Kerala
ബ്രൂവറി: ബിനോയിയുടെ വാക്കും പഴയ ചാക്കും ഒരുപോലെയെന്ന് ചെന്നിത്തല
പഴയ കാലത്തായിരുന്നു സി പി ഐ, ഇപ്പോഴത്തെ പാര്‍ട്ടിക്ക് ആര്‍ജവമോ തന്റേടമോ ഇല്ലെന്നും വിമര്‍ശം

തിരുവനന്തപുരം | ബ്രൂവറി വിഷയത്തില്‍ സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയി വിശ്വത്തിനെതിരെ ആഞ്ഞടിച്ച് രമേശ് ചെന്നിത്തല. ബിനോയ് വിശ്വത്തിന്റെ വാക്കും പഴയ ചാക്കും ഒരുപോലെയാണെന്ന് ചെന്നിത്തല പറഞ്ഞു. സായിപ്പിനെ കാണുമ്പോള്‍ കവാത്ത് മറക്കുന്നയാളാണ് ഈ ബിനോയ് വിശ്വം. ബിനോയ് വിശ്വത്തിന്റെ വാക്കിന് ഒരു വിലയുമില്ലാതായെന്നും പഴയ സി പി ഐ അല്ല ഇപ്പോഴത്തെ സി പി ഐയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
എലപ്പുള്ളിയിലെ മദ്യനിര്‍മാണ കമ്പനിക്കെതിരെ പോരാടുമെന്ന് പറഞ്ഞിട്ട്, സി പി ഐയുടെ എം എന്‍ സ്മാരകത്തില്‍ വെച്ച് തന്നെ അദ്ദേഹത്തിന്റെ വായ മുഖ്യമന്ത്രി അടപ്പിച്ചു. അതിന് ശേഷം വാ തുറന്നിട്ടില്ല. അതുകൊണ്ട് ബിനോയ് വിശ്വത്തിന്റെ വാക്കിനൊന്നും ഒരു വിലയും ആരും കല്‍പ്പിക്കുന്നില്ല. ബിനോയിയുടെ വായ മുഖ്യമന്ത്രി അടപ്പിച്ചു. ബിനോയ് വിശ്വം പറയുന്നതൊന്നും നിങ്ങള്‍ കണക്കിലെടുക്കേണ്ട. പഴയ കാലത്തായിരുന്നു സി പി ഐ, ഇപ്പോഴത്തെ പാര്‍ട്ടിക്ക് ആര്‍ജവമോ തന്റേടമോ ഇല്ലെന്നും ചെന്നിത്തല പറഞ്ഞു.
എലപ്പുള്ളിയിലെ മദ്യനിര്‍മാണശാലയുമായി മുന്നോട്ടു പോകാന്‍ എം എന്‍ സ്മാരകത്തില്‍ വെച്ച് നടന്ന എല്‍ ഡി എഫ് മുന്നണി യോഗത്തില്‍ തീരുമാനിച്ചിരുന്നു. സി പി ഐയും ആര്‍ ജെ ഡിയും യോഗത്തില്‍ എതിര്‍പ്പറയിച്ചെങ്കിലും മുഖ്യമന്ത്രി തീരുമാനത്തില്‍ ഉറച്ചതോടെ ഇവര്‍ പിന്‍വാങ്ങിയിരുന്നു.