത്തക്കപ്പൊടി എന്നിവ കുറുക്കു രൂപത്തിൽ നൽകാവുന്നതാണ്. ക്യാരറ്റ്, ആപ്പിൾ, മധുരക്കിഴങ്ങ്, ഉരുളക്കിഴങ്ങ് എന്നിവ പുഴുങ്ങി, തൊലികളഞ്ഞ് ഉടച്ച് നൽകാം.
പഴച്ചാറുകൾ ആദ്യമായി നൽകുമ്പോൾ തുല്യ അളവിൽ വെള്ളം ചേർത്ത് നൽകുക. എട്ട് മാസത്തിനുശേഷം മുട്ടയുടെ മഞ്ഞ, നന്നായി വേവിച്ച മീൻ എന്നിവ നൽകാം. ഈ ഘട്ടത്തിൽ നട്സ് (5 ഗ്രാം) വെള്ളത്തിൽ കുതിർത്ത് അരച്ച് കുറുക്കിനൊപ്പമോ, അല്ലെങ്കിൽ നേർമയായി പൊടിച്ചോ വെള്ളത്തിൽ ചാലിച്ചോ നൽകാം. ഇഡ്ഡലി, ദോശ തുടങ്ങി വീട്ടിലുണ്ടാക്കുന്ന എല്ലാ ഭക്ഷണവും, നന്നായി വേവിച്ച് വിഴുങ്ങാൻ പാകത്തിൽ നൽകാവുന്നതാണ്. നന്നായി വേവിച്ച് ഉടച്ച പരിപ്പ്, ചെറുപയർ എന്നിവ ചോറിനൊപ്പം നൽകാം.ചീരയില വേവിച്ച് പ്യൂരിയാക്കി തൈരും ചേർത്ത് ചോറിനൊപ്പം നൽകാം. പശുവിൻ പാൽ, ആട്ടിൻപാൽ എന്നിവ നേർപ്പിച്ച് നൽകാം. ഇറച്ചി തുടങ്ങിയവ ഒരു വയസ്സിനു ശേഷം നൽകുന്നതാണ് നല്ലത്.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- ഭക്ഷണത്തിന്റെ അളവ് കുറച്ച്, തവണകൾ കൂട്ടുന്നതാണ് ഉത്തമം. അമിതമായി ഭക്ഷണം നൽകാൻ ശ്രമിക്കുന്നത് കുഞ്ഞിന്റെ ദഹനപ്രക്രിയയെ അലോസരപ്പെടുത്താൻ കാരണമാകുന്നു. തുടക്കത്തിൽ കുറഞ്ഞ അളവിൽ നൽകി, കുഞ്ഞിന്റെ പ്രതികരണം അനുസരിച്ച് ക്രമേണ അളവ് കൂട്ടുക.
- ആദ്യമായി നൽകുന്ന ഭക്ഷണപദാർഥം, മറ്റൊരു ഭക്ഷണവുമായി ചേർത്ത് നൽകാതിരിക്കുക. ഇതുവഴി ഏതെങ്കിലും ഭക്ഷണത്തിന് അലർജി ഉണ്ടോ എന്ന് അറിയാൻ സാധിക്കുന്നു.
- പ്രാദേശികമായ ഭക്ഷ്യവസ്തുക്കൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക.
- വീട്ടിലുണ്ടാക്കുന്ന ധാന്യപ്പൊടികളും കുറുക്കു മിക്‌സുകളുമാണ് ഏറ്റവും ഉത്തമം. കടകളിൽ നിന്ന് വാങ്ങുന്ന വില കുറഞ്ഞവ ഉദര രോഗങ്ങൾക്ക് കാരണമാകുന്നു.
- ഒരു ഭക്ഷണപദാർഥം പരിചയപ്പെടുത്തി ഒരാഴ്ച കഴിഞ്ഞ് അടുത്തത് ഉൾപ്പെടുത്തുക. കുഞ്ഞിന് രുചി ഗ്രഹിക്കാനും ഭക്ഷണപദാർഥം തിരിച്ചറിയാനും ഇത് വഴി സാധിക്കുന്നു.
- മൈദ കൊണ്ടുണ്ടാക്കുന്ന ബിസ്‌ക്കറ്റ്, ബ്രഡ് എന്നിവ ഒരു കാരണവശാലും നൽകാൻ പാടില്ല. പ്രസർവേറ്റീവുകളും മറ്റ് കെമിക്കലുകളും ആമാശയരോഗത്തിലേക്ക് നയിക്കുന്നു. ഇവയിലെ അമിതമായ അളവിലുള്ള കൊഴുപ്പ്, ഉപ്പ് എന്നിവ ജീവിതശൈലീ രോഗത്തിലേക്കു നയിച്ചേക്കാം.
- പഞ്ചസാരയുടെ ഉപയോഗം കഴിയുന്നതും ഒഴിവാക്കുന്നതാണ് നല്ലത്. അത്യാവശ്യമെങ്കിൽ ശുദ്ധമായ ശർക്കര, പനം കൽക്കണ്ടം എന്നിവ ഉപയോഗിക്കാം.
- കുഞ്ഞിനുള്ള ഭക്ഷണം തത്സമയം പാകം ചെയ്ത് നൽകുക. മിച്ചം വരുന്നവ കളയുന്നതാണ് നല്ലത്. ഫ്രിഡ്ജിൽ വെച്ച് പിന്നീട് നൽകുന്നത് അഭികാമ്യമല്ല.
- ചോറ്, ഇഡ്ഡലി എന്നിവ മിക്‌സിയിൽ അടിച്ച് നൽകുന്നത് ശരിയായ പ്രവണതയല്ല. നന്നായി വേവിച്ചു കൈകൊണ്ടുടച്ച് കൊടുക്കാം. അമിതമായി മസാലകൾ ചേർക്കാത്ത കറികൾക്കൊപ്പം നൽകാവുന്നതാണ്
- ഭക്ഷണസമയം വളരെ ആനന്ദകരമാക്കുക. നിർബന്ധിച്ച് പേടിപ്പിച്ച് നൽകുന്നത് ഭക്ഷണത്തോട് വിരക്തി ഉണ്ടാകാൻ കാരണമാകുന്നു.
- കുറുക്ക്, വെള്ളം, പഴച്ചാറുകൾ എന്നിവ ഒരിക്കലും ഫീഡിംഗ് ബോട്ടിലിൽ നൽകാൻ പാടില്ല. സ്പൂൺ ഉപയോഗിച്ച് നൽകാം. ക്രമേണ കുറഞ്ഞ അളവിൽ ഗ്ലാസ്സിൽ ഒഴിച്ച് നൽകാം.
- ഭക്ഷണം കഴിച്ചയുടൻ കുഞ്ഞ് ഛർദിക്കുകയാണെങ്കിൽ ഉടൻ തന്നെ വീണ്ടും കൊടുക്കാൻ ശ്രമിക്കരുത്. കാരണം കണ്ടെത്തി പരിഹരിച്ച ശേഷം കുറേശ്ശെയായി വേഗം ദഹിക്കുന്ന ഭക്ഷണം നൽകണം.
- വീനിംഗ് തുടങ്ങിയാൽ കുഞ്ഞിന് വെള്ളം ധാരാളം നൽകാൻ ശ്രദ്ധിക്കുക. കരിക്ക് വെള്ളം, കഞ്ഞിവെള്ളം, ബാർളി വെള്ളം കൂവപ്പൊടി എന്നിവയും നൽകാം.
- അമിതമായി മസാലകൾ ചേർത്ത ഭക്ഷണം കുഞ്ഞിന് ദഹനപ്രശ്‌നങ്ങൾ ഉണ്ടാക്കും.
- പത്ത് മാസം മുതൽ തൈര് നൽകുന്നത് വയറിനുള്ളിലെ നല്ല ബാക്ടീരിയകൾ വളരാൻ സഹായിക്കുന്നു.
ആദ്യമായി വീനിംഗ് തുടങ്ങുമ്പോൾ ആശങ്കകൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്. ഒരു ശിശുരോഗ വിദഗ്ധന്റെയും പോഷകാഹാര വിദഗ്ധരുടെയും സഹായത്തോടെ വളർച്ചയുടെ ഘട്ടങ്ങളും ആവശ്യമായ പോഷകങ്ങളുടെ അളവും മനസ്സിലാക്കി ശരിയായ ഭക്ഷണ ക്രമീകരണം നൽകുന്നതിലൂടെ കുഞ്ഞിന്റെ പൂർണാരോഗ്യം ഉറപ്പാക്കാവുന്നതാണ്.