Kerala
ബ്രൂവറി കേസ്: ചെന്നിത്തലയുടെ ഹരജിക്കെതിരെയുള്ള സര്‍ക്കാറിന്റെ ഹരജി തള്ളി
കോടതിക്ക് അന്വേഷണവുമായി മുന്നോട്ടുപോകാം; സര്‍ക്കാറിന് തിരിച്ചടി
തിരുവനന്തപുരം | സംസ്ഥാനത്ത് ഡിസ്റ്റിലറികളും ബ്രൂവറികളും അനുവദിച്ചതില്‍ ക്രമക്കേട് ചൂണ്ടിക്കാട്ടി രമേശ് ചെന്നിത്തല നല്‍കിയ ഹരജിയില്‍ സര്‍ക്കാറിന് തിരിച്ചടി. കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന ചെന്നിത്തലയുടെ ഹരജിക്കെതിരെ സര്‍ക്കാര്‍ നല്‍കിയ തടസ ഹരജിയാണ് തിരുവനന്തപുരം വിജിലന്‍സ് കോടതി തള്ളിയത്.
കേസിന്റെ രേഖകള്‍ ഹരജിക്കാരനായ രമേശ് ചെന്നിത്തലക്ക് നല്‍കണമെന്നും കോടതി ഉത്തരവിട്ടു. ഒന്നാം പിണറായി സര്‍ക്കാറിന്റെ കാലത്ത് ബ്രൂവറികളും ഡിസ്റ്റിലറികളും അനുവദിച്ചതില്‍ ക്രമക്കേടുണ്ടെന്ന് കാണിച്ചാണ് ചെന്നിത്തല വിജിലന്‍സ് അന്വേഷണത്തിന് ശ്രമിച്ചത്.
നേരത്തെ വിഷയത്തില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന അപേക്ഷ ഗവര്‍ണര്‍ തള്ളിയിരുന്നു. ഇതുമായി ബന്ധപ്പെട്ട റിട്ട് ഹരജികള്‍ ഹൈക്കോടതിയും തള്ളിയിരുന്നു. ഈ കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണ്ടന്നാണ് സര്‍ക്കാര്‍ നിലപാട് സ്വീകരിച്ചത്. ഇതാണ് വിജിലന്‍സ് കോടതി തള്ളിയത്. കോടതിക്ക് അന്വേഷിക്കാന്‍ അവകാശമുണ്ടെന്നും അന്വേഷണവുമായി മുന്നോട്ടുപോകാമെന്നും വിജിലന്‍സ് കോടതി ഉത്തരവിട്ടു. ജൂലൈ 17ന് ഈ കേസില്‍ വാദം തുടരും.