Connect with us

Kerala

ഭരണഘടന ഭീഷണി നേരിടുന്ന കാലത്തെ അസാധാരണ തിരഞ്ഞെടുപ്പാണ് നടക്കാന്‍ പോകുന്നതെന്ന് ബൃന്ദ കാരാട്ട്

ബിജെപി മുക്തമെന്ന എല്‍ഡിഎഫ് മുദ്രാവാക്യം ജനങ്ങള്‍ ഏറ്റെടുത്തിട്ടുണ്ട്

Published

|

Last Updated

കൊച്ചി | ബിജെപി ഭരണത്തില്‍ അസമത്വം വര്‍ധിച്ചതായി സിപിഐഎം നേതാവ് ബൃന്ദ കാരാട്ട്. ഭരണഘടന ഭീഷണി നേരിടുന്ന കാലത്തെ അസാധാരണ തിരഞ്ഞെടുപ്പാണ് നടക്കാന്‍ പോകുന്നത്. ബിജെപി ഭരണത്തില്‍ കോടീശ്വരന്‍മാരുടെ വളര്‍ച്ച വര്‍ധിച്ചു. സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതി പാര്‍ട്ടിയാണ് ബിജെപിയെന്നും ബൃന്ദ കാരാട്ട് വിമര്‍ശിച്ചു.

കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് രാഷ്ട്രീയ പകപോക്കല്‍ നടത്തുന്നതിന്റെ ഭാഗമായാണ് രണ്ട് മുഖ്യമന്ത്രിമാരെ അറസ്റ്റ് ചെയ്തത്. കേരള സര്‍ക്കാരിനെ സാമ്പത്തികമായി ഞെരുക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും ബൃന്ദ കാരാട്ട് പറഞ്ഞു.

കേരളത്തില്‍ സര്‍ക്കാര്‍ വിരുദ്ധ വികാരമില്ല. കേരള സര്‍ക്കാര്‍ തങ്ങള്‍ക്ക് വേണ്ടിയാണ് പോരാടുന്നതെന്ന് ജനങ്ങള്‍ക്ക് അറിയാം. കെ കെ ശൈലജയ്ക്ക് എതിരായ പ്രചരണത്തില്‍ യുഡിഎഫ് നേതൃത്വവും പങ്കാളികളാണ്. അവരില്‍ നിന്ന് തിരുത്തല്‍ പ്രതീക്ഷിക്കുന്നില്ല. കേരളത്തിലെ ജനങ്ങള്‍ വോട്ടിലൂടെ മറുപടി നല്‍കുമെന്നും ബൃന്ദ കാരാട്ട് പറഞ്ഞു.

ബിജെപി മുക്തമെന്ന എല്‍ഡിഎഫ് മുദ്രാവാക്യം ജനങ്ങള്‍ ഏറ്റെടുത്തിട്ടുണ്ട്. ബിജെപി വിരുദ്ധ പോരാട്ടത്തില്‍ കേരളത്തിലെ യുഡിഎഫ് എംപിമാരെ കണ്ടിട്ടില്ല. ബിജെപി വിരുദ്ധ നിലപാട് സ്വീകരിക്കുന്ന പിണറായി വിജയനെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ല എന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ചോദിക്കുന്നത്. കേരളത്തില്‍ 20ല്‍ 20 സീറ്റും ജനങ്ങള്‍ നല്‍കുമെന്നാണ് വിശ്വാസമെന്നും ബൃന്ദ കാരാട്ട് പറഞ്ഞു.

 

Latest