feature
ജാതി വേലികൾ തകർത്ത്...
വർഷങ്ങളോളം പൂനയിലെ ഒറ്റമുറിയിൽ മാതാപിതാക്കൾക്കും സഹോദരിമാർക്കുമൊപ്പം ജീവിച്ച ഷൈലജ പൈക്കിന്റെ മനസ്സ് നിറയെ ചെറുപ്പകാലത്തെ ആ ഒാർമകളാണ്. മാധ്യമങ്ങൾക്കു മുമ്പിൽ ഒരിക്കൽ കൂടി ഒാർമകൾ അവർ പങ്കുവെച്ചു. ഇന്ത്യയിലെ മൊത്തം ജനസംഖ്യയുടെ 17 ശതമാനം ദളിതരാണ്. രാജ്യത്തെ അടിച്ചമർത്തപ്പെട്ട വിഭാഗങ്ങളിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് ദളിത് സ്ത്രീകളാണ്. ഇതുപോലുള്ള സ്ഥിതിവിവരക്കണക്കുകൾ രാജ്യത്തിന്റെ പക്കൽ ഉണ്ടെങ്കിലും അവരെ കുറിച്ച് ഗുണപരമായ ഗവേഷണം നടന്നിട്ടില്ല. പൈക്ക് ഏറ്റെടുത്തിരിക്കുന്നത് ആ ദൗത്യമാണ്.
“ഞങ്ങൾ താമസിച്ചിരുന്ന പ്രദേശത്ത് ശുദ്ധജലമോ ടോയ്‌ലറ്റ് സംവിധാനങ്ങളോ ഇല്ല. ഞങ്ങളുടെ താമസസ്ഥലത്തിന് ചുറ്റും മാലിന്യക്കൂമ്പാരമായിരുന്നു; മേഞ്ഞു നടക്കുന്ന പന്നിക്കൂട്ടങ്ങളും. സ്ത്രീ ആയതുകൊണ്ട് പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാൻ രാത്രി ഇരുട്ടുന്നതുവരെ സഹിച്ചിരിക്കുകയാണ് പതിവ്’. വർഷങ്ങളോളം പൂനയിലെ ഒറ്റമുറിയിൽ മാതാപിതാക്കൾക്കും സഹോദരിമാർക്കുമൊപ്പം ജീവിച്ച ഷൈലജ പൈക്കിന്റെ മനസ്സ് നിറയെ ചെറുപ്പകാലത്തെ ആ ഒാർമകളാണ്.
മാധ്യമങ്ങൾക്കു മുമ്പിൽ ഒരിക്കൽ കൂടി ആ ഒാർമകൾ അവർ പങ്കുവെച്ചു. ഇന്ത്യയിലെ മൊത്തം ജനസംഖ്യയുടെ 17 ശതമാനം ദളിതരാണ്. രാജ്യത്തെ അടിച്ചമർത്തപ്പെട്ട വിഭാഗങ്ങളിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് ദളിത് സ്ത്രീകളാണ്. ഇതുപോലുള്ള സ്ഥിതിവിവരക്കണക്കുകൾ രാജ്യത്തിന്റെ പക്കൽ ഉണ്ടെങ്കിലും അവരെ കുറിച്ച് ഗുണപരമായ ഗവേഷണം നടന്നിട്ടില്ല. പൈക്ക് ഏറ്റെടുത്തിരിക്കുന്നത് ആ ദൗത്യമാണ്.
നിലവിൽ അമേരിക്കയിലെ സിൻസിനാറ്റി യൂനിവേഴ്സിറ്റിയിലെ ചരിത്ര വിഭാഗം പ്രൊഫസറും വിമൻസ്, ജെൻഡർ, സെക്ഷ്വാലിറ്റി സ്റ്റഡീസ്, ഏഷ്യൻ സ്റ്റഡീസ് എന്നിവയിൽ അഫിലിയേറ്റ് ഫാക്കൽറ്റിയുമാണ്. ഇരുപത് വർഷമായി അവർ അമേരിക്കയിലാണ്.
ജീനിയസ് ഗ്രാന്റ് എന്നറിയപ്പെടുന്ന ഈ വർഷത്തെ മാക് ആർതർ ഫെല്ലോഷിപ്പിന് ഷൈലജ പൈക്കിനെ തിരഞ്ഞെടുത്തിരിക്കുകയാണ്.
അസാധാരണമായ നേട്ടങ്ങളോ സാധ്യതകളോ പ്രകടമാക്കുന്ന അക്കാദമിക്, സയൻസ്, കല, ആക്ടിവിസം തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന വ്യക്തികൾക്ക് ഓരോ വർഷവും നൽകുന്ന അവാർഡാണിത്. ആധുനിക ഇന്ത്യയിലെ ദളിത് പഠനങ്ങൾ, ലിംഗഭേദം, ലൈംഗികത എന്നിവയിൽ പൈക്ക് നടത്തിക്കൊണ്ടിരിക്കുന്ന പഠനത്തിനാണ് ഫെല്ലോഷിപ്പ്.
അമേരിക്കയിലെ ജോൺ ഡി ആൻഡ് കാതറിൻ മക് ആർതർ ഫൗണ്ടേഷൻ നൽകുന്നതാണ് ഫെല്ലോഷിപ്പ്. എട്ട് ലക്ഷം ഡോളർ (6 കോടി 71 ലക്ഷം രൂപ) ആണ് ഫെല്ലോഷിപ്പ് തുക . മാക് ആർതർ ഫെല്ലോഷിപ്പ് ലഭിക്കുന്ന ആദ്യത്തെ ദളിത് വനിതയാണ് ഷൈലജ പൈക്ക്. 1981 മുതൽ നൽകിവരുന്ന ഈ ഫെല്ലോ ഷിപ്പിനു സിൻസിനാറ്റി സർവകലാശാലയിൽ നിന്നു ഒരാൾ തിരഞ്ഞെടുക്കപ്പെടുന്നതും ആദ്യമാണ്. അക്കാദമിക് രംഗത്തെ ഏറ്റവും മികച്ച അവാർഡുകളിലൊന്നായി ഈ ഫെല്ലോഷിപ്പ് കണക്കാക്കപ്പെടുന്നു.
“ദലിത് സ്ത്രീകളുടെ ബഹുമുഖ അനുഭവങ്ങളും ജാതി വിവേചനത്തിന്റെയും
തൊട്ടുകൂടായ്മയുടെയും ഫലമായി അവർ നേരിടുന്ന പൊള്ളുന്ന യാഥാർഥ്യവും വരച്ചുകാട്ടുന്നതാണ് ഷൈലജയുടെ പഠന മെന്ന് ഫെലോഷിപ്പ് പ്രഖ്യാപിച്ച മാക് ആർതർ ഫെലോസ് പ്രോഗ്രാമിന്റെ ഡയറക്ടർ മാർലീസ് കാരത്ത് പറഞ്ഞു.
മഹാരാഷ്ട്രയിലെ ചേരിപ്രദേശത്ത് നിന്ന് അമേരിക്കയിലെ സിൻസിനാറ്റി സർവകലാശാലയിലെ പ്രൊഫസർ എന്ന വിശിഷ്ട പദവിയിലേക്കുള്ള ഷൈലജയുടെ യാത്ര സ്‌തോഭജനകമായ ഒന്നാണ്. ദിയോറാ എഫ് പൈകിന്റെയും സരിത പൈകിന്റെയും മകളായ ഷൈലജ പട്ടിണിയിൽ നിന്നു ഉന്നതിയിലേക്ക് വളർന്നത് ഇച്ഛാശക്തികൊണ്ട് മാത്രമായിരുന്നു.
അവളുടെ വിദ്യഭ്യാസത്തിന്റെ പ്രചോദനം പിതാവായിരുന്നു. ചെറു ജോലികൾ ചെയ്തിരുന്ന തൊഴിലാളിയായിരുന്ന അദ്ദേഹം നൈറ്റ് ക്ലാസ്സുകളിൽ പഠിച്ച് അഗ്രികർച്ചറൽ സയൻസിൽ ബിരുദം നേടി. ഭാര്യയുടെയും നാല് മക്കളുടെയും പട്ടിണി മാറ്റാനും വിദ്യാഭ്യാസത്തിനുമുള്ള ചെലവിനുള്ളത് കണ്ടെത്താൻ ഹോട്ടലുകളിൽ വെയിറ്ററായും ക്ലീനിംഗ് ജോലിയും ചെയ്തു. കല്യാണത്തിനും ഉത്സവങ്ങൾക്കും പന്തലുകെട്ടുന്ന ജോലിക്കാരോടൊപ്പം ചേർന്നും ജീവിതത്തിന്റെ നാലറ്റം കൂട്ടിച്ചേർക്കുന്നതിനിടയിലാണ് അദ്ദേഹം ബിരുദം നേടിയത്. അമ്മ സരിതയുടെ വിദ്യാഭ്യാസം ആറാം തരമാണെങ്കിലും മക്കൾ പഠിച്ചു വലുതാകുന്നത് കാണാൻ അവരും ആഗ്രഹിച്ചു. ഉന്നത വിദ്യാഭ്യാസം നേടുന്നതിലൂടെ ഷൈലജ ആഗ്രഹിച്ചത് തൊട്ടുകൂടായ്മയിൽ നിന്നും ചേരിയിലെ മനം മടുപ്പിക്കുന്ന ജീവിതത്തിൽ നിന്നുമുള്ള മോചനം കൂടിയായിരുന്നു. എന്നാൽ ആഗ്രഹിച്ചതിനപ്പുറം അവർ വളർന്നു.
ഷൈലജയുടെ പഠനം ജാതി ആധിപത്യത്തിന്റെ ചരിത്രത്തിന്റെ ആഴങ്ങളിൽ ഇറങ്ങിച്ചെല്ലുന്നതായിരുന്നു. ദളിത് സ്ത്രീകളുടെ അന്തസ്സും വ്യക്തിത്വവും നിഷേധിക്കുന്ന സംഭവങ്ങളും അവർ നേരിട്ടതും നേരിട്ടു കൊണ്ടിരിക്കുന്നതുമായ ലിംഗവിവേചനവും ലൈംഗികാതിക്രമവും വരച്ചുകാട്ടുന്നതായിരുന്നു അവരുടെ പഠനം.
പൂനെയിലെ യേർവാഡ ചേരിയിലെ ഇരുപതടി വലിപ്പമുള്ള തകരക്കുടിലിൽ മാതാപിതാക്കളോടും മൂന്ന് സഹോദരിമാരോടുമൊപ്പം ജീവിച്ച ഷൈലജ പൈക്കിന്റെ കുടുംബം ജാതിവിവേചനത്തിൽ മനംനൊന്തു 1990ൽ മഹാരാഷ്ട്രയിലെ അഹമ്മദ്നഗറിലേക്ക് താമസം മാറ്റി. അവിടെയും ജാതി വിവേചനത്തിന്റെ തേരോട്ടമായിരുന്നു. വരേണ്യവർഗങ്ങളുപയോഗിക്കുന്ന പാത്രത്തിൽ തൊട്ടു പോയതിന്റെ പേരിൽ അപമാനിക്കപ്പെട്ടു. പൊതു കിണറുകളിൽ നിന്നും പൊതു ടാപ്പുകളിൽ നിന്നും വെള്ളമെടുക്കുന്നതിൽ നിന്നും അകലം പാലിക്കാൻ അവർ നിർബന്ധിതരായി. പ്രതികൂല സാഹചര്യമായിട്ടും മക്കളെ പഠിപ്പിക്കണമെന്ന താത്പര്യത്തിൽ നിന്ന് മാതാപിതാക്കൾ പിറകോട്ട് പോയില്ല.
1994, 1996 വർഷങ്ങളിൽ പൂനെ സർവകലാശാലയിൽ നിന്ന് ഷൈലജ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. വാർവിക്ക് സർവകലാശാലയിൽ നിന്ന് 2007 ൽ പി എച്ച് ഡിയും കരസ്ഥമാക്കി. മുപ്പതാം വയസ്സിൽ ന്യൂയോർക്കിലെ യൂനിയൻ കോളജിൽ വിസിറ്റിംഗ് അസിസ്റ്റന്റ് പ്രൊഫസറായും 2012-2013 വർഷത്തിൽ യേൽ യൂനിവേഴ്‌സിറ്റിയിൽ ദക്ഷിണേഷ്യൻ ചരിത്രത്തിന്റെ പോസ്റ്റ് ഡോക്ടറൽ അസോസിയേറ്റ്, വിസിറ്റിംഗ് അസിസ്റ്റന്റ് പ്രൊഫസറായും സേവനമനുഷ്ഠിച്ചു.
നിലവിൽ ചാൾസ് ഫെൽപ്സ് ടാഫ്റ്റ് ഡിസ്റ്റിംഗ്വിഷ്ഡ് റിസർച്ച് പ്രൊഫസറും സിൻസിനാറ്റി യൂനിവേഴ്സിറ്റിയിലെ വിമൻസ്, ജെൻഡർ, സെക്ഷ്വാലിറ്റി സ്റ്റഡീസ്, ഏഷ്യൻ സ്റ്റഡീസ് എന്നിവയിൽ അഫിലിയേറ്റ് ഫാക്കൽറ്റിയുമാണ്.
രണ്ട് പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ദളിത് സ്ത്രീകളുടെ അടിസ്ഥാന അവകാശങ്ങൾ ചൂണ്ടിക്കാട്ടുന്ന “ദളി ത് വുമൻസ് എജ്യുക്കേഷൻ ഇൻ മോഡൻ ഇന്ത്യ ‘ എന്ന അവരുടെ ആദ്യ പുസ്തകം പുറത്തിറങ്ങിയത് 2014 ലാണ്.
രണ്ടാമത്തെ പുസ്തകം 2022 ൽ പുറത്തിറങ്ങിയ “ദ വൾഗാരിറ്റി ഓഫ് കാസ്റ്റ്: ദലിത് സെക്ഷ്വാലിറ്റി, ആൻഡ് ഹ്യൂമാനിറ്റി ഇൻ മോഡേൺ ഇന്ത്യ ‘ ആണ് .മഹാരാഷ്ട്രയിലെ ജനപ്രിയ സഞ്ചാര നാടകവേദിയായ തമാഷയുടെ ദലിത് പ്രകടനത്തിന്റെ സാമൂഹികവും ബൗദ്ധികവുമായ ചരിത്രത്തെ ബന്ധപെടുത്തുന്നതാണ് ഈ പുസ്തകം . അമേരിക്കൻ ഹിസ്റ്റോറിക്കൽ അസോസിയേഷന്റെ ജോൺ എഫ്. റിച്ചാർഡ്‌സ് പ്രൈസ് ഈ പുസ്തകത്തിന് ലഭിക്കുകയുണ്ടായി.