From the print
പ്രഭാത ഭക്ഷണ പദ്ധതി എല്ലാ സ്കൂളുകളിലേക്കും; ഉച്ചഭക്ഷണം സംരക്ഷിക്കാൻ സമിതി
വലിയ കന്പനികളുടെ സി എസ് ആർ ഫണ്ട് ഉപയോഗിക്കാനാകുമോയെന്ന് പരിശോധിക്കും. 2023-24 വർഷം ലഭിക്കേണ്ട കേന്ദ്ര വിഹിതം 284.31 കോടിയെന്ന് മന്ത്രി ശിവൻകുട്ടി
തിരുവനന്തപുരം | സംസ്ഥാനത്തെ സ്‌കൂളുകളില്‍ പി ടി എ, എസ് എം സി, പൂര്‍വ വിദ്യാര്‍ഥികള്‍, സന്നദ്ധ സംഘടനകള്‍ എന്നിവയെ ഉള്‍പ്പെടുത്തി ഉച്ചഭക്ഷണ സംരക്ഷണ സമിതി രൂപവത്കരിക്കുന്നു. നിലവില്‍ ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെട്ട 12,040 സ്‌കൂളുകളില്‍ 2,400 ഓളം സ്‌കൂളുകളില്‍ പ്രഭാത ഭക്ഷണ പദ്ധതി നടന്നുവരുന്നുണ്ട്.
എറണാകുളം ജില്ലയില്‍ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്കൊപ്പം ഭാരത് പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡിന്റെ സഹായത്തോടെ കളമശ്ശേരി, എറണാകുളം, കൊച്ചി നിയോജക മണ്ഡലങ്ങളില്‍ പദ്ധതി നടപ്പാക്കുന്നുണ്ട്. ഈ മാതൃകയില്‍ കൂടുതല്‍ തദ്ദേശ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍, പൂര്‍വ വിദ്യാര്‍ഥി സംഘടനകള്‍ എന്നിവയുടെ സഹായത്തോടെ കൂടുതല്‍ സ്‌കൂളുകളിലേക്ക് പ്രഭാത ഭക്ഷണ പദ്ധതി വ്യാപിപ്പിക്കുന്നതിനാണ് ലക്ഷ്യമിടുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി പറഞ്ഞു. പൊതുസമൂഹത്തിന്റെ അകമഴിഞ്ഞ പിന്തുണ കുട്ടികള്‍ക്കുള്ള ഭക്ഷണ പദ്ധതിക്ക് ലഭിക്കുന്നുണ്ട്.
അത് ഇനിയും തുടരുമെന്ന് ഉറപ്പാണ്. വലിയ കമ്പനികളുടെ സി എസ് ആര്‍ ഫണ്ട് കുട്ടികളുടെ ഭക്ഷണ പദ്ധതിയുമായി കൂട്ടിച്ചേര്‍ക്കാനാകുമോയെന്ന കാര്യം പരിശോധിക്കും. ഇത് സംബന്ധിച്ച ആക്്ഷന്‍ പ്ലാന്‍ തയ്യാറാക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
2023-24 അധ്യയന വര്‍ഷം ഉച്ചഭക്ഷണ വിതരണത്തിന് കേന്ദ്ര സഹായം ലഭ്യമാകാത്തതിനാല്‍ സംസ്ഥാന മാന്‍ഡേറ്ററി വിഹിതത്തില്‍ നിന്ന് ആദ്യ ഗഡുവായി 81.57 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ അനുവദിക്കുകയും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സിംഗിള്‍ നോഡല്‍ അക്കൗണ്ടില്‍ ലഭ്യമാക്കി പ്രധാനാധ്യാപകര്‍ക്ക് നല്‍കാനുള്ള നടപടി സ്വീകരിച്ചു.
ഈ തുകയും സിംഗിള്‍ നോഡല്‍ അക്കൗണ്ടില്‍ ലഭ്യമായ 2022-23 ലെ ശേഷിക്കുന്ന തുകയും ചേര്‍ത്ത് ജൂണ്‍, ജൂലൈ മാസങ്ങളിലെ കുടിശ്ശിക തുക പൂര്‍ണമായും കഴിഞ്ഞ മാസത്തെ കുടിശ്ശിക ഭാഗികമായും നല്‍കാന്‍ കഴിയും. 2023 -24 വര്‍ഷം സംസ്ഥാനത്തിന് ലഭിക്കേണ്ട കേന്ദ്ര വിഹിതം 284.31 കോടി രൂപയാണ്.
പൊതുവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും പൊതുവിദ്യാഭ്യാസ ഡയറക്ടറും കേന്ദ്ര സര്‍ക്കാറുമായി നേരിട്ട് ചര്‍ച്ച ചെയ്ത് കേന്ദ്ര വിഹിതത്തിന്റെ ആദ്യഘട്ടം എത്രയും വേഗം ലഭ്യമാക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. ഈ തുക ലഭിച്ചാല്‍ കഴിഞ്ഞ മാസത്തെ കുടിശ്ശിക നല്‍കുമെന്നും മന്ത്രി പറഞ്ഞു.