Uae
സ്തനാര്‍ബുദം; പുരുഷന്മാരിലും സാധ്യത വര്‍ധിക്കുന്നു
രാജ്യത്ത് സൗജന്യ അര്‍ബുദ പരിശോധനകള്‍ നടത്തുമ്പോള്‍ ലക്ഷണങ്ങളുമായി പുരുഷന്മാരും എത്തുന്നു.
ഷാര്‍ജ| പുരുഷന്മാരിലും സ്തനാര്‍ബുദ സാധ്യത വര്‍ധിക്കുകയാണെന്ന് ഫ്രണ്ട്‌സ് ഓഫ് കാന്‍സര്‍ പേഷ്യന്റ്‌സ് (എഫ് ഒ സി പി) ഡയറക്ടര്‍ ഐശ അല്‍ മുഅല്ല. സ്ത്രീകളുമായി ബന്ധപ്പെട്ടിരിക്കുന്ന സ്തനാര്‍ബുദം പുരുഷന്മാരിലും സംഭവിക്കുന്നുണ്ട്. രാജ്യത്ത് സൗജന്യ അര്‍ബുദ പരിശോധനകള്‍ നടത്തുമ്പോള്‍ ലക്ഷണങ്ങളുമായി പുരുഷന്മാരും എത്തുന്നു.
‘കഴിഞ്ഞ വര്‍ഷം 15,000ത്തോളം സ്ത്രീകളും 5,500ല്‍ അധികം പുരുഷന്മാരും സൗജന്യ അര്‍ബുദ പരിശോധനക്ക് വിധേയരായി. സ്ത്രീകള്‍ക്കിടയില്‍ മാത്രമല്ല, പുരുഷന്മാര്‍ക്കിടയിലും അവബോധം വളര്‍ത്തുന്നതില്‍ ഞങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. സ്തനാര്‍ബുദ ബോധവത്കരണ മാസമാണിത്. വാര്‍ഷിക പിങ്ക് കാരവന്‍ കാമ്പയിന്‍ ആരംഭിച്ചു. പിങ്ക് കാരവന്‍ പത്ത് വര്‍ഷത്തിലേറെയായി തുടരുന്നു. ഞങ്ങള്‍ പ്രവര്‍ത്തിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട സംരംഭങ്ങളില്‍ ഒന്നാണ്.’ അവര്‍ പറഞ്ഞു.
ശരിയായ ചികിത്സയും തുടര്‍ പരിചരണവും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ആശുപത്രികളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നു. മെഡിക്കല്‍ സഹായത്തിനപ്പുറം, നിര്‍ധനരായ വ്യക്തികള്‍ക്ക് എഫ് ഒ സി പി സാമ്പത്തിക സഹായവും നല്‍കുന്നു. ചികിത്സ താങ്ങാന്‍ കഴിയാത്ത വ്യക്തികളുടെ സാമ്പത്തിക സ്ഥിതി സംഘടന വിലയിരുത്തുകയും അവരുടെ പശ്ചാത്തലം, തൊഴില്‍ എന്നിവ പരിഗണിക്കാതെ അവരെ പിന്തുണക്കുകയും ചെയ്യുന്നു.
ഈ വര്‍ഷം, സൗജന്യ സ്തനാര്‍ബുദ പരിശോധനകള്‍ വാഗ്ദാനം ചെയ്യുന്നതിന് പിങ്ക് കാരവന്‍ യു എ ഇയിലുടനീളം എട്ട് സ്ഥിരവും 100ല്‍ അധികം മൊബൈല്‍ ക്ലിനിക്കുകളും വിന്യസിച്ചു. സ്തനാര്‍ബുദത്തിനപ്പുറം സെര്‍വിക്കല്‍, ശ്വാസകോശ അര്‍ബുദങ്ങള്‍ ഉള്‍പ്പെടെയുള്ള മറ്റ് അര്‍ബുദങ്ങളെ ഉള്‍പ്പെടുത്താന്‍ ഞങ്ങള്‍ പദ്ധതിയിടുന്നു. യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയത്തിന്റെ സഹകരണത്തോടെയാണ് ഈ വിപുലീകരണം.
സ്തനാര്‍ബുദ ബോധവല്‍ക്കരണ മാസമായി അടയാളപ്പെടുത്തുന്ന ഒക്ടോബറില്‍ മാത്രമല്ല, വര്‍ഷം മുഴുവനും യുഎഇ നിവാസികളെ പരിശോധിക്കാന്‍ ബാധ്യസ്ഥരാണെന്ന് കാരവന്‍ മൊബൈല്‍ ക്ലിനിക്ക് എക്സിക്യൂട്ടീവ് ജമീല ഇബ്്‌റാഹിം വ്യക്തമാക്കി. സ്‌കൂളുകളിലും സര്‍വകലാശാലകളിലും, പ്രായമായവര്‍ക്കും വൈകല്യമുള്ളവര്‍ക്കും താമസയിടങ്ങളിലും എത്താന്‍ ഞങ്ങള്‍ ആശുപത്രികളുമായും മറ്റു സംഘടനകളുമായും സഹകരിക്കുന്നു. അര്‍ബുദ നിര്‍മാര്‍ജനം പൂര്‍ണമായും സാധ്യമല്ലെങ്കിലും, നേരത്തെയുള്ള കണ്ടെത്തല്‍ ചികിത്സയില്‍ 98 ശതമാനം വിജയത്തിലേക്ക് നയിക്കും, അതാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നതെന്നും ജമീല അഭിപ്രായപ്പെട്ടു.