Connect with us

prathivaram health

മുലയൂട്ടലും കുഞ്ഞിന്റെ ആരോഗ്യവും

കുഞ്ഞുങ്ങൾക്ക് അനുയോജ്യമായ ഭക്ഷണമാണ് മുലപ്പാൽ. ഇത് സുരക്ഷിതവും വൃത്തിയുള്ളതും ആന്റിബോഡികൾ അടങ്ങിയതുമാണ്. കുട്ടിക്കാലത്ത് ഉണ്ടാകുന്ന സാധാരണ രോഗങ്ങളിൽനിന്ന്‌ സംരക്ഷിക്കാനും സഹായിക്കുന്നു. ജീവിതത്തിന്റെ ആദ്യ മാസങ്ങളിൽ കുഞ്ഞിന് ആവശ്യമായ എല്ലാ ഊർജവും പോഷകങ്ങളും മുലപ്പാലിൽ നിന്ന് ലഭിക്കുന്നു.

Published

|

Last Updated

മ്മയുടെ സ്‌നേഹവും കരുതലും ഒരു കുഞ്ഞ് ആദ്യം അനുഭവിക്കുന്നത് അമ്മ നൽകുന്ന മുലപ്പാലിലൂടെയാണ്. കുഞ്ഞ് നുകർന്നെടുക്കുന്ന ഓരോ അമ്മിഞ്ഞപ്പാൽ തുള്ളികളിലും അവരുടെ ജീവശ്രോതസ്സായ പോഷകങ്ങൾ ഉൾക്കൊള്ളുന്നുണ്ട്. കുട്ടികളുടെ ആരോഗ്യവും നിലനിൽപ്പും ഉറപ്പാക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാർഗങ്ങളിലൊന്നാണ് മുലയൂട്ടൽ. എന്നിരുന്നാലും ലോകാരോഗ്യ സംഘടനയുടെ ശിപാർശകൾക്ക് വിരുദ്ധമായി, ആറ് മാസത്തിൽ താഴെയുള്ള ശിശുക്കളിൽ പകുതിയിൽ താഴെ മാത്രമേ മുലയൂട്ടുന്നുള്ളൂ.

കുഞ്ഞുങ്ങൾക്ക് അനുയോജ്യമായ ഭക്ഷണമാണ് മുലപ്പാൽ. ഇത് സുരക്ഷിതവും വൃത്തിയുള്ളതും ആന്റിബോഡികൾ അടങ്ങിയതുമാണ്. കുട്ടിക്കാലത്ത് ഉണ്ടാകുന്ന സാധാരണ രോഗങ്ങളിൽനിന്ന്‌ സംരക്ഷിക്കാനും സഹായിക്കുന്നു. ജീവിതത്തിന്റെ ആദ്യ മാസങ്ങളിൽ കുഞ്ഞിന് ആവശ്യമായ എല്ലാ ഊർജവും പോഷകങ്ങളും മുലപ്പാൽ നൽകുന്നു. ആദ്യ വർഷത്തിന്റെ രണ്ടാം പകുതിയിൽ, പകുതിയോ അതിലധികമോ കുട്ടികളുടെ പോഷക ആവശ്യങ്ങളും അതുപോലെ രണ്ടാം വർഷത്തിന്റെ രണ്ടാം പകുതിയിൽ, പകുതിയോ അതിലധികമോ കുട്ടികളുടെ പോഷകാവശ്യങ്ങളും നൽകുന്നു. മുലയൂട്ടൽ എന്നത് കുഞ്ഞിന് മാത്രമല്ല അമ്മയുടെ ആരോഗ്യത്തിനും വളരെ പ്രാധാന്യമുള്ള ഒന്നുതന്നെയാണ്.

എപ്പോൾ തുടങ്ങണം, എത്ര കാലം തുടരണം?

കുഞ്ഞ് ജനിച്ചയുടനെ, ചർമസമ്പർക്കവും മുലയൂട്ടലും എത്രയും വേഗം (ജനിച്ച് ഒരു മണിക്കൂറിനുള്ളിൽ) സ്ഥാപിക്കണം. ഇത് പാലുത്പാദനം സുഗമമാക്കുകയും അമ്മ – ശിശു ബന്ധത്തിന്‌ സഹായിക്കുകയും ചെയ്യുന്നു. ജനനത്തിനു ശേഷമുള്ള ആദ്യത്തെ 3-4 ദിവസങ്ങളിൽ ഉണ്ടാകുന്ന ആദ്യത്തെ പാലാണ്‌ കൊളസ്ട്രം; ജനിച്ചയുടനെ നവജാത ശിശുവിന് ഇത് നൽകുകയും വേണം.

മുലയൂട്ടൽ ആരംഭിക്കുന്നതിന് മുമ്പും ആദ്യത്തെ ആറ് മാസത്തിനിടയിലും തേൻ, ഗ്ലൂക്കോസ്, വെള്ളം, അല്ലെങ്കിൽ നേർപ്പിച്ച പാൽ , ഫോർമുല എന്നിവ നൽകുന്നത് ഒഴിവാക്കുക. മുലപ്പാൽ മാത്രം നൽകുന്ന കുട്ടികൾക്ക് വെള്ളം ആവശ്യമില്ല. വെള്ളം നൽകുന്നത് മുലപ്പാലിന്റെ അളവ് കുറയ്ക്കുകയും വയറിളക്കത്തിനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നു. ഇത് പൂർണമായും ഒഴിവാക്കേണ്ടതാണ്.

എന്നാൽ പല കാരണങ്ങൾ കൊണ്ടും അമ്മമാർ ഈ കാലയളവിൽ കുഞ്ഞിന് മുലപ്പാലിനൊപ്പം ബേബി ഫുഡും നൽകാറുണ്ട്. ആറ് മാസത്തിന് മുന്പ് മുലപ്പാൽ അല്ലാതെ നൽകുന്ന മറ്റേത് ആഹാരവും കുഞ്ഞിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യില്ല. പാൽ ഉത്പാദനം വർധിപ്പിക്കാൻ സഹായിക്കുന്ന അമ്മയുടെ മുലയിൽ, മുല കുടിക്കാൻ നവജാത ശിശുവിനെ പ്രോത്സാഹിപ്പിക്കണം. കുഞ്ഞുങ്ങൾക്ക് ആവശ്യാനുസരണം മുലപ്പാൽ നൽകണം – അത് കുട്ടി ആഗ്രഹിക്കുന്നത്രയും, രാവും പകലും. കുപ്പികൾ, പസിഫയർ എന്നിവ ഉപയോഗിക്കരുത്.
ആറ് മാസം മുതൽ, കുട്ടികൾ ഖരഭക്ഷണങ്ങൾ കഴിക്കാൻ തുടങ്ങണം. എന്നാലും അപ്പോഴും മുലപ്പാൽ കൊടുക്കുന്നത് തുടരുന്നത് കുഞ്ഞിന് ഭാവിയിൽ വന്നേക്കാവുന്ന ഹൃദ്രോഗം, വിവിധ തരം ക്യാൻസറുകൾ, മറ്റ് വിട്ടുമാറാത്ത രോഗങ്ങൾ എന്നിവയുടെ സാധ്യത കുറയ്ക്കുന്നു. അതേസമയം, രണ്ട് വയസ്സ് വരെയോ അതിൽ കൂടുതലോ മുലയൂട്ടൽ തുടരണം.

ഗുണങ്ങൾ

മുലപ്പാൽ കുഞ്ഞുങ്ങളെ സംബന്ധിച്ചിടത്തോളം അമൃത് തന്നെയാണ്. കുഞ്ഞിന്റെ പൂർണമായ ശാരീരിക മാനസിക വികാസത്തിന് മുലപ്പാൽ വഹിക്കുന്ന പങ്ക് വളരെ പ്രധാനമാണ്.
ദഹന നാളത്തിലെ അണുബാധകൾ (ഉദാ. വയറിളക്കവും ഛർദ്ദിയും), അറ്റോപിക്രോഗം (എക്‌സിമയും, ആസ്ത്മയും ഉൾപ്പെടെ), മൂത്രനാളിയിലെ അണുബാധ, ശ്വാസകോശ അണുബാധ, പൊണ്ണത്തടി, ടൈപ്പ് 1, 2 പ്രമേഹം, ചില അർബുദങ്ങൾ, സഡൻ ഇൻഫന്റ്‌ഡെത്ത്‌ സിൻഡ്രം (SIDS) എന്നിവക്കുള്ള സാധ്യത കുറക്കുന്നു.

മുലയൂട്ടലിന്റെ ഗുണം

മുലപ്പാൽ കുഞ്ഞിന് എത്ര പ്രധാനമാണോ അത്ര തന്നെ പ്രധാനമാണ് അമ്മമാർക്ക് മുലയൂട്ടൽ. അമ്മയുടെ മാനസിക ഉല്ലാസത്തിനും അമ്മയും കുഞ്ഞുമായുള്ള വൈകാരിക ബന്ധം വർധിക്കാനും മുലയൂട്ടൽ വളരെ സഹായകമാണ്. പ്രസവശേഷം ഗർഭപാത്രം പഴയ അവസ്ഥയിലേക്ക് ചുരുങ്ങുന്നതിൽ മുലയൂട്ടലിന് ഒരു പ്രധാന പങ്കുണ്ട്. കൂടാതെപ്രസവശേഷമുള്ള രക്തസ്രാവം കുറയ്ക്കാനും മുലയൂട്ടൽ സഹായിക്കുന്നു. പ്രസവത്തിന്‌ ശേഷം സ്വാഭാവികമായി ആർത്തവം നടക്കാൻ കാലതാമസം നേരിടാറുണ്ട്. എന്നാൽ മുലയൂട്ടൽ ആ കാലദൈർഘ്യം കുറയ്ക്കാനും അണ്ഡോത്പാദനം വേഗത്തിലാക്കാനും സഹായിക്കുന്നു. പ്രസവശേഷം സ്ത്രീകളിൽ ശരീരഭാരം കൂടുന്നത് സ്വാഭാവികമാണ്. എന്നാൽ മുലയൂട്ടുന്നതിലൂടെ ശരീരഭാരം കുറക്കാൻ സാധിക്കും. ഇതിനുപുറമേ മുലയൂട്ടൽ സ്തനാർബുദം, അണ്ഡാശയ അർബുദം എന്നിവ വരാനുള്ള സാധ്യതകൾ കുറയ്ക്കുമെന്നും പഠനങ്ങൾ തെളിയിക്കുന്നു.
അമ്മയുടെ പോഷകാഹാര നില മുലപ്പാലിന്റെ ഗുണനിലവാരത്തിലും അളവിലും നേരിട്ട്‌ സ്വാധീനം ചെലുത്തുന്നു. മുലയൂട്ടുന്ന അമ്മ സമീകൃതാഹാരം കഴിക്കേണ്ടതുണ്ട്. മുലയൂട്ടുന്ന അമ്മമാരിൽ പോഷകങ്ങൾക്ക് അധിക ഡിമാൻഡുണ്ട്.

ജലാംശം നേടുക

ഓരോ രണ്ട് മുതൽ നാല് മണിക്കൂർ വരെ മുലയൂട്ടുന്നത്‌ നിർജലീകരണത്തിന് കാരണമാകും. കുറഞ്ഞത് 8-10 ഗ്ലാസ്സ് വെള്ളമെങ്കിലും കുടിക്കുക. പാൽ ഉത്പാദനം നിലനിർത്താനും ദ്രാവകങ്ങൾ സഹായിക്കുന്നു. പാൽ, പഴച്ചാറുകൾ, സൂപ്പ്് എന്നിവ കഴിക്കുക. കാപ്പി, ചായ, കോള, ചോക്ലേറ്റ് പാനീയങ്ങൾ എന്നിവ കുറയ്ക്കുന്നതിലൂടെ കഫീൻ ഉപഭോഗം കുറയ്ക്കുക.

ഒരു ദിവസം കുറഞ്ഞത് മൂന്ന് പോഷകാഹാരം കഴിക്കുക, പ്രഭാത ഭക്ഷണം ഒഴിവാക്കരുത്.
മുലയൂട്ടുന്ന സമയത്ത് അമ്മമാർക്ക് എളുപ്പത്തിൽ വിശപ്പുണ്ടാകും. ആർ ഡി എ 2024 പ്രകാരം ഒരുകി. ഗ്രാം ശരീരഭാരത്തിന് ദിവസേനയുള്ള ഊർജത്തിന് പുറമെ, മുലയൂട്ടുന്ന സ്ത്രീകൾക്ക് യഥാക്രമം 600 കിലോ കലോറിയും 520 കിലോ കലോറിയും അധിക ഊർജം ആവശ്യമാണ്. അതിനാൽ അമ്മമാർ ഒരു ദിവസം മൂന്ന് പതിവ് ഭക്ഷണങ്ങളും രണ്ട് മുതൽ മൂന്ന് ലഘു ഭക്ഷണങ്ങളും കഴിക്കണം. ഭക്ഷണം, പ്രത്യേകിച്ച് പ്രഭാത ഭക്ഷണം ഒഴിവാക്കരുത്. ചില ലഘുഭക്ഷണ ഓപ്ഷനുകൾ – ഫ്രൂട്ട്‌സ്മൂത്തികൾ, ഒരു പിടി അണ്ടിപ്പരിപ്പ്, പച്ചക്കറികൾ, റോളുകൾ, സാൻഡ്്വിച്ചുകൾ, ഫ്രൂട്ട്‌പ്ലേറ്ററുകൾ മുതലായവ.

ഇരുമ്പ്

മുലപ്പാലിലെ അധിക ആവശ്യങ്ങൾ നിറവേറ്റാൻ ഇരുന്പ് ആവശ്യമാണ്. ആർ ഡി എ 2024 പ്രകാരം മുലയൂട്ടുന്ന അമ്മക്ക് പ്രതിദിനം 23 മി. ഗ്രാം ഇരുന്പ് ആവശ്യമാണ്. പയറുവർഗങ്ങളിലും കുരുക്കൾ, വിത്തുകൾ, പച്ച ഇലക്കറികൾ, തണ്ണിമത്തൻ, നെല്ലിക്ക, മുട്ട, ചുവന്ന മാംസം തുടങ്ങിയവയിലും ഇരുമ്പ്‌ സമ്പുഷ്ടമായി കാണുന്നു.

കാത്സ്യം, വിറ്റാമിൻ ഡി

വളരുന്ന ശിശുവിന്റെ അസ്ഥികളുടെ സാധാരണ വികാസത്തിന് കാൽസ്യം പ്രധാനമാണ്. ആർ ഡി എ 2024 പ്രകാരം മുലയൂട്ടുന്ന അമ്മക്ക് പ്രതിദിനം 1200 മി.ഗ്രാം കാത്സ്യവും 600 ഐ യു വൈറ്റമിൻ ഡിയും ആവശ്യമാണ്. കാത്സ്യത്തിന്റെ ഏറ്റവും നല്ല ഉറവിടം പാലും, പാലുത്പന്നങ്ങളായ തൈര്, ചീസ്, പനീർ, പച്ച ഇലക്കറികൾ, റാഗി മുതലായവയാണ്. വിറ്റാമിൻ ഡിക്ക് ട്യൂണ, സാൽമൺ, അയല, മുട്ടയുടെ മഞ്ഞക്കരു തുടങ്ങിയ കൊഴുപ്പുള്ള മത്സ്യങ്ങൾ ഉൾപ്പെടുത്തുക. രാവിലെ സൂര്യപ്രകാശം ഏൽക്കുന്നത്‌ നിങ്ങളുടെ വിറ്റാമിൻ ഡി ആവശ്യകത നിറവേറ്റാൻ സഹായിക്കും.

പ്രോട്ടീനുകൾ

മുലയൂട്ടുന്ന സമയത്ത്, കുഞ്ഞിന്റെ ദ്രുതഗതിയിലുള്ള വളർച്ചക്ക് പ്രോട്ടീൻ ആവശ്യകത വർധിക്കുന്നു. പ്രോട്ടീൻ സമ്പുഷ്ടമായ മുട്ട, പാൽ, പാൽ ഉത്പന്നങ്ങൾ, ചീസ്, പനീർ, ചിക്കൻ, മത്സ്യം, പയറു വർഗങ്ങൾ തുടങ്ങിയഭക്ഷണങ്ങൾ ഉൾപ്പെടുത്താം. പഞ്ചസാരയും കൊഴുപ്പും കൂടുതലുള്ള ഭക്ഷണങ്ങൾ പരിമിതപ്പെടുത്തുക

പൊട്ടറ്റോ ക്രിസ്പ്‌സ്, ചോക്ലേറ്റ്, കേക്ക്, ശീതളപാനീയങ്ങൾ തുടങ്ങിയ കൊഴുപ്പും പഞ്ചസാരയും കൂടുതലുള്ള ഭക്ഷണങ്ങൾ കുറയ്ക്കുക. ഈ ഭക്ഷണങ്ങൾ “ശൂന്യമായ’ കലോറികൾ നിറഞ്ഞതും പോഷകമൂല്യം കുറഞ്ഞവയുമാണ്.

മുലയൂട്ടുന്ന സമയത്ത് “ഡയറ്റിംഗ്’ ഒഴിവാക്കുക

മുലയൂട്ടുന്ന സമയത്തെ ഡയറ്റിംഗ്‌ നിങ്ങളുടെ പാലിന്റെ അളവും ഗുണവും കുറച്ചേക്കാം. ഗർഭാവസ്ഥയിൽ ശരീരഭാരം കുറയ്ക്കാൻ, കൊഴുപ്പും പഞ്ചസാരയും കൂടുതലുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് പരിമിതപ്പെടുത്തുക. ചില മിതമായ വ്യായാമങ്ങൾ ആഴ്ചയിൽ മൂന്ന് തവണ ഉൾപ്പെടുത്താൻ ശ്രമിക്കുക.

ഗാലക്‌റ്റോഗോഗുകളുടെ ഉപയോഗം

പാൽ ഉത്പാദനം വർധിപ്പിക്കുന്നതിനും മുലയൂട്ടൽ മെച്ചപ്പെടുത്തുന്നതിനും മേത്തി വിത്ത്, പെരുംജീരകം , വെളുത്തുള്ളി, ബദാം, ഈന്തപ്പഴം, വാഴപ്പൂവ്, ഉണങ്ങിയ ഇഞ്ചി , ബർഫി, ബജ്‌റ, പച്ച ഇലക്കറികൾ എന്നിവ വളരെ ഉപകാരപ്രദമാണ്. ദഹനത്തെ സഹായിക്കുകയും കുഞ്ഞിന് വയറുവേദന ഇല്ലാതാക്കുകയും ചെയ്യുമത്രെ.

അതേസമയം, മുകളിൽ പറഞ്ഞ ഭക്ഷണങ്ങൾ പാലുത്പാദനം വർധിപ്പിക്കുന്നു. എന്നിരുന്നാലും, ഇവ മിതമായ അളവിൽ കഴിക്കുക.

ഡയറ്റീഷ്യൻ, കമ്മ്യൂണിറ്റി നൂട്രിഷ്യൻ ഫോറം, കേരള