Kerala
ബ്രൂവറി: കുടിവെള്ളം മുടക്കി വികസനം വരേണ്ടതില്ലെന്ന് ബിനോയ് വിശ്വം
സി പി ഐ മൗനം പാലിച്ചിട്ടില്ല
തിരുവനന്തപുരം | കുടിവെള്ളം മുടക്കി വികസനം വരേണ്ടതില്ലെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഞങ്ങള്‍ വികസന വിരുദ്ധരല്ല. വികസനം വേണം. എന്നാല്‍ ഏത് വികസനവും കുടിവെള്ളത്തെ മറന്നുകൊണ്ടാകാന്‍ പാടില്ല. കുടിവെള്ളം ഉറപ്പാക്കിയിട്ടേ വികസനം വരാന്‍ പാടുള്ളൂവെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
കഞ്ചിക്കോട് ബ്രൂവറി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രി എം ബി രാജേഷുമായി നടത്തിയ കൂടിക്കാഴ്ച അദ്ദേഹം സ്ഥിരീകരിച്ചു. വിഷയത്തില്‍ മന്ത്രി എം ബി രാജേഷുമായി നടത്തിയ കൂടിക്കാഴ്ചയില്‍ എന്തിനാണ് അത്ഭുതമെന്ന് ബിനോയ് വിശ്വം ചോദിച്ചു. ഒരേ മുന്നണി, സഖാക്കള്‍, പഴയ സുഹൃത്തുക്കള്‍. കൂടിക്കാഴ്ച നടത്തിയാല്‍ എന്താണ് കുഴപ്പമെന്നായിരുന്നു ബിനോയ് വിശ്വത്തിന്റെ പ്രതികരണം.
മനുഷ്യന്റെ അടിസ്ഥാന അവകാശമാണ് കുടിവെള്ളം. സി പി ഐ മൗനം പാലിച്ചിട്ടില്ലെന്നും കുടിവെള്ളം മുടക്കിയിട്ട് വികസനം വരേണ്ടതില്ലെന്നാണ് നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.