Kerala
ബ്രത്ത് അനലൈസര്‍: കെ എസ് ആര്‍ ടി സി ബസ്്ജീവനക്കാരുടെ നടപടി ക്രമങ്ങളില്‍ മാറ്റം വരുത്തി
ഹോമിയോ മരുന്ന് കഴിച്ച കോഴിക്കോട് ഡിപ്പോയിലെ ഡ്രൈവര്‍ ബ്രത്ത് അനലൈസര്‍ പരിശോധന പോസിറ്റീവ് ആയത് വാര്‍ത്തയായതിനു പിന്നാലെയാണ് തീരുമാനം

തിരുവനന്തപുരം | കെ എസ് ആര്‍ ടി സി ബസ്് ജീവനക്കാരുടെ ബ്രത്ത് അനലൈസര്‍ നടപടി ക്രമങ്ങളില്‍ മാറ്റം വരുത്തി. ആല്‍ക്കഹോള്‍ അംശം കണ്ടെത്തുന്നവര്‍ മരുന്ന് കഴിച്ചെന്നതാണെന്ന് അവകാശപ്പെട്ടാല്‍ വീണ്ടും പരിശോധിക്കണം. രണ്ടാമത്തെ പരിശോധനയിലും പോസിറ്റീവ് ആയാല്‍ ഡ്യൂട്ടിയ്ക്ക് നിയോഗിക്കരുത്.
ഹോമിയോ മരുന്ന് കഴിച്ച കോഴിക്കോട് ഡിപ്പോയിലെ ഡ്രൈവര്‍ ബ്രത്ത് അനലൈസര്‍ പരിശോധന പോസിറ്റീവ് ആയത് വാര്‍ത്തയായതിനു പിന്നാലെയാണ് തീരുമാനം. കോഴിക്കോട് ഡിപ്പോയിലെ ഡ്രൈവറായ ആര്‍ ഇ സി മലയമ്മ സ്വദേശി ടി കെ ഷിദീഷ് ഞായറാഴ്ച രാവിലെ മാനന്തവാടിയിലേക്ക് യാത്ര പുറപ്പെടും മുന്‍പ് ബ്രത്ത് അനലൈസര്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ ഒന്‍പത് പോയിന്റ് റീഡിംഗ് കാണിച്ചു. ഇതോടെ ഷിദീഷിനെ വാഹനം ഓടിക്കാന്‍ മേലധികാരികള്‍ അനുവദിച്ചില്ല. ഹോമിയോ മരുന്നു കഴിച്ചിട്ടുണ്ടെന്നും മദ്യം കഴിക്കാത്ത ആളാണെന്നും ഷിദീഷ് പറഞ്ഞെങ്കിലും അധികൃതര്‍ ഇത് അംഗീകരിച്ചില്ല.
തുടര്‍ന്ന് തിരുവനന്തപുരത്ത് മെഡിക്കല്‍ ബോര്‍ഡിന് മുന്നില്‍ ഹാജരാകാന്‍ ഷിദീഷിന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. തുടര്‍ന്ന് തിരുവനന്തപുരത്തെ മെഡിക്കല്‍ ബോര്‍ഡിനും വിജിലന്‍സ് ബോര്‍ഡിനും മുന്നില്‍ ഹാജരായ ഷിദീഷ് ഹോമിയോ മരുന്നുമായാണ് പരിശോധനയ്ക്ക് എത്തിയത്. ആദ്യം മരുന്ന് കഴിക്കാതെ പരിശോധന നടത്തിയപ്പോള്‍ റീഡിംഗ് പൂജ്യമായിരുന്നു.
പിന്നീട് മരുന്ന് കഴിച്ചശേഷം പരിശോധിച്ചപ്പോള്‍ റീഡിംഗ് അഞ്ച് കാണിച്ചു. ഇതോടെ മദ്യം കഴിച്ചിട്ടല്ല റീഡിംഗ് കാണിച്ചതെന്ന് ബോര്‍ഡിന് ബോധ്യപ്പെട്ടു. തുടര്‍ന്ന് നടപടി ഉണ്ടാകില്ലെന്ന് മെഡിക്കല്‍ ബോര്‍ഡ് അറിയിച്ചു. ഈ സാഹചര്യം ആവര്‍ത്തിക്കാനുള്ള സാധ്യതയുള്ളതിനാലാണ് നടപടിക്രമങ്ങള്‍ പുതുക്കിക്കൊണ്ട് പുതിയ സര്‍ക്കുലര്‍ ഇറക്കിയത്.