Kerala
നിയമനക്കോഴ കേസില്‍ വഴിത്തിരിവ്; അഖില്‍ മാത്യുവിന് പണം നല്‍കിയെന്ന് പറഞ്ഞത് കളവാണെന്ന് പരാതിക്കാരന്‍
പരാതി വ്യാജമാണെന്ന് പരാതിക്കാരന്‍ തന്നെ സമ്മതിച്ചതോടെ സംഭവത്തില്‍ ഗൂഢാലോചന നടന്നുവെന്ന് സംശയിക്കുന്നതായി പോലീസ്.
തിരുവനന്തപുരം | ഡോക്ടര്‍ നിയമനത്തിന് കോഴ വാങ്ങിയെന്ന കേസില്‍ വഴിത്തിരിവ്. ആരോഗ്യമന്ത്രിയുടെ പി എ അഖില്‍ മാത്യുവിന് പണം നല്‍കിയെന്ന് തന്റെ ആരോപണം കളവാണെന്ന് പരാതിക്കാരനായ ഹരിദാസന്‍ സമ്മതിച്ചു. അഖില്‍ മാത്യുവിന് ഒരുലക്ഷം രൂപ നല്‍കിയിട്ടില്ല. പോലീസ് ചോദ്യം ചെയ്യലിലാണ് ഹരിദാസന്റെ കുറ്റസമ്മതം. സി സി ടി വി ദൃശ്യങ്ങള്‍ കാണിച്ചുള്ള ചോദ്യം ചെയ്യലിലാണ് താന്‍ പറഞ്ഞത് നുണയാണെന്ന് പരാതിക്കാരന്‍ പറഞ്ഞത്.
മന്ത്രിയുടെ സ്റ്റാഫിന്റെ പേര് പറഞ്ഞത് ബാസിത്തിന്റെ നിര്‍ദേശ പ്രകാരമാണെന്നും അഖില്‍ സജീവിന് 25,000 രൂപയും ലെനിന് 50,000 രൂപയും കൈമാറിയിട്ടുണ്ടെന്നും ഹരിദാസന്‍ പോലീസിനോട് പറഞ്ഞു.
ജോലി വാഗ്ദാനം ചെയ്ത് ഒരുലക്ഷം രൂപ സെക്രട്ടേറിയറ്റിന് സമീപത്തു വച്ച് മന്ത്രിയുടെ പി എക്ക് നല്‍കിയെന്നായിരുന്നു ഹരിദാസന്റെ ആരോപണം. തന്റെ പരാതി വ്യാജമാണെന്ന് പരാതിക്കാരന്‍ തന്നെ സമ്മതിച്ചതോടെ സംഭവത്തില്‍ ഗൂഢാലോചന നടന്നുവെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. കന്റോണ്‍മെന്റ് പോലീസിന്റെ ചോദ്യം ചെയ്യല്‍ തുടരുകയാണ്.