Kerala
പാലക്കാട്ടെ ബ്രൂവറി ഉടമകള്‍ ഡല്‍ഹി മദ്യ അഴിമതിക്കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ടവര്‍; ലൈസന്‍സ് നല്‍കരുത്: വിഡി സതീശന്‍
പ്ലാന്റുമായി മുന്നോട്ടു പോയാല്‍ കോണ്‍ഗ്രസ് സമരവുമായി ഇറങ്ങുമെന്നും സതീശന്‍
തിരുവനന്തപുരം | പാലക്കാട്ടെ ബ്രൂവറി ഡിസ്റ്റിലറി കമ്പനിക്കായി സംസ്ഥാന സര്‍ക്കാര്‍ ചട്ടങ്ങള്‍ അട്ടിമറിച്ചെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ബ്രൂവറി നടത്തിപ്പുകാരായ ഓയാസിസ് കമ്പനി ഉടമകള്‍ ഡല്‍ഹി മദ്യ അഴിമതിയില്‍ ഉള്‍പ്പെട്ടവരാണെന്നും സതീശന്‍ ആരോപിച്ചു.
കമ്പനി ഉടമ ഗൗതം മല്‍ഹോത്ര ഡല്‍ഹി മദ്യ അഴിമതിയില്‍ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. ഒരു പ്രദേശം മുഴുവന്‍ മലിനമാക്കിയതിന് കമ്പനിക്കെതിരേ പഞ്ചാബില്‍ കേസുണ്ട്.നാലു കിലോമീറ്ററോളം പ്രദേശത്താണ് കമ്പനി മലിനീകരണമുണ്ടായത്. വ്യാവസായിക മാലിന്യം കുഴല്‍ കിണര്‍ വഴി പുറന്തള്ളി. ഇത് വലിയ ജലമലിനീകരണത്തിന് കാരണമായെന്നും സതീശന്‍ പറഞ്ഞു.
കഞ്ചിക്കോട് ഈ മദ്യ നിര്‍മാണശാല നിര്‍മിക്കാന്‍ അനുവദിക്കില്ല. പാലക്കാട് ഗുരുതരമായ കുടിവെള്ള പ്രതിസന്ധിയുണ്ട്. കമ്പനിക്ക് ലൈസന്‍സ് നല്‍കാനുള്ള തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണം. പ്ലാന്റുമായി മുന്നോട്ടു പോയാല്‍ കോണ്‍ഗ്രസ് സമരവുമായി ഇറങ്ങുമെന്നും സതീശന്‍ പറഞ്ഞു